18 June, 2022 09:45:52 PM


മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ കുപ്രസിദ്ധ മോഷ്ടാവിനെ പോലീസ് പിടികൂടി



കൽപ്പറ്റ: വയനാട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ കുപ്രസിദ്ധ മോഷ്ടാവിനെ തന്ത്രപരമായി പോലീസ് വലയിലാക്കി. പുൽപ്പള്ളി ഇരുളം കളിപറമ്പിൽ വിശ്വരാജ് (40)നെയാണ് മാനന്തവാടി  ഇൻസ്പെക്ടർ എം.എം.അബ്ദുൾ കരീമിന്റെ നേതൃത്വത്തിലുള്ള  പോലീസ് സംഘം പിടികൂടിയത്. 

കഴിഞ്ഞ വെള്ളിയാഴ്ച കൽപ്പറ്റയിൽ മോഷണശ്രമം നടത്തിയ വിശ്വരാജിനെതിരെ വയനാട്, കോഴികോട്, തൃശൂർ, കണ്ണൂർ എന്നി ജില്ലകളിൽ ഒട്ടേറെ കേസുകളുണ്ട്. വിശ്വരാജ് മാനന്തവാടിയിലേക്ക് കടന്നതായി പോലീസിന് വിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇയാൾ വയനാട് മെഡിക്കൽ കോളേജിൽ ചികിത്സ തേടിയതായി കണ്ടെത്തി. 

മെഡിക്കൽ കോളേജിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധന വിധേയമാക്കി ആശുപത്രി അധികൃതരുടെ അനുമതിയോടെ മാനന്തവാടി പോലീസ് വിശ്വരാജിനെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. മാനന്തവാടി സ്റ്റേഷനിൽ ഇയാൾക്കെതിരെ കേസില്ലാത്തതിനാൽ നിലവിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുള്ള കൽപ്പറ്റ പോലീസിന് വിശ്വരാജിനെ കൈമാറി. പോലീസ് സംഘത്തിൽ എ.എസ്.ഐ. മോഹൻദാസ്, സി.പി.ഒ.മാരായ നിഥിൻ, അജീഷ് കുനിയിൽ എന്നിവരുമുണ്ടായിരുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K