05 May, 2022 06:38:07 PM
ബാലത്രിപുരസുന്ദരി വിഗ്രഹംഎഴുന്നള്ളിച്ചു; മഹാകാളികായാഗത്തിന് നാളെ തുടക്കം

തിരുവനന്തപുരം: 51 അക്ഷരദേവതകളെ പ്രതിഷ്ഠിച്ചതിലൂടെ ലോകപ്രശസ്തമായ തിരുവനന്തപുരം വെങ്ങാനൂര്‍ പൗര്‍ണ്ണമിക്കാവില്‍ മഹാകാളികായാഗത്തിന് നാളെ തുടക്കം കുറിക്കും. ഇതിന് മുന്നോടിയായി കുംഭകോണത്ത് നിർമിച്ച ബാലത്രിപുരസുന്ദരിയുടെ 1350 കിലോ ഭാരമുള്ള പഞ്ചലോഹവിഗ്രഹം വെങ്ങാനൂർ പൗർണമിക്കാവിലേക്ക് എഴുന്നള്ളിച്ചു. മഹാകാളികാ ഭൈരവ അഗാഡയുടെ നേതൃത്വത്തിൽ വെള്ളിയാഴ്ച തുടങ്ങുന്ന മഹാകാളികായാഗശാലയിൽ വിഗ്രഹം പൂജയ്ക്കിരുത്തും. പത്തുനാൾ നീളുന്ന യാഗത്തിനു ശേഷം വിഗ്രഹം പൗർണമിക്കാവിലേക്കു കൊണ്ടുവന്നു.
1008 പേർ നേർച്ചയായി നൽകിയ അഞ്ചുകിലോ സ്വർണവും 51 കിലോ വെള്ളിയും ചേർത്താണ് ആറര അടി ഉയരമുള്ള പഞ്ചലോഹവിഗ്രഹം നിർമിച്ചത്. ശൂലം, ഗദാചക്രധാരിയായ ചതുർബാഹുക്കളുള്ള ബാലത്രിപുരസുന്ദരി വിഗ്രഹം ദക്ഷിണേന്ത്യയിലെ വലുപ്പം കൂടിയ വിഗ്രഹമാണെന്ന് പൗർണമിക്കാവ് ക്ഷേത്രം ട്രസ്റ്റി എം.എസ്.ഭുവനചന്ദ്രൻ അറിയിച്ചു. യാഗശാലയിൽ ദേവസേനാപതിയായ സുബ്രഹ്മണ്യനെയും പൂജിക്കുന്നുണ്ട്. വള്ളീദേവയാനി സമേതനായ സുബ്രഹ്മണ്യനുള്ള വേലാണ് ഇതിനായി പ്രതിഷ്ഠിക്കുന്നത്. വ്യാഴാഴ്ച രാവിലെ കന്യാകുമാരിയിൽ എത്തിച്ച വിഗ്രഹത്തിന് നാഗർകോവിൽ, മാർത്താണ്ഡം ഭാഗങ്ങളിൽ ഭക്തർ സ്വീകരണം നൽകി. മാർത്താണ്ഡത്ത്, അരുമന വി.ടി.എം. കോളേജ് പ്രതിനിധികളും വിവിധ ഹിന്ദു സംഘടനാ പ്രതിനിധികളും സ്വീകരണത്തിൽ പങ്കെടുത്തു.
യാഗത്തിന്‍റെ ആദ്യദിനമായ വെള്ളിയാഴ്ച രാവിലെ 5.30ന് ഭൂപരിഗ്രഹത്തിനും ശുദ്ധിയ്ക്കും ശേഷം 6.30ന് അരണികടഞ്ഞ് അഗ്നി എടുക്കല്‍, അഗ്നിപൂജ, ഗണപതിപൂജ, പരശുനാമ അനുമതി പൂജ, ലക്ഷ്മിനാരായണസമേത ഭൂമിപൂജ, ബലരാമപൂജ, ആയുധപൂജ, യാഗബ്രഹ്മ അവരോധനപൂജ, യാഗഭൂമിഖനനം എന്നിവ നടക്കും. 8.30ന് 64 യോഗിനിമാതാക്കളുടെയും 51 ശക്തിപീഠങ്ങളുടെയും 51 അറിവിന്റെ അക്ഷരദേവതകളുടെയും സങ്കല്‍പ്പ ഇഷ്ടികപൂജ, 9ന് ഗരുഡപൂജ എന്നിവയും നടക്കും.
9.30ന് യാഗകുണ്ഠനിര്‍മ്മാണവും മഹാകാളികായന്ത്രകലശപീഠനിര്‍മ്മാണവും ആരംഭിക്കും. 10ന് ജഗദ്ഗുരു ശങ്കരാചാര്യജയന്തി സങ്കല്‍പ്പ പുഷ്പസമര്‍പ്പണത്തെതുടര്‍ന്ന് മഹായതി പൂജയില്‍ വിവിധ മഠങ്ങളിലെ സന്യാസിവര്യന്മാരെ ആദരിച്ച് യാഗഭൂമിയില്‍ അനഗ്രഹം തേടും. വൈകിട്ട് 4ന് വാസ്തുബലി, വാസ്തുപൂജ, വാസ്തുഹോമം, സുബ്രഹ്മണ്യപൂജ, ആഞ്ജനേയപൂജ എന്നിവയാണ് ചടങ്ങുകള്‍.