01 November, 2022 10:10:20 PM


ശ്രീപത്മനാഭന് ശംഖുമുഖം കടലിൽ അൽപ്പശി ആറാട്ട്; വിമാന സര്‍വ്വീസുകളില്‍ ക്രമീകരണം



തിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ അല്പശി ഉത്സവത്തിന് സമാപനം കുറിച്ചുകൊണ്ട് ആറാട്ട് ഘോഷയാത്ര നടന്നു. കിഴക്കേക്കോട്ടയിലെ ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ നിന്ന് പത്മനാഭസ്വാമിയെ വിമാനത്താവളത്തിന് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന ശംഖുമുഖം കടലിൽ ആചാരപരമായ ആറാട്ടിനെത്തിക്കുന്നതായിരുന്നു ചടങ്ങ്. 1932ൽ വിമാനത്താവളം വരുന്നതിന് വളരെ മുമ്പുളള പരമ്പരാഗത വഴിയായതിനാൽ ഘോഷയാത്രയ്ക്ക് റൺവേയിലൂടെ കടന്നുപോകാൻ പ്രത്യേക അനുവാദമുണ്ട്. നൂറ്റാണ്ടുകൾ പഴക്കമുള്ള ആചാരത്തിനായി പാലിക്കുന്ന രീതിയാണിത്. 

ഘോഷയാത്ര റൺവേയ്‌ക്ക് സമീപത്തെ ആറാട്ടു മണ്ഡപത്തിൽ അൽപ്പനേരം വിശ്രമിച്ചശേഷം വിശുദ്ധസ്നാനത്തിനായി പുറപ്പെട്ടു. തിരുവിതാംകൂർ രാജകുടുംബാംഗങ്ങളും ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ജീവനക്കാരുടെയും ആനകളുടെയും പോലീസ് ബാൻഡിന്‍റെയും പോലീസുകാരുടെയും അകമ്പടിയോടെയായിരുന്നു ആറാട്ട്. വൈകുന്നേരം 5.30 ഓടെ വിമാനത്താവളത്തിന്‍റെ വളപ്പിലേക്ക് പ്രവേശിച്ച ഘോഷയാത്ര രാത്രി 8 മണിക്ക് ചടങ്ങുകൾ പൂർത്തിയാക്കിയശേഷം അതേ വഴിയിലൂടെ മടങ്ങി.

ആറാട്ട് ഘോഷയാത്രയുടെ ഭാഗമായി തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്‍റെ റൺവേ വൈകിട്ട് 4 മുതൽ രാത്രി 9 വരെ അടച്ചിട്ടു. ഈ സമയത്തുള്ള ആഭ്യന്തര, രാജ്യാന്തര സർവീസുകൾ പുനഃക്രമീകരിച്ചു. നാല് അന്താരാഷ്ട്ര വിമാനങ്ങൾ ഉൾപ്പെടെ ആകെ ആറ് വിമാനങ്ങളുടെ സമയക്രമമാണ് പുനഃക്രമീകരിച്ചത്. വർഷത്തിൽ ഇത്തരത്തിൽ രണ്ടുതവണ വിമാനത്താവള സേവനങ്ങൾ നിർത്തിവയ്ക്കാറുണ്ട്. മാർച്ച് - ഏപ്രിൽ മാസത്തിലെ പൈങ്കുനി ഉത്സവത്തിനും ഒക്ടോബർ- നവംബർ മാസത്തിലെ അൽപശി ആറാട്ടു ഘോഷയാത്രയ്ക്കുമാണ് ഇത്


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K