30 June, 2025 12:38:23 PM


ഒമാന്‍ ഉള്‍ക്കടലില്‍ ചരക്കു കപ്പലിന് തീപിടിച്ചു; ജീവനക്കാരെ രക്ഷപ്പെടുത്തി



മസ്ക്കറ്റ്: ഒമാന്‍ ഉള്‍ക്കടലില്‍ (ഗള്‍ഫ് ഓഫ് ഒമാന്‍) ചരക്ക് കപ്പലിന് തീപിടിച്ച് അപകടം. ഇന്ത്യയിലെ കാണ്ട്ലയില്‍ നിന്ന് ഒമാനിലെ ഷിനാസിലേക്ക് പോവുകയായിരുന്ന കപ്പലിനാണ് തീപിടിച്ചത്. 14 ഇന്ത്യക്കാരുള്‍പ്പെടെ ജീവനക്കാരായുള്ള എം ടി യി ചെങ് 6 എന്ന കപ്പലാണ് അപകടത്തില്‍പ്പെട്ടത്. കിഴക്കന്‍ പസഫിക് ദ്വീപ് രാഷ്ട്രമായ പുലാവു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കപ്പലാണ് എം ടി യി ചെങ് 6.

അപകടത്തില്‍പ്പെട്ട കപ്പലില്‍ തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ് എന്ന് ഇന്ത്യന്‍ നാവിക സേന അറിയിച്ചു. ഞായറാഴ്ച വൈകീട്ടാണ് കപ്പല്‍ അപകടം സംബന്ധിച്ച് ഇന്ത്യന്‍ നാവിക സേനയ്ക്ക് വിവരം ലഭിക്കുന്നത്. തുടര്‍ന്ന് പ്രദേശത്തുണ്ടായിരുന്ന ഐഎന്‍എസ് തബാര്‍ സംഭവ സ്ഥലത്തേക്ക് തിരിക്കുകയായിരുന്നു.

കപ്പലിന്റെ എഞ്ചിന്‍ റൂമില്‍ തീ പടരുകയും വൈദ്യുതി തകരാര്‍ ഉണ്ടായെന്നുമാണ് റിപ്പോര്‍ട്ടുകള്‍. ഇതോടെ നാവിക സേനയുടെ നേതൃത്വത്തില്‍ തകരാര്‍ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിക്കുകയായിരുന്നു. ഐഎന്‍എസ് തബാറില്‍ നിന്നുള്ള അഗ്നിശമന സംഘവും കപ്പലിലെ ജീവനക്കാരും ചേര്‍ന്ന് നടത്തിയ ദൗത്യത്തില്‍ തീപിടിത്തത്തിന്റെ ആഘാതം കുറയ്ക്കാന്‍ കഴിഞ്ഞതായി നാവിക സേന അറിയിച്ചു. നാവിക സേനയിലെ 13 അംഗ ദൗത്യ സംഘാംഗങ്ങളും കപ്പലിലെ അഞ്ച് ജീവനക്കാരും ചേര്‍ന്നാണ് തീപിടിത്തം നിയന്ത്രിക്കാനുള്ള ദൗത്യത്തില്‍ പ്രവര്‍ത്തിക്കുന്നതെന്ന് നാവിക സേന ട്വിറ്ററില്‍ അറിയിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 940