05 May, 2022 05:29:41 PM
മഹാകാളികായാഗവും ശാസ്ത്രവും
- ഉല്ലാസ് ശ്രീധര്‍

'ചന്ദ്രനില്‍ കാലുകുത്തിയ ശാസ്ത്രയുഗത്തിലും ദൈവത്തില്‍ വിശ്വസിക്കണോ എന്നാണ് ചില പുരോഗമനവാദികള്‍ ചോദിക്കുന്നത്. ചന്ദ്രനിലേക്ക് ആളെ പറഞ്ഞയക്കാന്‍ കഴിയുന്ന എന്നെപ്പോലുള്ള പല ശാസ്ത്രജ്ഞരും ദൈവത്തില്‍ വിശ്വസിക്കുന്നവരാണ്.' മഹാകാളികായാഗത്തിന്റെ ശാസ്ത്രീയതയെ കുറിച്ച് സംസാരിക്കുകയാണ് ഐ.എസ്.ആര്‍.ഒയുടെ മുന്‍ ചെയര്‍മാനായ ജി.മാധവന്‍ നായര്‍.
ഓം വന്ന വഴിയും ഭാരതീയ ആത്മീയതയും
ഈപ്രപഞ്ചം വലിയൊരു ശൂന്യതയായിരുന്നു. ഈ ശൂന്യതയില്‍ നിന്നാണ് ലക്ഷക്കണക്കിന് വര്‍ഷങ്ങള്‍ക്കുമുമ്പ് ബിഗ്ബാംഗ് ഉണ്ടായത്. ബിഗ്ബാംഗിലൂടെയാണ് കോടാനുകോടി നക്ഷത്രങ്ങളും ഗ്രഹങ്ങളും സൃഷ്ടിക്കപ്പെട്ടത്. ഈ കാണുന്ന പ്രപഞ്ചസൃഷ്ടിക്ക് കാരണമായ ബിഗ്ബാംഗിന്റെ ശബ്ദം ഓം എന്ന് ശാസ്ത്രം കണ്ടെത്തിയിരിക്കുന്നു.

സൂര്യന്റെ പ്രഭവകേന്ദ്രത്തില്‍ നിന്ന് രശ്മികള്‍ പുറപ്പെടുന്നത് ഓംഎന്ന ഹുങ്കാരശബ്ദത്തോടെയാണെന്നും ശാസ്ത്രം കണ്ടെത്തി. ഇവിടെയാണ് ഭാരതത്തിന്റെ ഋഷിശ്വരന്‍മാരുടേയും ആത്മീയതയുടേയും മഹത്വം മനസിലാക്കേണ്ടത്. ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഓം എന്ന ശബ്ദത്തെ മന്ത്രമായി കണ്ട മനീഷികളാണ് ഭാരതത്തിലെ സന്യാസികള്‍. ഓം എന്ന പരബ്രഹ്മമാണ് ഭാരതീയ ആത്മീയതയുടെ അടിത്തറ.
ഒരു ശാസ്ത്രസാങ്കേതികതയും ഇല്ലാതിരുന്ന അക്കാലത്തെ ഋഷിമാര്‍ കണ്ടെത്തിയ സൗരയൂഥകണക്കുകളും ഇന്നത്തെ ആധുനികകമ്പ്യൂട്ടറുകള്‍ കണ്ടെത്തിയ സൗരയൂഥകണക്കുകളും തമ്മില്‍ നേരിയ വ്യത്യാസം മാത്രമാണുള്ളത്. ഇന്ത്യയിലെ ഋഷിമാര്‍ കണ്ടെത്തിയ നവഗ്രഹങ്ങളില്‍ നിന്നാണ് ലോകരാജ്യങ്ങള്‍ ബഹിരാകാശപഠനം തുടങ്ങിയത്. ഇന്നും നവഗ്രഹങ്ങളെ ചുറ്റിപ്പറ്റിയാണ് ബഹിരാകാശപഠനം നടക്കുന്നത്. ഗ്രഹങ്ങളുടെ സഞ്ചാരവും അകലവും വലിപ്പവും സൂര്യഗ്രഹണവും ചന്ദ്രഗ്രഹണവും ഭാരതത്തിലെ സന്യാസിമാര്‍ എങ്ങനെ ഇത്ര കൃത്യമായി കണ്ടെത്തി എന്നുള്ളതില്‍ നാസയ്ക്കുപോലും അതിശയമാണ്. ഇന്ത്യയിലെ സന്യാസിമാര്‍ കണ്ടെത്തിയ ശാസ്ത്രസത്യങ്ങള്‍ ശരിയാണോ എന്നറിയാനുള്ള പരീക്ഷയും പരീക്ഷണങ്ങളുമാണ് ആധുനിക സയന്‍സ് ചെയ്തുകൊണ്ടിരിക്കുന്നതെന്ന് ആലങ്കാരികമായി പറയാം.
