30 November, 2022 09:26:06 PM


ഏഴരപൊന്നാനയുടെ നാട്ടില്‍ ആദ്യമായി മുത്തപ്പന്‍ വെള്ളാട്ടം അരങ്ങേറുന്നു



ഏറ്റുമാനൂര്‍: ഏഴരപൊന്നാനയുടെ നാട്ടില്‍ ആദ്യമായി മുത്തപ്പന്‍ വെള്ളാട്ടം അരങ്ങേറുന്നു. ഏറ്റുമാനൂര്‍ മാരിയമ്മന്‍ കോവിലിലെ നാല്‍പ്പത്തിയൊന്ന് മഹോത്സവത്തിന്‍റെ ഭാഗമായി ഡിസംബര്‍ 23ന് രാത്രി 7.30നാണ് മുത്തപ്പന്‍ വെള്ളാട്ടം നടക്കുക. സാംസ്കാരികഘോഷയാത്രകളുടെ ഭാഗമായി മുത്തപ്പന്‍ വേഷം എത്തിയിട്ടുണ്ടെങ്കിലും ഒരു ക്ഷേത്രത്തിലെ ചടങ്ങായി ഇതാദ്യമായാണ് ഏറ്റുമാനൂരില്‍ വെള്ളാട്ടം നടക്കുന്നത്. കണ്ണൂര്‍ പ്രദീപന്‍ പെരുവണ്ണാനും സംഘവുമാണ് വെള്ളാട്ടം അവതരിപ്പിക്കുക.


നാല്‍പ്പത്തിയൊന്ന് മഹോത്സവത്തിന് തുടക്കം കുറിച്ചെങ്കിലും പ്രധാന പരിപാടികള്‍ ഡിസംബര്‍ 16 മുതലാണ്. വൈകിട്ട് ശ്രീ മാരിയമ്മന്‍ കോവില്‍ ട്രസ്റ്റ് പ്രസിഡന്‍റ് പി.പ്രമോദ്കുമാറിന്‍റെ അധ്യക്ഷതയില്‍ ചലച്ചിത്ര സംഗീത സംവിധായകന്‍ ജയ്സണ്‍ ജെ നായര്‍ കലാപരിപാടികള്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് ഭജന്‍സ്. 17ന് വൈകിട്ട് തീയാട്ട്, 18ന് വൈകിട്ട് കഥാപ്രസംഗം - അനീസ്യാ (കോട്ടയം സുഗതന്‍സ്) എന്നിവയാണ് പ്രധാന പരിപാടികള്‍.


19ന് വൈകിട്ട് പുല്ലാങ്കുഴല്‍ കച്ചേരി - അനില്‍കുമാര്‍ സി.ആര്‍, 20ന് വൈകിട്ട് ഭക്തിഗാനസുധ - വിഷ്ണു വി നാഥ്, അഞ്ചു വിഷ്ണു, 21ന് വൈകിട്ട് ഓട്ടന്‍തുള്ളല്‍ - കലാനിലയം അനില്‍കുമാര്‍, 22ന് വൈകിട്ട് നാമാഭിക്ഷേകം എന്നീ പരിപാടികള്‍ നടക്കും. 24ന് വൈകിട്ട് ഭരതം മോഹനം - നൃത്തപരിപാടി, 25ന് വൈകിട്ട് കളമെഴുത്തും പാട്ടും, രാത്രി മുടിയേറ്റ് - ഉണ്ണികൃഷ്ണമാരാര്‍, 26ന് രാത്രി ഭാരതപുത്രന്‍ - നൃത്തനാടകം (അശ്വതി ഭദ്രാ, തിരുവനന്തപുരം) എന്നിവ നടക്കും.


27ന് രാവിലെ 7.30നാണ് മാരിയമ്മന്‍ പൊങ്കാല. തുടര്‍ന്ന് ബ്രഹ്മകലശാഭിഷേകം, ചെണ്ടമേളം - കലാപീഠം അനൂപ്, വൈകിട്ട് 5ന് കുംഭം എഴുന്നള്ളിപ്പ് ഘോഷയാത്ര, രാത്രി 7 മണിക്ക് തിരുമംഗല്യചാര്‍ത്ത്, തിരുമംഗല്യപൂജ, പുഷ്പാഭിഷേകം, പുഷ്പാലങ്കാരം, തുടര്‍ന്ന് കറുപ്പന്‍ ഊട്ട്, നൃത്തം ഇവ നടക്കും. രാത്രി 12.30നാണ് ആഴിപൂജയും ആഴിപ്രവേശനവും. തുടര്‍ന്ന് വില്‍പാട്ട് - മഹാദേവന്‍ ചെട്ടിയാര്‍. 28ന് രാവിലെയാണ് പ്രശസ്തമായ മഞ്ഞള്‍നീരാട്ട്. 12ന് മഹാപ്രസാദമൂട്ടിനുശേഷം നട അടയ്ക്കും.ജനുവരി 2ന് നടതുറപ്പ് മഹോത്സവമാണ്. 

 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K