05 May, 2022 05:44:23 PM


അഘോരി സന്യാസിവിദ്യയുടെ അപാരതകള്‍

- പള്ളിക്കല്‍ സുനില്‍



ഭാരതത്തിലെ അഘോരിസന്യാസി സമ്പ്രദായത്തിനു 5000 വര്‍ഷത്തിലധികം പഴക്കമുണ്ട്. സന്യാസനിഷ്ഠ കൊണ്ടും ആചാരങ്ങള്‍കൊണ്ടും, മറ്റ് സന്യാസ സമ്പ്രദായങ്ങളെ അപേക്ഷിച്ചും ഈ മാര്‍ഗം വളരെ വ്യതസ്തത പുലര്‍ത്തുന്ന ഒന്നാണ്.
അഘോരികളുടെ മന:ശശക്തി അപാരമാണ്. മന്ത്ര-തന്ത്ര സിദ്ധികള്‍ കൈവരിച്ച ഒരു സാധകനു ആകാശത്തില്‍ നിന്നു സൂര്യകിരണങ്ങള്‍ വരെ ആവാഹിച്ച് അതുകൊണ്ടു അഗ്‌നികുണ്ഡം ജ്വലിപ്പിക്കാന്‍ സാധിക്കും. ആകാശത്തില്‍ മഞ്ഞു മഴപെയ്യിക്കാനും മൂടല്‍മഞ്ഞുകൊണ്ടു മറ സൃഷ്ടിക്കുവാനും ഇവര്‍ക്കു കഴിവുണ്ട്.


എരിയുന്ന തീയില്‍ക്കൂടി നടക്കുക, ആളിക്കത്തുന്ന അഗ്‌നിയില്‍ കിടക്കുക, ത്രിശൂലത്താല്‍ ആഞ്ഞുകുത്തിയാലും രക്തം വരാതിരിക്കുക തുടങ്ങിയ വിദ്യകള്‍ മിക്കവര്‍ക്കും അറിയാം. ഘടികാരം സ്തംഭിപ്പിക്കുക, വസ്ത്രം തനിയെ കീറുക. അതു കത്തിക്കുക. ഒരാളുടെ ധമനികള്‍പൊട്ടിച്ച് രക്തം ഒഴുക്കുക തുടങ്ങിയ പ്രയോഗങ്ങളൊക്കെ ഏകാഗ്രമാക്കിയ മനസ്സിന്റെ അപാരമായ മന്ത്രസിദ്ധികളും ഇഛാശക്തിയും ക്രിയാശക്തിയും യോജിക്കുമ്പോള്‍ സാദ്ധ്യമാണെന്നു അഘോരികള്‍ സമര്‍ത്ഥിക്കുന്നു.


വളരെ പഴക്കമുള്ള ശൈവസമ്പ്രദായശാഖയാണ് അഘോരികളുടേത്. യാഥാസ്ഥിതിക സനാതന രീതികളില്‍ നിന്നും വളരെ വ്യത്യസ്തമായ ഒരു ശാഖ ആകയാല്‍ പ്രസിദ്ധിയ്ക്കു പകരം കുപ്രസിദ്ധിയാര്‍ജ്ജിച്ചു എന്നു മാത്രം.


അഥര്‍വവേദത്തില്‍ പ്രതിപാദിച്ചിട്ടുള്ള നിഗൂഢമന്ത്രങ്ങളെ മനനം ചെയ്തു വികസിപ്പിച്ചെടുക്കാതെ പുരാതനകാലത്ത് ഋഷിവര്യന്മാര്‍ വിട്ടുകളയുകയാണ് ചെയ്തത്. വേദമന്ത്രങ്ങള്‍ ദുരുപയോഗം ചെയ്യാതിരിക്കാനാണ് ഈ മുന്‍കരുതല്‍ അവര്‍ എടുത്തത്. അഥര്‍വവേദത്തെ അധമമാണെന്ന് കണക്കാക്കി വേര്‍തിരിച്ചു നിര്‍ത്തിയതും ഇതുകൊണ്ടാണ്.


