01 October, 2022 11:06:42 AM


നവരാത്രി നിറവിൽ നെടുമ്പാശ്ശേരി ആവണംകോട് സരസ്വതി ക്ഷേത്രം



ആലുവ: നെടുമ്പാശ്ശേരി ആവണംകോട് സരസ്വതി ക്ഷേത്രത്തിൽ സെപ്റ്റംബർ 26 ന് തുടങ്ങിയ നവരാത്രി മഹോത്സവം വിശേഷാൽ പൂജകളാലും സംഗീത നൃത്ത സദസ്സുകളാലും ഭക്തിസാന്ദ്രമായി. കേരള ക്ഷേത്ര സേവാ ട്രസ്റ്റിന് കീഴിലുള്ള ക്ഷേത്രത്തിൽ പൂജവെപ്പിനും, വിജയദശമി ദിനത്തിലെ വിദ്യാരംഭത്തിനും എല്ലാ സജ്ജീകരണങ്ങളും പൂർത്തിയായി. ഒക്ടോബർ 2 ഞായറാഴ്ച്ചയാണ് പൂജവെപ്പ്. പ്രത്യേകം തയ്യാറാക്കിയ സരസ്വതി മണ്ഡപത്തിലാണ് പുസ്‌തങ്ങളും, സംഗീത ഉപകരണങ്ങളും, ചിലങ്കയും എല്ലാം പൂജക്ക് വെക്കുന്നത്. മഹാനവമി ഒക്ടോബർ 4 നും വിജയദശമി 5 നും ആണ്. പൂജയെടുപ്പ് വിജയദശമി ദിനത്തിൽ തന്നെയാണ്.

വിദ്യയുടെ അധിദേവതകളായ പ്രഥമ ഗുരു ദക്ഷിണാമൂർത്തിയും, ഗണപതിയും, സരസ്വതിയും ഒരുമിച്ചു സമ്മേളിക്കുന്ന സങ്കേതമായ സരസ്വതി ക്ഷേത്രത്തിൽ നിത്യവും നടന്നു വരുന്ന വിദ്യാരംഭം വിജയദശമി ദിനത്തിൽ വിശേഷാൽ നടത്താനുള്ള എല്ലാ സജ്ജീകരണങ്ങളും തയ്യാറാണ്. ശ്രീ. ശങ്കരാചാര്യ സ്വാമികൾ വിദ്യാരംഭം കുറിച്ച ക്ഷേത്രത്തിൽ നവരാത്രി ദിനങ്ങളിൽ ഒക്ടോബർ 3, 4 തീയതികൾ ഒഴികെ എല്ലാ ദിവസവും വിദ്യാരംഭം നടത്തുവാൻ സാധിക്കും. വിജയദശമി ദിനത്തിൽ 1200 കുട്ടികൾക്ക് വിദ്യാരംഭം നടത്തുവാൻ ഉള്ള സൗകര്യം ക്ഷേത്രത്തിൽ ഒരുക്കിയിട്ടുണ്ട്. വിജയദശമി ദിനത്തിൽ വിദ്യാരംഭത്തിന് ഓൺലൈൻ ആയി ബുക്ക് ചെയ്യാവുന്നതാണ്. ബുക്ക് ചെയ്യുവാനുള്ള ലിങ്ക് avanamcodesaraswathi.com എന്ന ക്ഷേത്ര വെബ്‌സൈറ്റിൽ ലഭ്യമാണ്. അധ്യാപകരും, പണ്ഡിതരും, കലാകാരന്മാരും അടങ്ങിയ പതിനഞ്ചോളം ആചാര്യന്മാർ ഉണ്ടായിരിക്കും.

നവരാത്രി മഹോത്സവത്തിന്റെ ഭാഗമായി എല്ലാ ദിവസവും സംഗീതനൃത്താരാധനകൾ ഉണ്ടായിരിക്കും. മഹാനവമി ദിനത്തിലെ സംഗീതോത്സവത്തിന് പ്രസിദ്ധ പിന്നണി ഗായകൻ ഗണേഷ് സുന്ദരം ഉദ്ഘാടനം നിർവ്വഹിക്കും. വിജയദശമി ദിനത്തിലെ സംഗീതോത്സവത്തിന് പ്രശസ്‌ത സംഗീത സംവിധായകൻ ബിജിപാൽ ഉദ്ഘാടനം നിർവ്വഹിക്കും. 10 ദിവസമായി നടക്കുന്ന സംഗീതോത്സവത്തിൽ അൻപതോളം പ്രഫഷണൽ കലാകാരന്മാർ പങ്കെടുക്കുന്നുണ്ട്. 600 കുട്ടികൾക്ക് സംഗീതാരാധനയും നൃത്താരാധനയും അരങ്ങേറ്റവും ചെയ്യുവാനുള്ള എല്ലാ സജ്ജീകരണങ്ങളും തയ്യാറാണ്.

