11 August, 2020 05:50:26 PM


ക്ഷേത്രങ്ങളില്‍ ചിങ്ങം ഒന്നു മുതല്‍ ദര്‍ശനം അനുവദിച്ച് ദേവസ്വം ബോര്‍ഡ്



തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളില്‍ ചിങ്ങം ഒന്നു മുതല്‍ ഭക്തര്‍ക്ക് പ്രവേശനം അനുവദിക്കാന്‍ തീരുമാനം. ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് ചേര്‍ന്ന ബോര്‍ഡ് യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. കോവിഡ് പ്രോട്ടോകോള്‍ അനുസരിച്ച്‌ കര്‍ശന വ്യവസ്ഥ നിലനില്‍ക്കെ ഭക്തരുടെ നിരന്തര ആവശ്യം കണക്കിലെടുത്താണ് ദേവസ്വം ബോര്‍ഡ് തീരുമാനമെന്ന് എന്‍ വാസു പ്രതികരിച്ചു.


പൂര്‍ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാവും ദര്‍ശനം അനുവദിക്കുന്നത്. ഒരു സമയം അഞ്ചുപേര്‍ എന്ന നിലയില്‍ ഭക്തര്‍ക്ക് ക്ഷേത്രത്തിനുള്ളിലേക്കുള്ള പ്രവേശനം ക്രമീകരിക്കും. ക്ഷേത്രത്തിനുള്ളില്‍ പ്രവേശിക്കുമ്ബോഴും ഓരോരുത്തരും പരസ്പരം ആറ് അടി അകലം പാലിക്കണം. ക്ഷേത്രത്തില്‍ എത്തുന്ന മുഴുവന്‍ ഭക്തജനങ്ങളുടെയും പേരും മേല്‍വിലാസവും ഫോണ്‍ നമ്ബരും രജിസ്റ്ററില്‍ രേഖപ്പെടുത്തും. ക്ഷേത്ര ദര്‍ശനത്തിന് എത്തുന്ന എല്ലാപേരും മാസ്‌ക് ധരിക്കണം.


സംസ്ഥാനത്ത് നിലനില്‍ക്കുന്ന കോവിഡ് 19 മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിച്ചായിരിക്കും ഭക്തരെ ക്ഷേത്രത്തിനുള്ളിലേക്ക് പ്രവേശിപ്പിക്കുക. പ്രസാദ വിതരണം ഉണ്ടാകില്ല. വിഴിപാട് പ്രസാദം പുറത്ത് വിതരണം ചെയ്യുമെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അറിയിച്ചു. ക്ഷേത്രങ്ങളിലെ വഴിപാട് നിരക്ക് വര്‍ധിപ്പിക്കാന്‍ ദേവസ്വം ബോര്‍ഡ് തത്വത്തില്‍ തീരുമാനിച്ചിട്ടുണ്ടെന്നും എന്‍ വാസു അറിയിച്ചു. ഇതിനായി നിയോഗിച്ച സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും നടപടി. പത്ത് വയസിന് താഴെയുള്ള കുട്ടികളേയും 65 വയസിന് മുകളില്‍ പ്രായമുള്ളവരേയും പ്രവേശിപ്പിക്കില്ല.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K