പക്ഷെ, കാര്യ സാദ്ധ്യത്തിനും, സ്വാധീനത്തിനും വഴങ്ങി ക്ഷിപ്രകോപികളായ ചില മുനിശ്രേഷ്ഠന്മാര്‍ ഈ മന്ത്രങ്ങളെ മനനം ചെയ്തു ശിഷ്യന്മാര്‍ക്ക് ഉപദേശിച്ചു കൊടുത്തു. ഈ ശിഷ്യപരമ്പരകളില്‍ നിന്നാണ് അഘോരികള്‍ ഉണ്ടായത്. അഘോരികള്‍ അവരുടെ പരമ ഗുരുവായി ഇപ്പോള്‍ ആരാധിക്കുന്നത് യോഗിനി ഭൈരവി ബ്രാഹ്മിണിയെ ആണ്. തന്ത്രവിദ്യയിലെ 64 തന്ത്രങ്ങള്‍ ശ്രീരാമകൃഷ്ണപരമഹംസന് ഉപദേശിച്ചു കൊടുത്തത് ഈ യോഗിനിയമ്മയാണ്.


യഥാര്‍ത്ഥ ആഘോരികളെ അവരുടെ തേജസ്സില്‍ നിന്നും മനസ്സിലാക്കാം. തീക്ഷ്ണമായ ദൃഷ്ടിയും, കടഞ്ഞെടുത്ത പോലെയുള്ള ദേഹപ്രകൃതിയും, ഉറച്ച കാല്‍വെപ്പും, കമണ്ഡലുവും ത്രിശൂലവും കൈയിലേന്തി നീങ്ങുന്ന ആഘോരികളെ ഒരിക്കല്‍ കണ്ടാല്‍ പിന്നെ മറക്കുകയില്ല. ആരെയും അവര്‍ ശ്രദ്ധിക്കാറുമില്ല. അമാനുഷികശക്തികള്‍ പൊതുവേദികളില്‍ പ്രദര്‍ശിപ്പിക്കാനോ, പ്രഭാഷണം നടത്താനോ ഇക്കൂട്ടര്‍ ഒരിക്കലും തയ്യാറാകില്ല.


ശ്രീ പരമേശ്വരന്‍ പാര്‍വ്വതീദേവിക്ക് ഉപദേശിച്ചു കൊടുത്ത കുണ്ഡലിനീയോഗവിദ്യ !


ശക്തിയുടെ ഉറവിടം ബോധമാണ്. ബോധത്തിന്റെ സ്പന്ദനം ആരംഭിച്ചാല്‍ ശക്തിയുടെ ഉദയമായി. സ്പന്ദനം നിലച്ചാല്‍ ശക്തിയില്ലാതാകുന്നു. വികാരരൂപമായ മനസ്സ് ഏകാഗ്രമാകുമ്പോള്‍ പ്രാണസ്വരൂപിണിയായ കുണ്ഡലിനീ ഉയരും. മനസ്സ് സത്യബോധത്താല്‍ ഏകാഗ്രമാകുമ്പോള്‍ ശരീരത്തിനുള്ളില്‍ വ്യാപിക്കുന്ന പ്രാണപ്രസരണമാണു കുണ്ഡലിനീശക്തി.


കുണ്ഡലിനീ ഉണര്‍ന്നാല്‍ അപാരമായ സിദ്ധികളിലേക്കു കടക്കാം. ഏകാഗ്രത കടുത്തതാകുമ്പോള്‍ ദേഹത്താസകലമുള്ള പ്രസരമുപേക്ഷിച്ച് പ്രാണന്‍ മധ്യനാഡിയായ സുഷുമ്‌നയിലേക്കു പ്രവേശിക്കുന്നു. ഈ ശക്തി സഹസ്രാര പത്മത്തിലെത്തുമ്പോള്‍ സാധകന്‍ സാധനസിദ്ധിയുടെ ഉത്തുംഗശൃംഗത്തില്‍ വിരാജിക്കുന്നു. പ്രാണസാക്ഷാല്‍ക്കാരമാണു കുണ്ഡലിനീ യോഗം. സാധകനു സ്വന്തം ശരീരത്തില്‍ തന്നെ അനുഭവിച്ചറിയാന്‍ കഴിയുന്ന പ്രപഞ്ചശക്തിയാണു കുണ്ഡലിനീ.
കുണ്ഡലാകൃതിയില്‍ കിടക്കുന്ന ശക്തി മൂലാധാരത്തില്‍ നിന്ന് സഹസ്രാരപത്മത്തിലെത്തുമ്പോള്‍ ആയിരം തരംഗങ്ങള്‍ അനന്തന്‍ എന്ന സര്‍പ്പത്തെപ്പോലെ അനന്തതയുടെ സ്വരൂപമായി ഫണം വിടര്‍ത്തിയാടുന്നു. അതിന്റെ മധ്യം ശയ്യയാക്കി പരമാത്മായ വിഷ്ണുരൂപം വിരാജിക്കുന്നു.