ചന്ദ്രനില്‍ ജലത്തിന്റെ സാന്നിദ്ധ്യം ചന്ദ്രയാന്‍ സ്ഥിരീകരിക്കുന്നതിന് മൂവായിരം വര്‍ഷങ്ങള്‍ക്ക് മുമ്പേ ചന്ദ്രനിലും ചൊവ്വയിലും ജലത്തിന്റെ സാന്നിദ്ധ്യമുണ്ടെന്ന് ഇന്ത്യയിലെ ഋഷിമാര്‍ പറഞ്ഞിട്ടുള്ളത് ഇതിന് ഒരു ഉദാഹരണമാണ്. മനസ് ഇല്ലാതെ മനുഷ്യന്‍ ഇല്ലാത്തതുപോലെയാണ് ദൈവമില്ലാത്ത പ്രപഞ്ചവും. അരൂപി യായ മനസ് ശരീരത്തെ നിയന്ത്രിക്കുന്നതുപോലെയാണ് അരൂപിയായ ദൈവം പ്രപഞ്ചത്തെ യും നിയന്ത്രിക്കുന്നത്. ശൂന്യതയില്‍നിന്ന് ഭൂമിയുള്‍പ്പെടുന്ന പ്രപഞ്ചത്തെ സൃഷ്ടിച്ചത് ദൈവ ത്തിന്റെ അദൃശ്യസാന്നിദ്ധ്യമാണ്.
പ്രപഞ്ചത്തെകുറിച്ച് ആധുനികശാസ്ത്രം ഇന്നും പൂര്‍ണ്ണമായി പഠിച്ചിട്ടില്ല. ശാസ്ത്രലോകം കണ്ടതിന്റെ എത്രയോ ഇരട്ടി ഇന്നും ഇരുട്ടിലാണ്. അപൂര്‍ണ്ണമായ ഇരുട്ടില്‍ മുങ്ങിയ, കണ്ടെത്താന്‍ കഴിയാത്ത പ്രപഞ്ചത്തിന്റെ ശാസ്ത്രം വിളിക്കുന്നത് ദൈവത്തിന്റെ ഭാഗമെന്നാണ്. മനുഷ്യന്‍ ചന്ദ്രനില്‍ കാല് കുത്തിയ ശാസ്ത്രയുഗത്തിലും ദൈവത്തില്‍ വിശ്വസിക്കണോ എന്നാണ് പുരോഗമനവാദികളായ ചിലര്‍ ചോദിക്കുന്നത്. ചന്ദ്രനിലേക്ക് ആളിനെ പറഞ്ഞയക്കാന്‍ കഴിയുന്ന എന്നെ പോലുള്ള പല ശാസ്ത്രജ്ഞരും ദൈവത്തില്‍ വിശ്വസിക്കുന്നവരാണ്.
