21 July, 2021 10:37:45 AM


കോവിഡിനെ അതിജീവിക്കാന്‍ കരുത്ത് പകരണമെന്ന പ്രാര്‍ത്ഥനയോടെ ബലി പെരുനാള്‍



തിരുവനന്തപുരം: ത്യാഗത്തിന്‍റെ ഓർമ പുതുക്കി സംസ്ഥാനത്ത് ഇന്ന് ബലി പെരുന്നാള്‍. പൊതു ഈദ് ഗാഹുകള്‍ ഉണ്ടാകില്ലെങ്കിലും പള്ളികളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പ്രാര്‍ത്ഥനകള്‍ നടക്കും. തിരുവനന്തപുരം പാളയം ജുമാമസ്ജിദിൽ പെരുന്നാൾ നമസ്കാരങ്ങൾക്ക് ഇമാം വി പി സുഹൈബ് മൗലവി നേതൃത്വം നൽകി. 


സ്ത്രീധനത്തിന്റെ പേരിൽ സ്ത്രീകൾ ക്രൂരമായി പീഡിപ്പിക്കപ്പെടുന്ന കാലമാണിതെന്നും സ്ത്രീധനം സാമൂഹിക ദുരാചാരമാണെന്ന് പെരുന്നാൾ ദിന സന്ദേശത്തിൽ വി പി സുഹൈബ് മൗലവി പറഞ്ഞു. സ്ത്രീധനം വാങ്ങി വിവാഹം കഴിക്കില്ല എന്ന് മാതാപിതാക്കളും യുവതി യുവാക്കളും മതമേധാവികളും തീരുമാനിക്കണം. ജാതി മതത്തിന് അപ്പുറമായ സൗഹൃദം നാട്ടിൽ നിലനിൽക്കണം. ലക്ഷദ്വീപ് ജനതയെ അധികാരം ഉപയോഗിച്ച് പീഡിപ്പിക്കുന്നു. ലക്ഷദ്വീപിൽ അഡ്മിനിസ്ട്രേറ്റർ നടപ്പിലാക്കുന്നത് അന്യായം. ഇത് ചോദ്യം ചെയ്യപ്പെടണം. സച്ചാർ കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കുന്നത് മുസ്ലിം സമുദായത്തിനു വേണ്ടി. എന്നാൽ ന്യൂനപക്ഷ സ്കോളർഷിപ്പിന്റെ പേരിൽ സൗഹാർദ്ദം തകർക്കരുത്. കലാകാരൻമാർ സാഹചര്യം മനസിലാക്കി ഇടപെടേണ്ടതുണ്ട്. മത സൗഹാർദത്തിൽ ഊന്നിയുളള ആവിഷ്കാര സൃഷ്ടികൾ ഇനിയും ഉണ്ടാകണമെന്നും വി പി സുഹൈബ് മൗലവി പറഞ്ഞു.

പ്രവാചകന്‍ ഇബ്രാഹിം നബിയുടേയും മകന്‍ ഇസ്മയിലിന്റേയും ത്യാഗത്തിന്റെ ഓര്‍മ പുതുക്കുകയാണ് ഇന്ന് ഓരോ ഇസ്ലാമത വിശ്വാസികളും. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ലഭിച്ച മകന്‍ ഇസ്മയിലിനെ ദൈവ കല്‍പ്പന പ്രകാരം ബലി കൊടുക്കാന്‍ ഇബ്രാഹിം നബി തീരുമാനിക്കുന്നു. എന്നാല്‍ നബിയുടെ ത്യാഗ സന്നദ്ധതയില്‍ തൃപ്തനായ ദൈവം മകനു പകരം ആടിനെ ബലി നല്‍കാന്‍ നിര്‍ദേശിച്ചു. ഈ ത്യാഗ സ്മരണയിലാണ് പെരുന്നാള്‍ ദിനത്തില്‍ ബലികര്‍മം നടത്തുന്നത്.


കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും പള്ളികളിൽ പ്രാര്‍ത്ഥന നടക്കുക. പരമാവധി 40 പേര്‍ക്ക് പങ്കെടുക്കാം. ആഘോഷങ്ങള്‍ അതിരുവിടരുതെന്ന നിര്‍ദേശമാണ് വിശ്വാസികള്‍ക്ക് മത പണ്ഡിതന്‍മാര്‍ നല്‍കുന്നത് കോവിഡിന്റെ ഈ കാലത്ത് പരമാവധി കൂടിച്ചേരലുകള്‍ ഇല്ലാതെയായിരിക്കും വീടുകളിലെ ആഘോഷം. കോവിഡിനെ അതിജീവിക്കാന്‍ കരുത്തു പകരണമെന്ന പ്രാര്‍ത്ഥനയാകും ഇത്തവണ പെരുന്നാൾ ദിനത്തിൽ മുഴങ്ങുക.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K