മദ്യം, ഭാംഗ്, കഞ്ചാവ് തുടങ്ങിയ ലഹരിവസ്തുക്കളും മാംസഭക്ഷണവും അഘോരിമാര്‍ഗത്തില്‍ അനുവദനീയമാണ്. വീര്യം കുറഞ്ഞ പോഷകമൂല്യമുള്ള സോമരസവും ഇവര്‍ക്കു പഥ്യമാണ്. പക്ഷേ എല്ലാം നിയന്ത്രിതമാണ്. രക്തപാനവും ചിലപൂജാവസരങ്ങളില്‍ ഇവര്‍ ആസ്വദിക്കുന്നു. മൃഗബലിയും ചില അവസരങ്ങളില്‍ പതിവുണ്ട്.


സൂര്യന്റെ ഊര്‍ജ്ജവും ശുദ്ധജലവുംകൊണ്ട് എത്രനാള്‍ വേണമെങ്കിലും ഇവര്‍ക്കു കഴിയാനാവും. അഘോരികള്‍ രാത്രി ഉറങ്ങാറില്ല. സന്ധ്യാവന്ദനം 5 നേരത്തും കൃത്യമായി ചെയ്യും. സൂര്യാരാധന വളരെ കൃത്യതയോടെ അനുഷ്ഠിക്കും. തന്ത്രസാരത്തിലെ വിധിപ്രകാരം ഷഡംഗധ്യാനം ചെയ്ത് ഇടതുകയ്യില്‍ ജലമെടുത്ത് വലതു കൈകൊണ്ടു അടച്ചുപിടിക്കുന്നു. പിന്നെ ഹം യം രം ലം വം എന്നീ ബീജാക്ഷരങ്ങളുടെ മന്ത്രം ജപിക്കുന്നു.


അതിനുശേഷം ആ ജലം മന്ത്രോച്ചാരണത്തിനിടയില്‍ 7 പ്രാവശ്യം തലയില്‍ തളിക്കുന്നു. ശേഷിച്ച ജലംകൊണ്ടു ആദിത്യനെ ധ്യാനിക്കുന്നു. പ്രഭാതവന്ദനം കഴിഞ്ഞാല്‍ പിന്നെ ഉച്ചവരെ കിടന്നുറങ്ങും. ആര്‍ഷഭാരതഗ്രന്ഥങ്ങളും നവീന ശാസ്ത്രഗ്രന്ഥങ്ങളും നിത്യവായനയില്‍പ്പെടും. കടുത്ത മഞ്ഞുകാലത്തു ഹിമ സാമ്രാജ്യത്തിലൂടെ സഞ്ചരിച്ച് മംഗോളിയവരെ ചെന്നെത്താറുണ്ട്. കുറെക്കാലം അവിടെതങ്ങും. മധ്യ ടിബറ്റിലെ ഗുഹകളിലും ഇവര്‍ താമസിക്കാറുണ്ട്. ടിബറ്റന്‍ ലാമമാരുമായി അഘോരികള്‍ക്ക് നല്ല ബന്ധമുണ്ട്. അഘോരികളില്‍ നിന്നാണു ലാമമാര്‍ പ്രകൃതിശക്തിയെ വെല്ലുന്ന സിദ്ധികള്‍ കൈവരിച്ചത്.