ദേവിക്ക് പ്രിയപ്പെട്ട വീണാനാദത്തോടെയാണ് 31-ാമത് നവരാത്രി സംഗീതോത്സവത്തിന് തുടക്കമായത്. നർത്തകിയും ഗായികയുമായ ഡോ. ലക്ഷ്‌മി എസ് മേനോൻ സംഗീതോത്സവത്തിന്‍റെ ഒന്നാം ദിവസത്തിന്‍റെ ഉദ്ഘാടനം നിർവ്വഹിച്ചു. ക്ഷേത്ര നടക്കൽ ദീപാരാധനയ്ക്ക്  ചേരാനല്ലൂർ ശങ്കരൻകുട്ടൻ മാരാരും സംഘവും പഞ്ചവാദ്യം അവതരിപ്പിച്ചു. ഉദ്ഘാടനത്തിന് ശേഷം സംഗീത മണ്ഡപത്തിൽ നവാവരണവും ലക്ഷ്മി എസ് മേനോന്‍റെ സംഗീത കച്ചേരിയും അരങ്ങേറി. രണ്ടാം ദിവസം അനൂപ് വിഷ്ണുവിൻ്റെ സംഗീത കച്ചേരിയും, അപർണ്ണ ശർമ്മ ഇ ജിയുടെ ഭരതനാട്യവും, എളവൂർ ശെൽവരാജിൻ്റെ സംഗീത കച്ചേരിയും അരങ്ങേറി.

മൂന്നാം ദിവസം രെജു നാരായണൻ്റെ സംഗീത കച്ചേരിയും മാണിക്കമംഗലം ആദിത്യ സ്കൂൾ ഓഫ് ഡാൻസ് & മ്യൂസിക്ക് അവതരിപ്പിച്ച നൃത്തനൃത്ത്യങ്ങളും അരങ്ങേറി. നാലാം ദിവസം രാജേഷ് പനങ്ങാട് അവതരിപ്പിച്ച സാക്സഫോൺ കച്ചേരിയും ഇടപ്പള്ളി ഓം സ്വരലയ സ്കൂൾ ഓഫ് ആർട്സ് ൻ്റ ഡയറക്ടർ ഗായത്രി വാര്യർ അവതരിപ്പിച്ച നൃത്തനൃത്ത്യങ്ങളും അരങ്ങേറി. അഞ്ചാം ദിവസം അല്ലി വിഷ്ണു ആർഎൽവി അവതരിപ്പിച്ച സംഗീത കച്ചേരിയും എളവൂർ സമന്വയ കലാക്ഷേത്ര അവതരിപ്പിച്ച നൃത്തനൃത്ത്യങ്ങളും അരങ്ങേറി. 

ഒക്ടോബർ 2 ന് വൈകീട്ട് 5.30 ന് വിദ്യാർത്ഥികൾക്ക് വിദ്യാവിജയത്തിനും പഠനത്തിനും സഹായകമാകുന്ന സാരസ്വതമന്ത്രാർച്ചന ഉണ്ടായിരിക്കും. പങ്കെടുക്കാൻ താൽപ്പര്യമുള്ള വിദ്യാർത്ഥികൾ 5.30 ന് മുൻപ് ക്ഷേത്രത്തിൽ എത്തിച്ചേരേണ്ടതാണ്. ഭക്തജനങ്ങളുടെ തിരക്ക് കണക്കാക്കി വിശാലമായ പന്തൽ സംവിധാനവും, ക്യൂ സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്.

പന്തലിന്റെ കാൽനാട്ട് കർമ്മം തിരുവിതാംകൂർ രാജകുടുംബത്തിലെ അശ്വതി തിരുനാൾ ഗൗരി ലക്ഷ്‌മി ഭായ് നിർവ്വഹിച്ചിരുന്നു. ക്ഷേത്രത്തിനോട് ചേർന്ന് ഫസ്റ്റ് എയിഡ് സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. എല്ലാ ദിവസവും വൈകുന്നേരങ്ങളിലും, നവമി, ദശമി ദിവസങ്ങളിൽ 3 നേരവും ക്ഷേത്രത്തിൽ അന്നദാനം ഉണ്ടായിരിക്കുന്നതാണ്. നവരാത്രി ദിനങ്ങളിൽ വിശേഷാൽ പൂജകളും, നിറമാല ചുറ്റുവിളക്കും, അന്നദാനവും ഭക്തർക്ക് വഴിപാടായി ചെയ്യാവുന്നതാണ്.

നന്നായി സംസാരിക്കുവാനും, ശ്രദ്ധ കിട്ടുവാനും, എഴുതുവാനും, ഉള്ള സിദ്ധി വർധനയ്ക്ക് ഉതകുന്ന നാവ് മണി നാരായം സമർപ്പണം ഈ ക്ഷേത്രത്തിലെ മാത്രം പ്രത്യേകതയാണ്. ബുദ്ധിശക്തിക്കും ഓർമശക്തിക്കും ഉപകാരപ്പെടുന്ന സാരസ്വതമന്ത്രം ജപിച്ച ആയുർവ്വേദ നെയ്യ് പ്രധാനമാണ്. വിദ്യാവിജയത്തിന് വിദ്യാവാഗീശ്വരി പൂജയും ഭക്തർക്ക് ചെയ്യാവുന്നതാണ്. വിജയദശമിദിനത്തില്‍ ആലുവയിൽ നിന്നും അങ്കമാലിയിൽ നിന്നും രാവിലെ 6 മുതൽ കെഎസ്ആർടിസി, പ്രൈവറ്റ് ബസ്സുകൾ സ്പെഷ്യൽ സർവീസ് നടത്തും. നെടുമ്പാശ്ശേരി വിമാനത്താവളത്തിന് സമീപമാണ് ക്ഷേത്രം.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K