22 February, 2023 11:46:21 AM


തിരുപ്പതി ക്ഷേത്ര ദർശനത്തിന് മാർച്ച് 1 മുതൽ 'ഫെയ്സ് റെക്കഗ്നീഷന്‍' സംവിധാനം;



തിരുപ്പതി: തീര്‍ത്ഥാടകര്‍ക്ക് സുഗമമായ ദര്‍ശനം ഒരുക്കുന്നതിനും ഭക്തരുടെ താമസവുമായി ബന്ധപ്പെട്ട് നിലവിലുള്ള സംവിധാനത്തിലെ പിഴവുകള്‍ പരിഹരിക്കുന്നതിനുമായി പുതിയ സംവിധാനവുമായി തിരുമല തിരുപ്പതി ദേവസ്ഥാനം (ടിടിഡി). ഭക്തരുടെ മുഖം തിരിച്ചറിയുന്ന ഫെയ്‌സ് റെക്കഗ്നീഷന്‍ സംവിധാനം ഏര്‍പ്പെടുത്താനാണ് ക്ഷേത്രാധികൃതരുടെ തീരുമാനം. മാര്‍ച്ച് ഒന്നു മുതല്‍ പദ്ധതി പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കാനാണ് തീരുമാനം.

ലഡ്ഡു പ്രസാദം, സര്‍വദര്‍ശനം എന്നിവയുടെ ടോക്കണുകള്‍ വിതരണം ചെയ്യുന്നത് മുതല്‍ തീര്‍ഥാടകര്‍ക്ക് കോഷന്‍ ഡിപ്പോസിറ്റ് തിരികെ നല്‍കുന്നതിലും താമസ സൗകര്യം ഒരുക്കുന്നതില്‍ വരെ ക്രമക്കേടുകള്‍ നടക്കുന്നുണ്ടെന്ന് ടിടിഡി അധികൃതര്‍ പറയുന്നു. ഫെയ്‌സ് റെക്കഗ്നീഷന്‍ സംവിധാനം ഏര്‍പ്പെടുത്തിയാല്‍ ക്രമക്കേടുകള്‍ പരമാവധി ഒഴിവാക്കാനാകുമെന്ന പ്രതീക്ഷയിലാണ് ടിടിഡി ഉന്നതാധികൃതർ.

തിരുമലയില്‍ ഭക്തർക്കായി 7,000 ത്തോളം താമസ സൗകര്യങ്ങളുണ്ട്, അതില്‍ 5,000ത്തോളം ഇടങ്ങൾ സാധാരണ ഭക്തര്‍ക്ക് അനുവദിക്കുന്നതാണ്. മേല്‍പ്പറഞ്ഞ 5,000 സൗകര്യങ്ങളില്‍ താമസസൗകര്യം ലഭിക്കാത്ത 5,000 മുതല്‍ 10,000 തീര്‍ത്ഥാടകര്‍ക്ക് വരെ ക്ഷേത്രത്തിലെ പിഎസി കോംപ്ലക്‌സുകളില്‍ താമസസൗകര്യം നല്‍കും. ഭക്തരില്‍ ചിലര്‍ക്ക് ശിപാര്‍ശ കത്തുകളോടെയാണ് താമസസൗകര്യം ലഭിക്കുന്നത്. മുറികള്‍ കിട്ടാത്ത ചില ഭക്തര്‍ ബ്രോക്കര്‍മാരെ സമീപിക്കുകയും, അവര്‍ മുറി വാടക്ക് പുറമെ കോഷന്‍ ഡിപ്പോസിറ്റും വാങ്ങി ഭക്തരെ കൊള്ളയടിക്കുകയുമാണ്.

ഇതിന് പുറമെ, യുപിഐ, ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് നടത്തുന്ന ഡിജിറ്റല്‍ പേയ്മെന്റ് സംവിധാനവും നടപ്പാക്കും. തിരുമലയില്‍ വാടകയ്ക്ക് മുറിയെടുക്കുമ്പോള്‍. ജാഗ്രതയോടെ വേണം പണം നല്‍കാനെന്നും അധികൃതര്‍ അറിയിച്ചു. കോഷന്‍ ഡെപ്പോസിറ്റ് പണമടച്ചതിന് ശേഷം ഒരാള്‍ക്ക് ഒറ്റത്തവണ പാസ്വേഡ് ലഭിക്കും. മുറികള്‍ ഒഴിയുന്ന സമയത്ത് ബന്ധപ്പെട്ട ജീവനക്കാരോട് ഒടിപി വെളിപ്പെടുത്തുന്നതിനനുസരിച്ച് ഭക്തര്‍ക്ക് അവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് കോഷന്‍ ഡെപ്പോസിറ്റ് തിരികെ ലഭിക്കുന്നതാണ്.

ഒരാള്‍ക്ക് പ്രതിദിനം 50 രൂപ മുതല്‍ 500 രൂപ വരെയുള്ള മുറി വാടക ചെക്ക് ഇന്‍ ചെയ്യണമെങ്കില്‍, കോഷന്‍ ഡെപ്പോസിറ്റായി 500 രൂപ അധികമായി നല്‍കണം. മുറിയില്‍ ചെക്ക് ഇന്‍ ചെയ്യുമ്പോള്‍ ഭക്തന് ടിടിഡിയില്‍ നിന്ന് ഒരു ഒടിപി ലഭിക്കും. മുറി ഒഴിയുമ്പോള്‍ ഒടിപി നൽകി കോഷന്‍ ഡെപ്പോസിറ്റ് തിരികെ വാങ്ങാവുന്നതാണ്.

എന്നാല്‍ സ്വന്തം കാര്‍ഡുകള്‍ക്ക് പകരം ബ്രോക്കറുടെ ക്രെഡിറ്റ് കാര്‍ഡോ ഡെബിറ്റ് കാര്‍ഡോ ഉപയോഗിച്ച് ഭക്തര്‍ക്ക് താമസ സൗകര്യം ഏര്‍പ്പെടുത്തുകയും ഇതില്‍ നിന്ന് ലഭിക്കുന്ന ഒടിപി അറിഞ്ഞ് കോഷന്‍ ഡിപ്പോസിറ്റ് തട്ടിയെടുക്കുകയാണ് ബ്രോക്കര്‍മാര്‍ ചെയ്യുന്നത്. കോഷൻ ഡിപ്പോസിറ്റിനെക്കുറിച്ച് ചോദിക്കുമ്പോള്‍ തങ്ങളുടെ അക്കൗണ്ടിലേക്ക് വന്നിട്ടില്ലെന്നാണ് ബ്രോക്കര്‍ന്മാര്‍ പറയുന്നത്. ഇത്തരത്തില്‍ തിരുപ്പതിയിലെ വിവിധ സംവിധാനങ്ങളില്‍ ക്രമക്കേടുകള്‍ നടക്കുന്നതായി കണ്ടെത്തിയതോടെയാണ് മാര്‍ച്ച് 1 മുതല്‍ ഒരാഴ്ചത്തേക്ക് ഫെയ്സ് റെക്കഗ്നീഷന്‍ സംവിധാനം ഏര്‍പ്പെടുത്താന്‍ ടിടിഡി തീരുമാനിച്ചത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K