അരുണാചലിലേയും ബര്‍മ്മയിലേയും വനാന്തരങ്ങളിലും ഇവര്‍ക്കു താവളങ്ങളുണ്ട്. പാസ്‌പോര്‍ട്ടും വീസയുമൊന്നും ഇവര്‍ക്കാവശ്യമില്ല. അഘോരികളെ ഒരാളും തടയില്ല. തടഞ്ഞാല്‍ കളി കാര്യമാകും. കുറച്ചു വര്‍ഷം മുന്‍പ് കാശിയിലുണ്ടായ ഒരു സംഭവം മാധ്യമശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. കേന്ദ്ര സുരക്ഷാ ഭടന്മാരായിരുന്നു അന്നു കാശി വിശ്വനാഥ ക്ഷേത്രത്തിലേക്കുള്ള പ്രവേശനമാര്‍ഗത്തിലെ സെക്യുരിറ്റി. ഭക്തജനങ്ങളുടെ കൈവശമുള്ള താക്കോല്‍ക്കൂട്ടം തുടങ്ങി പേന വരെ അന്ന് അവര്‍ അനുവദിച്ചിരുന്നില്ല. പെരുമാറ്റവും മോശമായിരുന്നു. ത്രിശൂലങ്ങളും മറ്റും കയ്യിലേന്തിവന്ന ഒരുകൂട്ടം അഘോരികളോടു സഭ്യമല്ലാത്ത രീതിയില്‍ സെക്യുരിറ്റിക്കാര്‍ പെരുമാറിയപ്പോള്‍ അഘോരികള്‍ പ്രതികരിച്ചു. ഉന്തും തള്ളും വരെയുണ്ടായി.


ഉടനെ അവരുടെ ഗുരു എന്തോ ജപിച്ച് കൈകൊണ്ടു വായുവില്‍ വീശിയപ്പോള്‍ സെക്യുരിറ്റിക്കാര്‍ നിശ്ചലരായി നിന്നുപോയി! അഘോരികള്‍ ഉള്ളിലേക്കു പോവുകയും ചെയ്തു. പൂജാരി പണ്ഡിറ്റുമാര്‍ വന്ന് മാപ്പുപറഞ്ഞ ശേഷമാണു അവരെ സ്വതന്ത്രരാക്കിയത്.


ഈ മായാപ്രപഞ്ചത്തിന്റെ നശ്വരത മനസ്സിലാക്കി ചില വിജ്ഞാനികള്‍ പ്രകൃതിയോടിണങ്ങി ജീവിക്കുന്നതാണ് ഉത്തമമെന്ന് തീര്‍ച്ചയാക്കിയതിന്റെ ഫലമായാണ് അഘോരിമാര്‍ഗം രൂപപ്പെട്ടത്. ജനിച്ചദിവസം മുതല്‍ തുടങ്ങുന്ന ദുരിതം മരണം വരെയും മനുഷ്യനെ പിന്തുടരുന്നു. സുഖദുഃഖ സമ്മിശ്രമാണു ജീവിതമെന്നു പറയാമെങ്കിലും സുഖം വളരെക്കുറവു തന്നെ. വിവാഹം, സന്താനങ്ങള്‍, ജോലി, സാമ്പത്തികം, ജരാനര തുടങ്ങിയ മഹാചുഴികളില്‍ക്കിടന്നു നട്ടം തിരിയുകയാണ്. ഇതൊന്നുമില്ലാത്ത ഒരു ലോകമാണു അഘോരികള്‍ വിഭാവനം ചെയ്യുന്നത്. ആനന്ദംകൊണ്ടുമാത്രമേ മറ്റൊരു ശ്രേഷ്ഠലോകത്ത് എത്തിച്ചേരാന്‍ കഴിയൂ.


ഭാരതത്തിലെ മറ്റു സന്യാസി സമ്പ്രദായങ്ങളിലും ജീവിതത്തോടുള്ള വിരക്തി തന്നെയാണു പ്രതിഫലിക്കുന്നത്. ഇനിയൊരു ജന്മമെടുക്കാതെ ബ്രഹ്മത്തില്‍ ലയിക്കണം എന്നാണെങ്കില്‍ ലഭിച്ച മനുഷ്യജന്മത്തില്‍ അതു സാധിച്ചെടുക്കാവുന്ന സന്യാസിമാര്‍ എത്രയോ വിരളമാണ്.


ബ്രഹ്മവാദം, കാലവാദം, നിയുക്തവാദം, ശക്തിവാദം തുടങ്ങിയ പുരാണ തന്ത്ര-മന്ത്രവാദങ്ങള്‍ അഘോരമാര്‍ഗത്തിന്റെ അടിസ്ഥാന തത്വങ്ങളില്‍ പെട്ടതാണ്. അഘോരം ശിവന്റെ പഞ്ചമുഖങ്ങളില്‍ തെക്കോട്ടു തിരിഞ്ഞിരിക്കുന്ന മുഖത്തിന്റെ പേരാണ്.


