05 May, 2022 05:21:28 PM


ആദിശക്തിയുടെ ചലനാത്മകസ്വരൂപം

- സൂര്യന്‍ സുബ്രഹ്മണ്യന്‍ ഭട്ടതിരിപ്പാട്നൃത്താവസാനേ നടരാജ രാജോ  
നനാദ ഢക്കാം നവ പഞ്ചവാരം   
ഉദ്വര്‍ത്തുകാമോ സനകാദി സിദ്ധാ  
ദിനേതദ് വിമര്‍ശേ ശിവസൂത്രജാലം  

 
പ്രപഞ്ചത്തിന്റെ മൂലവസ്തുതന്നെയായ സദാശിവന്റെ താണ്ഡവനൃത്തത്തിന്‍റെ ഘനീഭൂതമായ അഥവാ ജഡമായ സൂക്ഷമവസ്തുവിന്റെ സ്‌ഫോടനാത്മകമായ ചലനവും തന്മൂലമുണ്ടാകുന്ന ഊര്‍ജ ബഹിസ്ഫുരണവും ആണ് ഇവിടെ പ്രതിപാദ്യമായിട്ടുള്ളത്. നടരാജരാജന്‍ തന്റെ ആനന്ദനൃത്തത്തിന്റെ പാരമ്യതയിലുണ്ടായ താളവിന്യാസത്തില്‍ തന്റെ ഢക്കയില്‍ പതിനാല് ശബ്ദ സംഘാതങ്ങളെ സനകാദികള്‍ക്ക് ശ്രവിക്കാന്‍ സാധിക്കുമാറ് പുറപ്പെടുവിച്ചു. അവയത്രേ മാഹേശ്വരസൂത്രങ്ങള്‍ എന്നു വിളിക്കപ്പെടുന്ന ശിവസൂത്രങ്ങള്‍. അവ താഴെ പറയും വിധമായിരുന്നു. ഒരു ഉടുക്കുകൊട്ടിന്റെ താളം ഇതില്‍ അവതീര്‍ണ്ണമാണ്.


(1) അ ഇ ഉണ് (2) ഋനുക് (3) ഏഓങ് (4) ഹയപരട് (5) ലണ് (6) ഞമങണനമ് (7) ഝഭഞ് (8) ഘഢധഷ് (10) ജബഗഡദശ് (11) ഖഫഛഠഥചടതവ് (12) കപയ് (13) ശഷസര് (14)ഹല്


ആദിശക്തിയുടെ ചലനാത്മകസ്വരൂപമാണ് ഈ ശബ്ദരൂപത്തിലുള്ള ഊര്‍ജപ്രവാഹം. നിരന്തരം പരിണാമം സംഭവിച്ചുകൊണ്ടിരിക്കുന്ന ഈ ഊര്‍ജസംഘാതമത്രെ സമസ്തപ്രപഞ്ചവും. സ്പന്ദരൂപത്തിലുളള ഊര്‍ജപ്രവാഹം അതിന്റെ നിരന്തരമായ ചലനംമൂലം പല അവസ്ഥകളില്‍ ഘനീഭൂതമായപ്പോള്‍ ആകാശം, വായു, അഗ്നി, ജലം, പൃഥ്വി എന്ന തരത്തില്‍ പഞ്ചമഹാഭൂതങ്ങളായി പരിണമിച്ചു. ഈ പഞ്ചമഹാഭൂതങ്ങളുടെ വിവിധ സങ്കലനങ്ങളാണ് പ്രപഞ്ചവസ്തുക്കളെല്ലാം.


ശിവന്റെ ഢക്കയില്‍നിന്ന് അവതീര്‍ണ്ണമായ സ്പന്ദങ്ങളുടെ 14 ശബ്ദസംഘാതങ്ങളില്‍ നിന്നാണ് സംസ്‌കൃതഭാഷയിലെ 51 അക്ഷരങ്ങള്‍ ഉത്ഭവിച്ചത്. പ്രപഞ്ചശക്തിയെ മുഴുവനായി പ്രതിനിധീകരിക്കുന്ന ഈ 51 ശബ്ദങ്ങളുടെ സംഘാതത്തെ ലിപിസരസ്വതിമന്ത്രം എന്ന് പറയുന്നു.


