10 January, 2023 07:41:36 PM


മഞ്ഞളില്‍ നീരാടി ദേവി; പറയില്‍ നിറയ്ക്കുന്നത് ജൈവ കൃഷിയിലൂടെ വിളയിച്ച മഞ്ഞള്‍



കാലടി: നടതുറപ്പ് മഹോത്സവത്തിന്‍റെ ഓരോ ദിനവും കടന്നുപോകുന്നത് മഞ്ഞളില്‍ നീരാടിയാണ്. ഭക്തരില്‍ നിറയുന്നത് മഞ്ഞളിന്‍റെ നിറവും ഗന്ധവുമാണ്. ശ്രീപാര്‍വ്വതിദേവിക്കുള്ള പ്രധാന വഴിപാടുകളും ദേവിയുടെ പ്രസാദമായി ഭക്തര്‍ക്കു ലഭിക്കുന്നതും മഞ്ഞളാണ്. വ്രതനിഷ്ടയോടെ ഉപാസിച്ച് മഹാദേവനെ സംപ്രീതനാക്കി പരിണയിച്ച നവവധുവാണ് തിരുവൈരാണിക്കുളത്തെ പാര്‍വ്വതീദേവിയുടെ പ്രതിഷ്ഠാ സങ്കല്‍പ്പം. സുമംഗലിയും സന്തോഷവതിയുമായ ദേവിയുടെ ഇഷ്ട പൂജാ ദ്രവ്യമെന്ന നിലയിലാണ് മഞ്ഞളിന് പ്രാധാന്യം കല്‍പ്പിക്കുന്നത്.


അഭിഷേകമായും പറവഴിപാടായും പ്രസാദമായുമെല്ലാം മഞ്ഞള്‍ നിറഞ്ഞുനില്‍ക്കുകയാണ്. ദാരുശില്‍പമായതിനാല്‍ ദേവിക്ക് അഭിഷേകം നടത്തുന്നത് മഞ്ഞള്‍ പൊടികൊണ്ടു മാത്രമാണ്. ഇത് ഭക്തര്‍ക്ക് പ്രസാദമായി നല്‍കും. ദേവീദര്‍ശനം കഴിഞ്ഞിറങ്ങുന്ന ഓരോ ഭക്തരും ആദ്യം തിരയുന്നത് മഞ്ഞള്‍പ്പറയാണ്. മംഗല്യസൗഭാഗ്യത്തിനും ദീര്‍ഘമംഗല്യത്തിനും കുടുംബ ഐശ്വര്യത്തിനുമായുള്ള വിശേഷ വഴിപാടാണ് മഞ്ഞള്‍ പറ. ദേവിയുടെ തിരുനടയില്‍ മഞ്ഞള്‍പറ നിറയ്ക്കാതെ ഭക്തര്‍ മടങ്ങാറില്ല.


ദര്‍ശനം കഴിഞ്ഞിറങ്ങുന്ന ഭക്തര്‍ക്ക് നടയ്ക്കു സമീപം തന്നെ സജ്ജീകരിച്ചിട്ടുള്ള പറ കൗണ്ടറുകളില്‍ നിന്ന് കൂപ്പണെടുത്ത് സൗകര്യപ്രദമായി നിന്നു പറ നിറയ്ക്കാം. ഓണ്‍ലൈനായും മഞ്ഞള്‍ പറ ബുക്ക് ചെയ്യുന്നുണ്ട്. ഓണ്‍ലൈന്‍ വഴിപാടുകള്‍ ബുക്ക് ചെയ്യുന്നവര്‍ക്ക് പ്രസാദമായി മഞ്ഞള്‍പൊടിയും കുങ്കുമവും പ്രസാദമായി അയച്ചുനല്‍കുന്നുണ്ട്. ക്ഷേത്ര ട്രസ്റ്റിന്റെ നേതൃത്വത്തില്‍ നടത്തുന്ന ജൈവ കൃഷിയിലൂടെ വിളയിച്ചെടുക്കുന്ന മഞ്ഞളാണ് ഇതിനായി ഉപയോഗിക്കുന്നതിലേറെയും. കൂടാതെ മഹാദേവനു എള്ളുപറയും വിശേഷപ്പെട്ടതാണ്. നടതുറപ്പുത്സവം കഴിഞ്ഞാലും വര്‍ഷം മുഴുവന്‍ മഞ്ഞള്‍ പറയും അഭിഷേകവും മുടക്കംകൂടാതെ നടക്കും.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K