10 May, 2022 01:25:29 AM
മഹാകാളികായാഗം നാളെ മുതൽ രൗദ്രഭാവത്തിലേക്ക് : മന്ത്രങ്ങൾ യാഗാഗ്നിയോളം ചൂട് പകരും

തിരുവനന്തപുരം : വെങ്ങാനൂർ പൗർണ്ണമിക്കാവിൽ നടക്കുന്ന മഹാകാളികായാഗം നാളെ മുതൽ രൗദ്രഭാവത്തിലേക്ക്. മൂകാംബികയിലെ മുഖ്യതന്ത്രി ഡോ. രാമചന്ദ്ര അഡിഗയുടെ നേതൃത്വത്തിൽ ശാന്തഭാവത്തിലുള്ള മന്ത്രങ്ങളും യാഗവിധികളുമാണ് ഇപ്പോൾ നടക്കുന്നത്.
ഇന്ത്യയിലെ വിവിധ കാളീക്ഷേത്രങ്ങളായ ആന്ധ്രപ്രദേശ് കാളഹസ്തി ക്ഷേത്രത്തിലെ വിശ്വനാഥശർമ്മ, പഞ്ചാബ് ശ്രീമാതാ കാളീശക്തി പീഠിലെ ആചാര്യ രാംലാൽ ശാസ്ത്രി, അസാം കാമാഖ്യ ദേവീ ക്ഷേത്രത്തിലെ പ്രൊഫ. അശോക് ഭട്ടാചാര്യ, ഒറീസാ കാളി ബിമലാദേവീക്ഷേത്രത്തിലെ ആചാര്യ ജിതേന്ദ്ര പാണ്ഡെ, ഉത്തർപ്രദേശ് കാശി വിശ്വനാഥ ക്ഷേത്രത്തിലെ ആചാര്യ സഞ്ജയ് തിവാരി, തെലുങ്കാന കാളികാ ക്ഷേത്രത്തിലെ സ്വാമിനാഥ് ശർമ്മ, ഹിമാചൽപ്രദേശ് ജ്വാലാമുഖി ശക്തിപീഠിലെ ആചാര്യ ഉമാകാന്ത് ദ്വിവേദി, മദ്ധ്യപ്രദേശ് കാലഭൈരവ മന്ദിറിലെ ആചാര്യ രാംശങ്കർ മിശ്ര തുടങ്ങിയ മുഖ്യപുരോഹിതർ ഇന്നലെ ഉച്ചയോടെ പൗർണ്ണമിക്കാവിലെത്തി. ബാക്കിയുള പുരോഹിതർ ഇന്ന് എത്തിച്ചേരും.
നാളെ മുതൽ മഹാകാളിയുടെ രൗദ്രവും ഘോരവുമായ ഭാവത്തെ ആവാഹിക്കുന്ന മന്ത്രങ്ങൾ യാഗാഗ്നിയോളം ചൂട് പകരും. അതോടൊപ്പം ആദ്യമായി കേരളത്തിൽ കാലഭൈരവഹവനവും ആരംഭിക്കും. നൂറോളം അഘോരി സന്ന്യാസിമാരാണ് പൗർണ്ണമിക്കാവിൽ എത്തിച്ചേരുന്നത്. മഹാകാളികായാഗം നടക്കുന്ന പൗർണ്ണമിക്കാവിലേക്ക് ഭക്തർ ഒഴുകിയെത്തുകയാണ്.
യാഗവേദിയിൽ ഇന്ന്
രാവിലെ 6.30 ന് ഏകാദശ രുദ്രമഹാഹവനം ആരംഭം, ശതസഹസ്രകാളികാഹവനം ആരംഭം, 8.30 ന് ഫലസമർപ്പണം, 9 ന് മഹാസാമൂഹിക സങ്കൽപം മഹാകാളികാ യാഗം, 11 ന് മഹായാഗദേവതാ പൂർണ്ണാഭിഷേകം, മഹായാഗദേവതാ അലങ്കാര ആരതി, 12.30 ന് മഹാപൂർണ്ണാഹുതി, മഹാമംഗളാരതി, 1 ന് അന്നപ്രസാദം, വൈകിട്ട് 4 മുതൽ ശതസഹസ്ര കാളികാഹവനം, 5 ന് ശതസഹസ്ര കാളികാ ഹവനത്തിൽ ദേവിക്ക് വസ്ത്ര സമർപ്പണം, 6.30 ന് ശതസഹസ്ര കാളികാഹവനത്തിൽ ശതസഹസ്ര കാളികാഹവനത്തിൽ മഹാമംഗളാരതി, ഏകാദശ രുദ്രഹവനത്തിൽ മഹാമംഗളാരതി.