08 January, 2023 11:54:07 PM


നടതുറപ്പ് ഉത്സവലഹരിയില്‍ തിരുവൈരാണിക്കുളം: വെര്‍ച്വല്‍ ക്യൂ തിരക്ക് കുറച്ചു

 

കാലടി: തിരുവൈരാണിക്കുളം നടതുറപ്പ് മഹോത്സവം ആരംഭിച്ച ശേഷമുള്ള ആദ്യ ഞായാഴ്ചയായിരുന്ന ഇന്ന്ക്ഷേ ത്രത്തില്‍ ഭക്തജന സഹസ്രങ്ങള്‍ ദര്‍ശനം നടത്തി. പുലര്‍ച്ചെ നടതുറന്ന് ഏതാനും മണിക്കൂറുകള്‍ കൊണ്ടുതന്നെ ഭക്തജനങ്ങളുടെ നിലയ്ക്കാത്ത പ്രവാഹമാരംഭിച്ചു. സാധാരണ ദിവസങ്ങളേക്കാള്‍ കൂടുതല്‍ ഭക്തരെത്തിയെങ്കിലും ക്ഷേത്ര ട്രസ്റ്റിന്റെ ക്യൂ സംവിധാനത്തിലൂടെ തിരക്ക് അതിരുവിടാതെ നിയന്ത്രിക്കാനായി.

ഭക്തരില്‍ നല്ലൊരു ശതമാനം വെര്‍ച്വല്‍ ക്യൂ സംവിധാനം ബുക്ക് ചെയ്തു വന്നതിനാല്‍ സാധാരണ ക്യൂവിലെ തിക്കുംതിരക്കും ഒഴിവായി. ഒരാഴ്ച മുന്‍പേ ഞായറാഴ്ചത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിംഗ് പൂര്‍ണ്ണമായിരുന്നു. വെര്‍ച്വല്‍ ക്യൂ ബുക്കിംഗ് നടത്തി വരുന്നവര്‍ക്ക് ക്ഷേത്ര ട്രസ്റ്റിന്റെ മൂന്ന് പാര്‍ക്കിംഗ് ഗ്രൗണ്ടുകളിലും വെരിഫിക്കേഷന്‍ കൗണ്ടറുകള്‍ ഒരുക്കിയിരുന്നതിനാല്‍ വാഹനങ്ങളില്‍ നിന്ന് ഇറങ്ങുമ്പോഴേ പരിശോധന പൂര്‍ത്തിയാക്കി ഭക്തര്‍ക്ക് ക്ഷേത്രത്തിലേക്ക് എത്താനായി. ക്ഷേത്രത്തിനു മുന്നിലെ തിരക്ക് ഒഴിവാക്കാനും ഇതുവഴി സാധിച്ചു.

നേരെ ക്ഷേത്രത്തില്‍ എത്തിയ ഭക്തര്‍ക്കായി ക്ഷേത്ര കവാടത്തിനു മുന്നില്‍ വെര്‍ച്വല്‍ ക്യൂ വെരിഫിക്കേഷന്‍ നടത്താന്‍ സംവിധാനം ഒരുക്കിയിട്ടുണ്ട്. രണ്ടു ക്യൂ ഗ്രൗണ്ടുകള്‍ കവിഞ്ഞ് ക്യൂ മൂന്നാം ഗ്രൗണ്ടിലേക്ക് കടന്നെങ്കിലും പൊലീസും ക്ഷേത്ര ട്രസ്റ്റിന്റെ വാളണ്ടിയേഴ്‌സും പ്രൈവറ്റ് സെക്യൂരിറ്റി ഗാര്‍ഡും ചേര്‍ന്ന് ബാരിക്കേഡ് ഉപയോഗിച്ച് കൃത്യമായി നിയന്ത്രിച്ചതിനാല്‍ ഒരു മണിക്കൂറിനുള്ളില്‍ ഭക്തര്‍ക്ക് സുഗമവും സുരക്ഷിതവുമായി ദര്‍ശനം നടത്തി മടങ്ങാന്‍ കഴിഞ്ഞു. ക്യൂവില്‍ നില്‍ക്കുന്ന ഭക്തര്‍ക്ക് ലഘുഭക്ഷണവും സൗജന്യ കുടിവെള്ളവും ലഭിക്കുന്നുണ്ട്. ക്യൂവില്‍ തന്നെയുള്ള വഴിപാട് കൗണ്ടറുകള്‍ വഴി അര്‍ച്ചനകള്‍ നടത്താന്‍ കഴിയുന്നത് ഭക്തര്‍ക്ക് ഏറെ സൗകര്യപ്രദമാണ്.

ഭക്തരുടെ ആധിക്യം പരിഗണിച്ച് ഇന്നലെ ദേവിയുടെ നടയ്ക്കല്‍ മഞ്ഞള്‍ പറ നടത്തുന്നതിന് കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി. മഹാദേവന്റെ നടയിലെ എള്ളു പറയിലും വന്‍ വര്‍ധനവുണ്ടായി. പ്രസാദങ്ങളായ അരവണ, ഉണ്ണിയപ്പം, അഭിഷേക മഞ്ഞള്‍, കുങ്കുമം, ദേവിക്കു ചാര്‍ത്തിയ പട്ട് എന്നിവ എല്ലാമടങ്ങിയ പ്രസാദ കിറ്റ് ഏര്‍പ്പെടുത്തിയത് ഭക്തര്‍ക്ക് ഏറെ സൗകര്യപ്രദമായി. രാവിലെ മുതല്‍ ക്ഷേത്ര ട്രസ്റ്റിന്റെ അന്നദാനമുള്ളത് ദൂരദേശങ്ങളില്‍ നിന്നു വരുന്ന ഭക്തര്‍ക്കുള്‍പ്പെടെ ആശ്വാസമായിരുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K