ഈശാനം, തത്പുരുഷം, വാമദേവം, സദ്യോജാതം എന്നിവയാണു മറ്റുമുഖങ്ങള്‍. ഘോരം രുദ്രനാണ്. അഘോരം ശിവനും. രണ്ടും അഗ്‌നിയുടെ രൂപങ്ങളാണ്. അഗ്‌നിയില്‍ നിന്നാണു പ്രപഞ്ചം ഉത്ഭവിച്ചത്. അഘോരി എന്നാല്‍ ശൈവന്മാരില്‍ ഒരിനം എന്നര്‍ത്ഥം. പ്രകൃതി ശക്തിയെ അറിയുക, പിന്നെ മന്ത്ര-തന്ത്രങ്ങളില്‍ക്കൂടി ആ ശക്തിയെ സ്വന്തം വരുതിയിലാക്കാന്‍ പഠിക്കുക.


ഓം... ക്ലിം.. ക്ലിം.. സിദ്ധി.. നമ: രുദ്ര... രുദ്രസ്ഥാപയ എന്നുതുടങ്ങുന്ന അടിസ്ഥാന മന്ത്രജപത്തില്‍ക്കൂടി അഗ്‌നിയെ വരുതിയിലാക്കുന്ന അഘോരികള്‍ വിവിധമന്ത്രോപാസനയില്‍ക്കൂടി സിദ്ധി-സാധനയുടെ പരമോന്നതിയിലെത്തുന്നു
ഹ്രീം സ്ഫുര സ്ഫുര പ്രസ്ഫുര പ്രസ്ഫുര ഘോര ഘോരതര താനൂരൂപ... എന്നുതുടങ്ങുന്ന അഘോരമന്ത്രം 51 അക്ഷരങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ്. ഓരോ അക്ഷരവും 51 ലക്ഷം വീതം ജപിച്ചാല്‍ മാത്രമേ മന്ത്രസിദ്ധി കൈവരുകയുള്ളൂ. ഹ്രീം എന്ന ബീജമന്ത്രം കൊണ്ട് പാര്‍വ്വതിദേവിയെ ഉപാസിക്കുന്നവരാണു അഘോരികള്‍.


ഹ കാരം രാ കാരം ഈ കാരം ഇവ മൂന്നും ചേര്‍ന്നാണു ഹ്രീംകാരമെന്ന ഗൗരീബീജമന്ത്രം ഉണ്ടായത്. ഹ കാരം ര കാരം സദ്രൂപ -ചിദ്രൂപ ശിവസംബന്ധമാണെങ്കില്‍ ഈ കാരം ആനന്ദ കാമ പ്രദായകമാണ്. അഘോരികള്‍ ഒരുമാസത്തില്‍ 3 ലക്ഷം തവണ വരെ ഗൗരീബീജാക്ഷരമന്ത്രം ജപിക്കും.


ഓം ഹ്രീം സ്വാഹാ എന്നു ജപിച്ച് ബ്രഹ്മജ്ഞാനം നേടുന്ന ഇവര്‍ക്ക് അഭീഷ്ടസിദ്ധി ലഭിക്കുമെന്നാണു പറയുന്നത്. ത്രാടക പ്രയോഗം അനുഷ്ടിച്ചു കഴിഞ്ഞ ഒരു അഘോരിയുടെ കണ്ണുകള്‍ തീജ്വാല പോലെ ജ്വലിച്ചുനില്‍ക്കും. മഹാമൃത്യുജ്ഞയ മന്ത്രം, ശ്രീചക്രം, വിജയശാലിനി മന്ത്രശക്തി, കല്‍പനാ യോഗസിദ്ധി, ഖേചരീ വിദ്യാ, കുണ്ഡലിനി ശക്തിയെ ഉണര്‍ത്തല്‍ തുടങ്ങിയവ അഘോര തന്ത്ര-മന്ത്രത്തിലെ അനുപമമായ സിദ്ധികളില്‍പ്പെടുന്നു. ക്രിയായോഗത്തിലും ഹഠയോഗത്തിലും പ്രാവിണ്യം നേടുന്ന അഘോരികള്‍ ക്രിയായോഗത്തിലെ രാജയോഗത്തില്‍ സാക്ഷാത്ക്കാരം നേടുന്നവരാണ്.