മഹാകാളികായാഗം
ദക്ഷന്റെ കാലം മുതല്‍ തുടങ്ങിയ യാഗങ്ങള്‍ രാമായണ കാലത്തെ പുത്രകാമേഷ്ടി മുതലാണ് സര്‍വസാധാരണമായത്. മനുഷ്യശരീരത്തിന്റെ യൗവ്വനം നിലനിര്‍ത്താനായി കായകല്‍പചികിത്സ നടത്തുന്നതു പോലെ പ്രകൃതിയുടെ ആരോഗ്യത്തിനു വേണ്ടി നടത്തുന്ന ചികിത്സയാണ് യാഗങ്ങള്‍. ആരോഗ്യമുള്ള പ്രകൃതിയിലേ ശുദ്ധിയുള്ള അന്തരീക്ഷമുണ്ടാകൂ, ശുദ്ധിയുള്ള അന്തരീക്ഷത്തിലേ ശുദ്ധമായ വായു സഞ്ചരിക്കൂ, ശുദ്ധമായ വായു ശ്വസിച്ചാലേ ആരോഗ്യമുള്ള മനുഷ്യനും മനസമുണ്ടാകൂ.
ഒരു പച്ചരി ശുദ്ധമായ നെയ്യില്‍ മുക്കി കത്തിച്ചാല്‍ രണ്ടര സെന്റിമീറ്റര്‍ വ്യാസത്തിലുള്ള വായു ശുദ്ധീകരിക്കപ്പെടും. ഒരു ഗണപതിഹോമം നടത്തുമ്പോള്‍ ഒരു കിലോമീറ്ററോളം ചുറ്റളവിലുള്ള അന്തരീക്ഷവായു ശുദ്ധീകരിക്കപ്പെടും. വര്‍ഷങ്ങള്‍ ഏകാഗ്രതയോടെ തപസും മനനവും ചെയ്താണ് മഹര്‍ഷിമാര്‍ മന്ത്രങ്ങള്‍ കണ്ടെത്തിയത്. പല സന്യാസിമാരും പല സമയത്തും പല സ്ഥലത്തും കൊടും തപസ് ചെയ്തു നേടിയ അറിവുകളെ പിന്നീട് കൂട്ടായി ചര്‍ച്ചചെയ്താണ് യാഗങ്ങളും ഹോമങ്ങളും ഫല ശ്രുതിയും തലമുറകള്‍ക്കായി പകര്‍ന്നത്. അനേകം പേരുടെ അനേകവര്‍ഷത്തെ തപസിദ്ധിയെ അന്ധവിശ്വാസമായി ചിത്രീകരിക്കുന്നത് അബദ്ധമാണ്. തെറ്റും ശരിയും കൂടിക്കലര്‍ന്നതാണ് അന്നത്തേയും എന്നത്തേയും കണ്ടുപിടിത്തങ്ങള്‍. നമ്മള്‍ ശരിയെ മാത്രം സ്വീകരിക്കുക. തെറ്റിനെ തിരസ്‌കരിക്കുക. ശാസ്ത്രം പറയുന്ന നെഗറ്റീവ് എനര്‍ജിയും പോസിറ്റീവ് എനര്‍ജിയുമാണ് ഋഷിമാര്‍ കണ്ടെത്തിയ പൈശാചികശക്തിയും ദൈവീകശക്തിയും. മഹര്‍ ഷിമാര്‍ മനനം ചെയ്ത് കണ്ടെത്തിയ മന്ത്രങ്ങളിലൂടെ മനുഷ്യന്റെ മനസിലും പ്രകൃതിയിലുമുള്ള പൈശാചികശക്തികളെ അകറ്റി ദൈവികശക്തികളാക്കാന്‍ കഴിയും.
ബിഗ്ബാംഗിലൂടെ രൂപമെടുത്ത ഭൂമി പന്ത്രണ്ട് ലക്ഷത്തോളം വര്‍ഷങ്ങളെടുത്താണ് തണുത്തുറഞ്ഞത്. ശൂന്യമായിരുന്ന ഈ ഭൂമിയില്‍ ജീവന്റെ തുടിപ്പുണ്ടായത് അര്‍ദ്ധനാരീശ്വര സങ്കല്‍പ്പത്തിലാണ്. ഊര്‍ജ്ജം പ്രവഹിക്കുന്ന ശിവനേയും കാളിയേയും സങ്കല്പിച്ചാണ് മഹാകാളികായാഗം നടത്തുന്നത്.
