23 September, 2022 02:06:57 PM


ശങ്കരാചാര്യർ വിദ്യാരംഭം കുറിച്ച ആവണംകോട് സരസ്വതി ക്ഷേത്രത്തിൽ നവരാത്രി ഒരുക്കങ്ങൾ പൂർത്തിയായി



ആലുവ: നെടുമ്പാശ്ശേരി ആവണംകോട് സരസ്വതി ക്ഷേത്രത്തിൽ സെപ്റ്റംബർ 26 മുതൽ ഒക്ടോബർ 5 വരെ നവരാത്രി മഹോത്സവം. കേരള ക്ഷേത്ര സേവാ ട്രസ്റ്റിന് കീഴിലുള്ള ക്ഷേത്രത്തിൽ നവരാത്രി മഹോത്സവത്തിനുള്ള എല്ലാ സജ്ജീകരണങ്ങളും പൂർത്തിയായി. ഒക്ടോബർ 2 ഞായറാഴ്ച്ചയാണ് പൂജവെപ്പ്. പ്രത്യേകം തയ്യാറാക്കിയ സരസ്വതി മണ്ഡപത്തിലാണ് പുസ്‌തങ്ങൾ പൂജക്ക് വെക്കുന്നത്. മഹാനവമി ഒക്ടോബർ 4 നും വിജയദശമി 5 നും ആണ്. 

വിദ്യയുടെ അധിദേവതകളായ പ്രഥമ ഗുരു ദക്ഷിണാമൂർത്തിയും, ഗണപതിയും, സരസ്വതിയും ഒരുമിച്ചു സമ്മേളിക്കുന്ന സങ്കേതമായ സരസ്വതി ക്ഷേത്രത്തിൽ നിത്യവും നടന്നു വരുന്ന വിദ്യാരംഭം വിജയദശമി ദിനത്തിൽ വിശേഷാൽ നടത്താനുള്ള എല്ലാ സജ്ജീകരണങ്ങളും തയ്യാറാണ്. ​ശങ്കരാചാര്യ സ്വാമികൾ വിദ്യാരംഭം കുറിച്ച ക്ഷേത്രത്തിൽ നവരാത്രി ദിനങ്ങളിൽ ഒക്ടോബർ 3, 4 തീയതികൾ ഒഴികെ എല്ലാ ദിവസവും വിദ്യാരംഭം നടത്തുവാൻ സാധിക്കും. വിജയദശമി ദിനത്തിൽ 1200 കുട്ടികൾക്ക് വിദ്യാരംഭം നടത്തുവാൻ ഉള്ള സൗകര്യം ക്ഷേത്രത്തിൽ ഒരുക്കിയിട്ടുണ്ട്. വിജയദശമി ദിനത്തിൽ വിദ്യാരംഭത്തിന് ഓൺലൈൻ ആയി ബുക്ക് ചെയ്യാവുന്നതാണ്. ബുക്ക് ചെയ്യുവാനുള്ള ലിങ്ക് ക്ഷേത്ര വെബ്‌സൈറ്റിൽ ലഭ്യമാണ്. അധ്യാപകരും, പണ്ഡിതരും, കലാകാരന്മാരും അടങ്ങിയ പതിനഞ്ചോളം ആചാര്യന്മാർ ഉണ്ടായിരിക്കും.

നവരാത്രി മഹോത്സവത്തിന്റെ ഭാഗമായി എല്ലാ ദിവസവും സംഗീതനൃത്താരാധനകൾ ഉണ്ടായിരിക്കും. 26 ന് ദേവിക്ക് പ്രിയപ്പെട്ട വീണാനാദത്തോടെ 31 ആമത് നവരാത്രി സംഗീതോത്സവത്തിന് തുടക്കമാകും. 26 ന് നർത്തകിയും ഗായകിയുമായ ഡോ. ലക്ഷ്‌മി എസ് മേനോൻ ഉദ്ഘാടനം നിർവ്വഹിക്കും. മഹാനവമി ദിനത്തിലെ സംഗീതോത്സവത്തിന് പ്രസിദ്ധ പിന്നണി ഗായകൻ ഗണേഷ് സുന്ദരം ഉദ്ഘാടനം നിർവ്വഹിക്കും. വിജയദശമി ദിനത്തിലെ സംഗീതോത്സവത്തിന് പ്രശസ്‌ത സംഗീത സംവിധായകൻ ബിജിപാൽ ഉദ്ഘാടനം നിർവ്വഹിക്കും. 10 ദിവസമായി നടക്കുന്ന സംഗീതോത്സവത്തിൽ അൻപതോളം പ്രഫഷണൽ കലാകാരന്മാർ പങ്കെടുക്കും. 600 കുട്ടികൾക്ക് സംഗീതാരാധനയും നൃത്താരാധനയും അരങ്ങേറ്റവും ചെയ്യുവാനുള്ള എല്ലാ സജ്ജീകരണങ്ങളും തയ്യാറാണ്. ഒക്ടോബർ 2 ന് വൈകീട്ട് 5.30 ന് വിദ്യാർത്ഥികൾക്ക് വിദ്യാവിജയത്തിനും പഠനത്തിനും സഹായകമാകുന്ന സാരസ്വതമന്ത്രാർച്ചന ഉണ്ടായിരിക്കും.

ഭക്തജനങ്ങളുടെ തിരക്ക് കണക്കാക്കി വിശാലമായ പന്തൽ സംവിധാനവും, ക്യൂ സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. പന്തലിന്റെ കാൽനാട്ട് കർമ്മം സെപ്റ്റംബർ 16 ന് തിരുവിതാംകൂർ രാജകുടുംബത്തിലെ അശ്വതി തിരുനാൾ ഗൗരി ലക്ഷ്‌മി ഭായ് നിർവ്വഹിച്ചിരുന്നു. ക്ഷേത്രത്തിനോട് ചേർന്ന് ഫസ്റ്റ് എയിഡ് സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. എല്ലാ ദിവസവും വൈകുന്നേരങ്ങളിലും, നവമി, ദശമി ദിവസങ്ങളിൽ 3 നേരവും ക്ഷേത്രത്തിൽ അന്നദാനം ഉണ്ടായിരിക്കുന്നതാണ്. നവരാത്രി ദിനങ്ങളിൽ വിശേഷാൽ പൂജകളും, നിറമാല ചുറ്റുവിളക്കും, അന്നദാനവും ഭക്തർക്ക് വഴിപാടായി ചെയ്യാവുന്നതാണ്


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K