20 December, 2022 10:03:09 PM


പ്രാര്‍ത്ഥനകള്‍ സ്വന്തം മോക്ഷത്തിനുവേണ്ടിയാകരുത് - ഡോ. എൻ. ഗോപാലകൃഷ്ണൻഏറ്റുമാനൂർ: പ്രാര്‍ത്ഥനകള്‍ സ്വന്തം മോക്ഷത്തിനുവേണ്ടിയാകരുതെന്നും ഓരോരുത്തരുടെയും പ്രവ‍ൃത്തികള്‍ ലോകനന്മയ്ക്കുവേണ്ടിയായിരിക്കണമെന്നും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍റിഫിക് ഹെറിറ്റേജ് ഡയറക്ടർ ഡോ. എൻ. ഗോപാലകൃഷ്ണൻ. ഭാരതം പുനര്‍ജനിക്കുന്ന അവസരമാണിത്. ആയിരക്കണക്കിന് വിദേശീയരാണ് ഭാരതസംസ്കാരം ഉള്‍ക്കൊണ്ട് നമ്മുടെ ക്ഷേത്രങ്ങളില്‍ എത്തുന്നത്. ഭാരതത്തിന്‍റെ മകനായും മകളായും ജനിച്ചതില്‍ നാം അഭിമാനം കൊള്ളുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

ആചാരങ്ങള്‍ ജീവിതത്തില്‍ ഭാരമാകുന്ന അവസ്ഥയിലേക്കെത്തരുത്. മറിച്ച് അവ ജീവിതത്തിന്‍റെ ഭാഗമായി മാറുകയാണ് വേണ്ടത്. മഹാഭാരതത്തിലെ കഥകൾ അതിലെ കഥാപാത്രങ്ങളുടെതു മാത്രമല്ലെന്നും പ്രധാനമായും പ്രപഞ്ചത്തിലെ ഓരോ ജീവജാലങ്ങളേക്കുറിച്ചാണെന്നും അദ്ദേഹം ചൂണ്ടികാട്ടി. ഏറ്റുമാനൂരിൽ നടക്കുന്ന ശ്രീമദ് മഹാഭാരത സത്രത്തിന്‍റെ മൂന്നാം ദിവസമായ ചൊവ്വാഴ്ച 'സനാതനധർമ്മം തളർച്ചയിൽ നിന്നും വളർച്ചയിലേക്ക്' എന്ന വിഷയത്തെ അധികരിച്ചു പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. 

കുന്തി ദേവിയെ പുകഴ്ത്തുന്നതിനപ്പുറം മാതൃകയാക്കേണ്ട മാതൃത്വമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അതേസമയം, കണ്ണ് മൂടിക്കെട്ടി നടന്നതിലൂടെ സ്വന്തം മക്കളെ നേര്‍വഴിക്ക് നയിക്കാനാവാതെ വന്ന ഗാന്ധാരിയുടെ കഥയിലൂടെ നാം പഠിക്കേണ്ടത് മാതാപിതാക്കളുടെ അശ്രദ്ധക്കുറവ് മൂലം വഴിപിഴച്ച് പോകുന്ന ഇന്നത്തെ തലമുറയെ കുറിച്ചാണ്. മക്കളെ നല്ലവരായും മഹത്വമുള്ളവരായും വളർത്തിയെടുക്കുവാൻ കുന്തിദേവി നടത്തിയിട്ടുള്ള ശ്രമങ്ങൾ ശ്രേഷ്ഠമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 

ഏറ്റുമാനൂർ മഹാദേവക്ഷേത്രസംരക്ഷണസമിതിയുടെ നേതൃത്വത്തില്‍ നടന്നുവരുന്ന മഹാഭാരതസത്രത്തിന്‍റെ ഭാഗമായി ഇന്ന് നന്ദാവനം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഫെഡറേഷൻ ഓഫ് സീനിയർ സിറ്റിസൺസ് സംസ്ഥാന പ്രസിഡന്‍റ് എൻ അരവിന്ദാക്ഷൻ നായർ അധ്യക്ഷനായിരുന്നു. സത്രനിര്‍വഹണസമിതി ട്രഷറര്‍ എസ്.എസ്.വിജയകുമാര്‍, കണ്‍വീനര്‍ പി.എം.രാജശേഖരന്‍ എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് ജയപ്രസാദ് എം.ഡി. നയിച്ച ഭക്തിഗാനതരംഗിണിയും നടന്നു.

ബുധനാഴ്ച വൈകിട്ട് റിട്ട ഡപ്യൂട്ടി ഡിഎംഓ തങ്കമ്മ സോമന്‍റെ അധ്യക്ഷതയില്‍ 'ഭീഷ്മപര്‍വം ഒരു പുനര്‍വായന' എന്ന വിഷയത്തില്‍ ഏറ്റുമാനൂരപ്പന്‍ കോളേജ് അസോസിയേറ്റ് പ്രഫസര്‍ സരിതാ അയ്യര്‍ പ്രഭാഷണം നടത്തും. ജയശ്രീ ഗോപിക്കുട്ടന്‍, വി.ജ്യോതി, രത്നമ്മ രാമചന്ദ്രന്‍ എന്നിവര്‍ പ്രസംഗിക്കും.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K