'അമ്പത്തൊന്നക്ഷരാളീകലിതതന്ദുലതേ വേദമാകുന്ന
ശാഖീക്കൊമ്പത്തന്‍പോടുപൂക്കും കുസുമതതിയിലേന്തുന്ന
പൂന്തേന്‍കുഴമ്പേ'

എന്നു തുടങ്ങുന്ന മഴമംഗലത്തിന്റെ ശ്ലോകം പ്രസിദ്ധമാണല്ലോ. ഈ 51 അക്ഷരസ്പന്ദങ്ങളും ഒറ്റക്കൊറ്റക്കും ബ്രഹ്മസ്വരൂപങ്ങളാകയാല്‍ 51 മന്ത്രങ്ങളായിട്ടും നിലകൊള്ളുന്നു. അവ ഓരോന്നും സ്വയം സമ്പൂര്‍ണ്ണങ്ങളും അതുകൊണ്ടുതന്നെ നാമരൂപങ്ങളോടുകൂടിയവയും ആകുന്നു. ഓരോ സൂക്ഷ്മസ്പന്ദങ്ങളും മന്ത്രങ്ങളായും അവ ഓരോന്നും നാമരൂപങ്ങളോടുകൂടിയ ദേവതകളായും അവതീര്‍ണ്ണമാകുമ്പോള്‍ 51 ദേവതകള്‍ പ്രകാശിതങ്ങളാകുന്നു. ബ്രഹ്മാണ്ഡപരികല്പനയില്‍ ഈ 51 സൂക്ഷ്മസ്പന്ദങ്ങളെ അഥവാ ദേവതകളെക്കൊണ്ടാണ് സൃഷ്ടി ഉണ്ടായിട്ടുള്ളത്. 


ബ്രഹ്മാണ്ഡത്തിന്റെ ഒരു കൊച്ചു പതിപ്പാണ് പിണ്ഡാണ്ഡം. പിണ്ഡാണ്ഡമാകുന്ന മനുഷ്യശരീരത്തിലും ഈ 51 മന്ത്രസ്പന്ദങ്ങള്‍ സൂക്ഷ്മതലത്തില്‍ വര്‍ത്തിക്കുന്നു. മനുഷ്യന്റെ സ്ഥൂലശരീരത്തിന്റെ അന്തര്യാമിയായിട്ടാണ് സൂക്ഷ്മശരീരത്തെ യോഗശാസ്ത്രം ദര്‍ശിക്കുന്നത്. ഗുദ ലിംഗ മദ്ധ്യസ്ഥാനത്തുള്ള മൂലാധാരസ്ഥാനവും ലിംഗമൂലസ്ഥാനത്തുള്ള സ്വാധിഷ്ഠാനവും നാഭിപ്രദേശത്തുള്ള മണിപൂരകവും ഹൃദയസ്ഥാനത്തുള്ള അനാഹതവും കണ്ഠസ്ഥാനത്തുള്ള വിശുദ്ധിയും ഭൂമദ്ധ്യത്തിലുള്ള ആജ്ഞാചക്രവും ഈ സൂക്ഷ്മശരീരത്തിന്റെ 6 ആധാരചക്രങ്ങള്‍ അഥവാ ലദ്മങ്ങള്‍ അഥവാ സ്ഥാനങ്ങള്‍ ആണ്. ഇവയെ പരസ്പരം ബന്ധിപ്പിക്കുന്ന നാഡിയാണ് സുഷുമ്‌നാനാഡി. കണ്ഠസ്ഥാനത്തുള്ള വിശുദ്ധിചക്രത്തിലാണ് അകാരാദിയായ 16 സ്വരാക്ഷരസ്പന്ദങ്ങളുടെ സ്ഥാനം. ഹൃദയപത്മത്തിലാകട്ടെ 'ക'കാരാദി 'ഠ'കാരാന്തമായ 12 വ്യഞ്ജനാക്ഷരങ്ങളുടെയും മണിപൂരകത്തില്‍ 'ഡ'കാരാദി 'ഫ'കാരാന്തമായ പത്തിന്റെയും സ്വാധിഷ്ഠാനത്തില്‍ 'ബ'കാരാദി 'വ'കാരാന്തമായ ആറിന്റെയും ഏറ്റവും താഴെയുള്ള മൂലാധാരപത്മത്തില്‍ വം, ശം, ഷം, സം എന്നീ നാലു അക്ഷരങ്ങളുടെയും ഭൂമദ്ധ്യത്തിലുള്ള ആജ്ഞാചക്രത്തില്‍ ഹം, ക്ഷം എന്നീ ശബ്ദങ്ങളുടെയും സ്ഥാനകല്‍പന ചെയ്തിരിക്കുന്നു. ഇവയുടെ ആകെത്തുകയാകുന്ന പരമാത്മചൈതന്യം ശിരസ്സില്‍ വര്‍ത്തിക്കുന്ന സഹസ്രദളപത്മത്തില്‍ പ്രണവമെന്ന നാദസ്വരൂപത്തില്‍ വിരാജിക്കുന്നു.


