19 June, 2022 02:43:55 PM


ഉപഭോക്താക്കളുടെ സ്വകാര്യത സംബന്ധിച്ച് പുതിയ നിയമനിർമാണത്തിന് കാനഡ



ഒട്ടാവ: സ്വകാര്യത സംബന്ധിച്ച് പുതിയ നിയമ നിർമാണത്തിനൊരുങ്ങി കാനഡ. നിയമം പാസാക്കിയാൽ, ഇത് നിലവിലെ പേഴ്സണൽ ഇൻഫർനേഷൻ പ്രൊട്ടക്ഷൻ ആൻഡ് ഇലക്ട്രോണിക് ഡോക്യുമെന്റ്സ് ആക്ടിന് പകരമായി പ്രാബല്യത്തിൽ വരും. ഉപഭോക്താക്കളുടെ സ്വകാര്യത സംബന്ധിച്ച അവകാശങ്ങൾ വർധിപ്പിക്കുന്നതിനും ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയുടെ വികസനത്തിനുമായി കനേഡിയൻ മന്ത്രി ഫ്രാങ്കോയിസ്-ഫിലിപ്പ് ഷാംപെയ്ൻ രൂപകൽപന ചെയ്തതാണ് പുതിയ നിയമം. ജി 7 രാജ്യങ്ങളിലെ ഏറ്റവും കർശനമായ ചട്ടക്കൂടുകളിൽ ഒന്നാണിതെന്നും മന്ത്രി പറഞ്ഞു.

സ്വകാര്യത മൗലികാവകാശമായി ഔദ്യോ​ഗികമായി പ്രഖ്യാപിക്കേണ്ടത് അത്യാവശ്യമാണെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. സ്വകാര്യത സംരക്ഷിക്കുന്നതിനും വ്യക്തികളുടെ അന്തസ് ഉറപ്പു വരുത്തുന്നതും മൗലികാവകാശങ്ങൾ പൂർണമായി ആസ്വദിക്കുന്നതും നിർണായകമാണെന്ന് പുതുക്കിയ ബില്ലിന്റെ ആമുഖത്തിൽ പറയുന്നു. രാജ്യത്തുള്ള നിയന്ത്രണങ്ങളെ അന്തർദേശീയ മാനദണ്ഡങ്ങളുമായി ബന്ധിപ്പിക്കാനും ശ്രമിക്കുന്നുണ്ട്.

പൊതുനന്മയ്‌ക്കായി ഉത്തരവാദിത്തമുള്ള വികസനത്തെ പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം രാജ്യത്തെ പൗരൻമാരുടെ സ്വകാര്യ വിവരങ്ങൾ സംരക്ഷിക്കാൻ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും സർക്കാർ പത്രക്കുറിപ്പിൽ പറഞ്ഞു. ''21-ാം നൂറ്റാണ്ടിൽ വ്യക്തികൾക്ക് ആവശ്യമായ സുരക്ഷ ഉറപ്പാക്കാനാണ് ശ്രമിക്കുന്നത്. കാനഡയുടെ സ്വകാര്യതാ നിയമങ്ങൾ സാങ്കേതിക മാറ്റത്തിനൊപ്പം നിൽക്കുന്നുവെന്നും വികസിച്ചുകൊണ്ടിരിക്കുന്ന കനേഡിയൻ മൂല്യങ്ങൾ പ്രതിഫലിപ്പിക്കുന്നത് തുടരുന്നുവെന്നും ഉറപ്പാക്കാൻ ഞങ്ങളുടെ സർക്കാർ ശ്രമിക്കുന്നു'', എന്നും സർക്കാർ പത്രക്കുറിപ്പിൽ കൂട്ടിച്ചേർത്തു.

C-27 എന്ന പേരിൽ കൂടി അറിയപ്പെടുന്ന ബിൽ, കനേഡിയൻ‍ സ്വദേശികൾക്ക് അവരുടെ വ്യക്തിഗത വിവരങ്ങളിലും ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ കൈകാര്യം ചെയ്യുന്ന രീതിയിലും കൂടുതൽ സ്വകാര്യത ഉറപ്പാക്കും. ലളിതമായി പറഞ്ഞാൽ, ഓർഗനൈസേഷനുകൾ കൈവശം വച്ചിരിക്കുന്ന വ്യക്തിഗത വിവരങ്ങൾ നിയന്ത്രിക്കാൻ പൗരൻമാർക്ക് കൂടുതൽ അവകാശം നൽകുക, ആ വിവരങ്ങൾ ഒരു കമ്പനിയിൽ നിന്ന് മറ്റൊന്നിലേക്ക് സുരക്ഷിതമായി നീക്കാൻ കൂടുതൽ സ്വാതന്ത്ര്യം നൽകുക തുടങ്ങിയ കാര്യങ്ങളെല്ലാമാണ് പുതിയ നിയമം കൊണ്ട് ലക്ഷ്യം വെയ്ക്കുന്നത്.

ഡിജിറ്റൽ ചാർട്ടർ ഇംപ്ലിമെന്റേഷൻ ആക്റ്റ്, 2022 അവതരിപ്പിക്കുന്നതിലൂടെ, കനേഡിയൻ പൗരൻമാർക്ക് അവരുടെ വിവരങ്ങൾ എപ്പോൾ, എങ്ങനെ ഉപയോഗിക്കുന്നുവെന്ന് കണ്ടെത്താൻ കഴിയുമെന്ന് തങ്ങൾ ഉറപ്പാക്കുമെന്നും ഷാംപെയ്ൻ പറഞ്ഞു. നിയമലംഘനം നടത്തുന്ന സ്ഥാപനങ്ങൾക്കെതിരെ പിഴ ചുമത്താൻ ഒരു പുതിയ ട്രൈബ്യൂണൽ സ്ഥാപിക്കാനും സർക്കാർ തയ്യാറെടുക്കുന്നുണ്ട്.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആന്റ് ഡാറ്റ ആക്ട് ആണ് മറ്റൊരു പ്രധാന ചുവടുവെയ്പ്. സാങ്കേതികവിദ്യകൾ ദുരുപയോഗം ചെയ്യുന്ന വ്യക്തികളെ ക്രിമിനൽ കുറ്റത്തിന് ശിക്ഷിക്കുന്നതായിരിക്കും ഈ നിയമം. കമ്പനികളുടെ പ്രവർത്തനങ്ങളുടെ സ്വതന്ത്ര ഓഡിറ്റുകൾ നടത്താൻ കഴിയുന്ന ഒരു എഐ ആൻഡ് ഡാറ്റ കമ്മീഷണറെ നിയമിക്കുകയും ചെയ്യും. വികസന, ശാസ്ത്ര, വ്യവസായ മന്ത്രാലയത്തിനു കീഴിലായിരിക്കും ഈ കമ്മീഷണർ പ്രവർത്തിക്കുക. നിയമവിരുദ്ധമായി ലഭിച്ച ഡാറ്റ ഉപയോഗിച്ചാൽ ക്രിമിനൽ കുറ്റങ്ങൾക്ക് ശിക്ഷ നേരിടേണ്ടിയും വരും.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K