01 March, 2023 11:21:25 PM


അണിഞ്ഞൊരുങ്ങി ബാലന്മാര്‍; ആറ്റുകാലില്‍ കുത്തിയോട്ടത്തിന് ഭക്തിനിര്‍ഭരമായ തുടക്കം



തിരുവനന്തപുരം : ആറ്റുകാല്‍ ദേവീ ക്ഷേത്രത്തിലെ കുത്തിയോട്ട ചടങ്ങിന് ഭക്തിനിര്‍ഭരമായ തുടക്കം. 744 കുത്തിയോട്ട ബാലന്‍മാരാണ് ഇന്ന് ക്ഷേത്രകുളത്തില്‍ കുളിച്ച് ഈറനണിഞ്ഞ് വരിയായി ദേവിയെ വണങ്ങി വൃതമാരംഭിച്ചത്. 6 മുതല്‍ 12 വയസ് വരെയുള്ള ബാലന്മാരാണ് ഈ അനുഷ്ഠാനത്തില്‍ പങ്കെടുക്കുന്നത്.

ദേവിയെ കാപ്പുകെട്ടി കുടിയിരുത്തിയതിന്‍റെ 3-ാം നാളിലാണ് കുത്തിയോട്ടവ്രതം തുടങ്ങുക. ഇനിയുള്ള 7 ദിവസങ്ങള്‍ കുത്തിയോട്ടബാലന്മാര്‍ ക്ഷേത്രത്തില്‍ തന്നെ താമസിക്കും. മഹിഷാസുരമര്‍ദിനി ദേവിയുടെ മുറിവേറ്റ ഭടന്മാരാണ് കുത്തിയോട്ട ബാലന്മാര്‍ എന്നതാണ് സങ്കല്‍പ്പം. 7 വെള്ളിനാണയങ്ങള്‍ പള്ളിപ്പലകയില്‍ വെച്ച് മേല്‍ശാന്തിക്കു ദക്ഷിണ നല്‍കി അനുഗ്രഹം വാങ്ങിയാണ് കുത്തിയോട്ട അനുഷ്ഠാനത്തിലേക്ക് ബാലന്‍മാര്‍ കടന്നത്.

കുത്തിയോട്ട നേര്‍ച്ചയിലൂടെ ദേവിപ്രീതി നേടാമെന്നും അതുവഴി ഉന്നതവിജയവും രോഗവിമുക്തിയും ലഭിക്കുമെന്നുമാണ് വിശ്വാസം. 7 ദിവസം കൊണ്ട് 1008 നമസ്‌കാരങ്ങള്‍ പൂര്‍ത്തിയാക്കുന്ന കുട്ടികള്‍ക്ക് ദേവിയുടെ  ആശിര്‍വാദം ലഭിക്കും. 9-ാം നാള്‍ കിരീടം വച്ച് അണിഞ്ഞൊരുങ്ങി ദേവിയുടെ  മുമ്പിലെത്തി ചൂരല്‍ കുത്തുന്ന ഇവര്‍ മണക്കാട് ശ്രീധര്‍മശാസ്താ ക്ഷേത്രത്തിലേയ്ക്കുള്ള ദേവിയുടെ എഴുന്നള്ളത്തിന് അകമ്പടി സേവിക്കും. അടുത്ത ദിവസം രാവിലെ ക്ഷേത്രത്തില്‍ തിരികെയെത്തി ദേവിസന്നിധിയില്‍ ചൂരല്‍ കുത്ത് മാറ്റിയ ശേഷമാണ് ബാലന്മാര്‍ വീട്ടിലേക്കു മടങ്ങുക.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K