ബ്രഹ്മാണ്ഡമായ പ്രപഞ്ചത്തിന്റെയും പിണ്ഡാണ്ഡമായ മനുഷ്യശരീരത്തിന്റെയും ചേതനയുടെ പ്രകടീകൃതഭാവങ്ങളാണ് ഈ 51 അക്ഷരദേവതകള്‍ എന്ന് വ്യക്തമായല്ലോ.


ഈ ദേവതകളുടെ താന്ത്രിക ആവിഷ്‌കാരങ്ങളാണ് 'അ'കാരരൂപിയായ അജാമുഖി തുടങ്ങി 'ക്ഷ'കാരരൂപിയായ ക്ഷമാവതി വരെയുള്ള 51 ദേവതകള്‍. ഈ മന്ത്രദേവതകളുടെ വിവിധങ്ങളായ സംഘാതമായേ മറ്റേതൊരു ദേവതയുടെയും ഉത്പത്തിയെ ചിന്തിക്കാനാവു. അതിനാല്‍ അഖില മന്ത്രമൂര്‍ത്തികളുടെയും മാതൃസ്വരൂപം ഈ മാതൃകാക്ഷരദേവതകളാണെന്ന് നിസംശയം പറയാം. അതുകൊണ്ടായിരിക്കണം വിവിധ ദേവതകളെ ആവാഹിച്ച് സകളീകൃതമാക്കുമ്പോഴും ആ ദേവതാസ്വരൂപത്തില്‍ ഈ 51 അക്ഷരദേവതകളെയും ന്യസിക്കുന്നത്.


തന്ത്രമന്ത്രശാസ്ത്രങ്ങള്‍ അറിയുന്ന ഉപാസകര്‍ക്ക് തന്റെ സൂക്ഷ്മശരീരത്തിലും അതോടൊപ്പം സ്ഥൂലശരീരത്തിലും പ്രാണായാമാദികള്‍ക്കുശേഷം ഈ 51 അക്ഷരങ്ങളെയും ന്യസിക്കുകയും ധ്യാനിക്കുകയും വേണ്ടതുണ്ട്. അവര്‍ ദിവസേന സ്വമന്ത്രസാധനക്കു മുന്‍പായി ലിപിപ്രാണായാമം, ലിപിന്യാസം, ധ്യാനം, ജപം മുതലായവ ചെയ്യാറുണ്ട്. അതിനുശേഷമേ അവര്‍ ഗുരുപദേശക്രമത്തിലോ പാരമ്പര്യക്രമത്തിലോ ഉള്ള തന്റെ മന്ത്രത്തിന്റെ ജപഹോമാദികള്‍ ചെയ്യുന്നുള്ളു. സാധാരണക്കാരനായ ഒരു വ്യക്തിക്ക് ഇത് അത്ര സുസാദ്ധ്യമല്ല. ഇവിടെയാണ് തന്ത്രശാസ്ത്രത്തിന്റെ പ്രായോഗികപദ്ധതിയായ ക്ഷേത്രങ്ങളുടെ പ്രസക്തി. 