കലികാലരക്ഷകയാണ് കാളീസങ്കല്പം. ഈ കലികാലത്ത് മഹാമാരികളില്‍നിന്നും ഭൂമിയെ രക്ഷിക്കാന്‍ മാതൃഭാവത്തിലുള്ള കാളീസങ്കല്‍പ്പത്തിന് മാത്രമേ കഴിയു. ഓരോ നൂറ്റാണ്ടിലും ഓരോ മഹാമാരികള്‍ വരുന്നത് പ്രകൃതിയുടെ നിയമമാണ്. അതില്‍ നിന്ന് നാടിനെ രക്ഷിക്കാന്‍ നടത്തുന്ന ആത്മീയചികിത്സയാണ് മഹാകാ ളികായാഗം.കോവിഡ് ബാധിച്ചയാള്‍ രോഗമുക്തനായശേഷം അയാളുടെ വീട് അണുനശീകരണി ഉപയോഗിച്ച് വൃത്തിയാക്കുന്നതു പോലെയാണ് മഹാകാളികായാഗത്തിലൂടെ നാടിനെ വൃത്തിയാക്കുന്നത്. പണ്ടു കാലങ്ങളില്‍ വസൂരി പോലുള്ള രോഗങ്ങള്‍ പടരുന്ന മാസങ്ങളിലാണ് കൊയ്ത്തു കഴിഞ്ഞ വയലുകളില്‍ പച്ചോല കെട്ടി കാളിപൂജ നടത്തിയിരുന്നത്. പൂജയില്‍ നിന്നുയരുന്ന ധൂമത്തിലുടെ അണുക്കളെ നശിപ്പിച്ച് അന്തരീക്ഷശുദ്ധിയും മന്ത്രങ്ങളിലൂടെ ഭക്തമനസുകളില്‍ ആത്മവിശ്വാസവും വരുത്തിയിരുന്നു.
അത്തരം കാളിപൂജകളുടെ ഏറ്റവും വലിയ ആത്മീയഭാവമായ മഹാകാളികായാഗത്തിലൂടെ പ്രകൃതിയെ ശുദ്ധീകരിച്ച് ജീവജാലങ്ങളെ രക്ഷിക്കാന്‍ കഴിയും. നല്ല വായു ശ്വസിക്കു മ്പോഴാണ് നല്ല മനസുകള്‍ ഉണരുന്നത്. നല്ല മനസുകള്‍ ഉണരുമ്പോഴാണ് നല്ല ചിന്തകള്‍ ഉണ്ടാകുന്നത്. നല്ല ചിന്തകള്‍ ഉണ്ടാകുമ്പോഴാണ് നാട്ടില്‍ സമാധാനവും ഐശ്വര്യവും വര്‍ദ്ധിക്കുന്നത്.
പൗര്‍ണ്ണമിക്കാവില്‍ നടക്കുന്ന മഹാകാളികായാഗത്തിന് ഇന്ത്യയി ലെ 51 ശക്തിപീഠങ്ങളില്‍ നിന്നുള്ള ആചാര്യന്‍മാരാണ് നേതൃത്വം നല്‍കുന്നത്. പത്തു ദിവസം തുടര്‍ച്ചയായി ഹോമകുണ്ഡത്തില്‍ അര്‍പ്പിക്കുന്ന ആയുര്‍വേദഔഷധങ്ങളും ഹോമദ്രവ്യങ്ങളും എരിഞ്ഞടങ്ങുന്ന പുക അന്തരീക്ഷശുദ്ധീകരണത്തിന് ഗുണപരമായ മാറ്റങ്ങള്‍ സൃഷ്ടിക്കുമെന്നതില്‍ സംശയമില്ല. ഒരേ മനസോടെ ഏകാഗ്രതയോടെ മന്ത്രങ്ങള്‍ ജപിക്കുന്നത് കാണുന്നവര്‍ക്കും കേള്‍ക്കുന്നവര്‍ക്കും മാനസികമായ ഉന്മേഷവും ഉല്ലാസവും അനുഭവപ്പെടും. മന്ത്രങ്ങള്‍ക്കും ചൊല്ലുന്ന ഈണങ്ങള്‍ക്കും മുദ്രകള്‍ക്കും വരെ വളരെ പ്രാധാന്യമുണ്ട്.