അഘോരികള്‍ക്കിടയില്‍ വളരെ കുറച്ചു പേര്‍ക്കു മാത്രമേ ഖേചരീ വിദ്യ സ്വായത്തമായിട്ടുള്ളൂ. ഖ എന്നാല്‍ ആകാശം വായ്ക്കുള്ളിലെ അണ്ണാക്കാണു ആകാശം. ഇതിനെ ബ്രഹ്മരന്ത്രം എന്നും പറയും. നാക്കു കൊണ്ടു അണ്ണാക്കിന്റെ മേല്‍ഭാഗം തുഴഞ്ഞു തുഴഞ്ഞ് തലയോടു വരെ ദ്വാരമുണ്ടാക്കും. അണ്ണാക്കില്‍ വിരല്‍ കടത്തി പരിശോധിച്ച് അണ്ണാക്കിന്റെ അടിഭാഗംചുരണ്ടി ആജ്ഞാചക്രത്തേയും സഹസ്രാരത്തേയും ഭേദിക്കുന്നു. ഇതാണു ഖേചരീ പ്രയോഗം. ഇതുനേടാന്‍ ചുരുങ്ങിയതു 15 വര്‍ഷത്തെ കഠിനപ്രയത്‌നം തന്നെവേണം. വിരല്‍ സഹസ്രാരത്തെ സ്പര്‍ശിച്ചാല്‍ ഖേചരീവിദ്യ പൂര്‍ണ്ണമായി. പിന്നെ സര്‍വ്വത്ര ആനന്ദമാണ്. അമാനുഷികമായ കഴിവുകള്‍ സാധകനു കൈവരിക്കുകയും ചെയ്യാം.


അഘോരികള്‍ മരണം പോലും മുന്‍കൂട്ടി അറിയുന്നു. സമയമാകുമ്പോള്‍ ആത്മബലിദാനം അല്ലെങ്കില്‍ ചിരസമാധി എന്ന മാര്‍ഗം ഉപയോഗിക്കുന്നു. അടുത്ത ശിഷ്യനെയും കൂട്ടി നിബിഡ വനത്തിലോ ഹിമാലയത്തിലേക്കോ യാത്രപോയി, തന്റെ ഇന്ദ്രീയശക്തികള്‍ ശിഷ്യന് കൊടുത്തശേഷം നിത്യസമാധിയില്‍ ലയിക്കുന്നു. സമാധിയായ ഗുരുവിന്റെ തലയോട്ടി ശിഷ്യന് അവകാശപെട്ടതാണ്.


അഘോര സന്യാസ രീതിയുടെ അപാരതകളെ കുറിച്ചു വിവരിച്ചെഴുതാന്‍ ധാരളമുണ്ട്. അഘോരി സമ്പ്രദായവുമായി ബന്ധപ്പെട്ട ഹഡയോഗവിദ്യ, കുണ്ഡലിനീ ശക്തിയെ ഉദ്ദീപിപ്പിക്കല്‍, രസമണി... തുടങ്ങിയ രഹസ്യവിദ്യകള്‍ സ്വായത്തമാക്കാനും അവ പരീക്ഷിച്ച് ജീവിതം മാറ്റി മറിയ്ക്കുന്നതിനുമുള്ള നിഗൂഢ മന്ത്രങ്ങളും രഹസ്യ വിദ്യകളും സ്വായത്തമാക്കിയവരുടെ ശിഷ്യന്മാര്‍ ഇന്നുമുണ്ട്. പക്ഷേ, സമീപിക്കുന്നവരെല്ലാം ഒരനുഷ്ഠാനമായി ഇതേറ്റെടുക്കാന്‍ തയ്യാറാകില്ല. ഭൗതീക സുഖത്തിനു വേണ്ടി അലയുന്നവര്‍ക്ക് താളിയോലരഹസ്യങ്ങളിലെ ഇത്തരം മഹാവിദ്യകള്‍ അഭ്യസിക്കാന്‍ ജാതകപ്രകാരം യോഗമുണ്ടോ എന്നു കൂടി അപഗ്രഥിക്കേണ്ടതുണ്ട്.


ഇവരുടെ ഒരു സംഘം വിഴിഞ്ഞം വെങ്ങാനൂര്‍ പൗര്‍ണമിക്കാവ് ദേവീക്ഷേത്രത്തില്‍ മെയ് 6 മുതല്‍ 16 വരെ നടക്കുന്ന യാഗത്തില്‍ പങ്കെടുക്കുന്നു എന്നത് ചരിത്രസംഭവം ആണ്.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K