ഹൈന്ദവക്ഷേത്രം ഒരു ആരാധനാലയമല്ല. മറിച്ച്, ദേവാലയം ആണ്. മദ്ധയത്തില്‍ സ്ഥിതിചെയ്യുന്ന ഗര്‍ഭകുടീരവും അതിനു ചുറ്റുമുള്ള ഇന്ദ്രാദിബലിപീഠങ്ങളും അതിനു ചുറ്റുമായുള്ള ചുറ്റമ്പലവും വിളക്കുമാടവും അതിനെ ചുറ്റിയുള്ള പുറത്തെ ബലിപീഠങ്ങളും ഏറ്റവും പുറമെയുള്ള ഭൂപുരം എന്ന ചുറ്റുമതിലും ചേര്‍ന്ന പഞ്ചപ്രകാരങ്ങള്‍ ദേവന്റെ സ്ഥൂലദേഹത്തെ പ്രതിനിധീകരിക്കുന്നു. ശ്രീകോവിലിന്റെ മദ്ധ്യത്തില്‍ ഭൂമിസ്പര്‍ശം ചെയ്തു വിന്യസിക്കുന്ന ആധാരശിലയും അതിനുമീതെ നിധികുംഭവും പദ്മവും കൂര്‍മ്മവും യോഗനാളവും നപുംസകശിലയും മറ്റും സൂക്ഷ്മശരീരത്തിന്റെ ഷഡാധാരങ്ങളാകുന്ന മൂലാധാരം, സ്വാധിഷ്ഠാനം, മണിപൂരകം, അനാഹതം, വിശുദ്ധി എന്നീ ആജ്ഞാചക്രങ്ങളെ പ്രതിനിധീകരിക്കുന്നു. 


സങ്കീര്‍ണ്ണമായ ജപഹോമ പൂജാര്‍ച്ചനാ കലശാഭിഷേകാദികളായ താന്ത്രികക്രീയകളിലൂടെ ദേവന്റെ സ്ഥൂല - സൂക്ഷ്മശരീരങ്ങളെ ചൈതന്യവത്താക്കുകയും നിത്യവും നൈമിത്തികവുമായ നിരന്തര അനുഷ്ഠാനങ്ങളിലൂടെ പ്രതിഷ്ഠിതമായ ദേവചൈതന്യത്തെ പുഷ്ടിപ്പെടുത്തുകയും ചെയ്തുകൊണ്ടിരിക്കുന്നു. നിര്‍മ്മലഹൃദയനായ ഒരു ഭക്തന്‍ ക്ഷേത്രത്തിലേക്ക് പ്രവേശിക്കുമ്പോള്‍ത്തന്നെ അവിടെ പരിലസിക്കുന്ന, സ്പന്ദിക്കുന്ന ദേവചൈതന്യവുമായി ഒരു താദാത്മ്യഭാവം സംഭവിക്കുന്നു. അങ്ങനെ തന്ത്രമന്ത്രാദികള്‍ വശമാക്കിയിട്ടില്ലാത്ത സാധാരണക്കാരനും ക്ഷേത്രദര്‍ശനത്തിലൂടെ സാധകര്‍ക്ക് സാദ്ധ്യമാകുന്ന ഈശ്വരസാക്ഷാല്‍ക്കാരം സാധിക്കും.


സര്‍വ്വമന്ത്രങ്ങളുടെയും പ്രഭവശക്തിയായ മാതൃകാക്ഷരമൂര്‍ത്തികളായ 51 അക്ഷരദേവതകളെ പ്രത്യേകം വിന്യസിച്ച് താന്ത്രികമായ പ്രാണപ്രതിഷ്ഠാദി കലശാഭിഷേകങ്ങളോടെ പ്രതിഷ്ഠിക്കുന്നത് സാധകര്‍ക്കു മാത്രം സുസാദ്ധ്യമായ പ്രപഞ്ചമാതൃശക്തിയുടെ സമ്പൂര്‍ണ്ണ സാക്ഷാല്‍ക്കാരം സാധാരണ ഭക്തനും പ്രാപ്യമാക്കുക എന്ന ഉദ്ദേശത്തോടെ ആണ്.
Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K