വരമൊഴി വശമില്ലാതിരുന്ന വാമൊഴിക്കാലം മുതല്‍ ഇന്നും ഇത്തരം യാഗങ്ങള്‍ തുടരുന്നത് നന്മയും മേന്മയും ശക്തിയും നേട്ടവും ഉള്ളതുകൊണ്ടാണ്. യുക്തിയും ഭക്തിയും ചേരുന്നതാണ് ജീവിതം. എല്ലാം തെളിയിച്ചു കാണിക്കൂ എന്ന് വെല്ലുവിളിക്കുന്നതില്‍ അര്‍ത്ഥമില്ല. അങ്ങനെയാണെങ്കില്‍ സൂക്ഷ്മരൂപത്തിലെങ്കിലും മനസ് എന്ന അവയവത്തെ കണ്ടതിന് ശേഷം മാത്രമേ മനസിനെകുറിച്ച് സംസാരിക്കാന്‍ കഴിയൂ.
മഹാകാളികായാഗത്തിന്റെ വലിയൊരു ഫലശ്രുതിയാണ് പിതൃമോക്ഷം. കാലാഭൈരവഹവനം നടത്തുന്നതിലൂടെ പതിനാറ് തലമുറയുടെ പിതൃഋണം മാറി പിതൃമോക്ഷത്തിലെത്തും. പരലോകത്ത് അലയുന്ന ആത്മാവിന്റെ ശാന്തിയിലൂടെയാണ് ഇഹലോകത്ത് ജീവിക്കുന്നവരുടെ സ്വസ്ഥതയും സമാധാനവും നിലനില്‍ക്കുന്നതെന്നാണ് ആത്മീയത പറയുന്നത്.
മഹാകാളികായാഗത്തിലെ കാലഭൈരവഹവനത്തില്‍ പങ്കെടുക്കുന്നവര്‍ നേടുന്നത് പതിനാറ് തലമുറയുടെ പിതൃമോക്ഷപുണ്യമാണ്. ശിവഭഗവാന്റെ അഞ്ചാമത്തെ അവതാരമായി കരുതുന്ന അഘോരിസന്യാസിമാരുടെ സാന്നിദ്ധ്യമാണ് മഹാകാളികായാഗത്തിന്റെ മറ്റൊരു സവിശേഷത. ശിവനില്‍ ലയിച്ച് ശിവനായി മാറി, ശിവനായി ജീവിക്കുന്ന, സ്വയം കഠിനത ഏറ്റുവാങ്ങി സന്യാസിമാരായ അഘോരികള്‍ ആദ്യമായാണ് കേരളത്തില്‍ വരുന്നത്.
എന്തിലും ഏതിലും വിവാദം കണ്ടെത്തുന്നതാണ് മലയാളിയുടെ പുതിയ രീതി. അവനവന് ഇഷ്ടപ്പെടാത്തതെല്ലാം മറ്റുള്ളവരും വെറുക്കണമെന്നും എതിര്‍ക്കണമെന്നും ചിന്തിക്കുന്നതുകൊണ്ടാണ് യാഗങ്ങളേയും ഹോമങ്ങളേയും അഘോരിമാരേയും ചിലര്‍ അന്ധമായി കുറ്റപ്പെടുത്തുന്നത്.
പൗര്‍ണ്ണമിക്കാവില്‍ മഹാകാളികായാഗം നടത്തുന്നത് നാടിന്റെ നന്മക്ക് വേണ്ടിയാണ്. മനുഷ്യമനസിനെ ഉണര്‍ത്താനാണ്. പ്രകൃതിയുടെ താളം നിലനിര്‍ത്താനാണ്. കാലം തെറ്റാതെ കാലാവസ്ഥയുടെ ഋതുഭേദങ്ങള്‍ വന്നുപോകാനാണ്. പിതൃമോക്ഷം കിട്ടാനാണ്. ഒരേസമയം ഇഹലോകത്തെ മനുഷ്യരുടേയും പരലോകത്തെ ആത്മാക്കളുടേയും പൂര്‍ണ്ണതയ്ക്കായി നടത്തുന്ന വലിയൊരു പുണ്യപ്രവൃത്തിയാണ് മഹാകാളികായാഗം.