02 March, 2023 01:52:35 PM


ഏറ്റുമാനൂരപ്പൻ ആറാട്ടിനായി പുറപ്പെട്ടു: ആറാട്ട് പേരൂർ പൂവത്തുംമൂട്ടിൽ



ഏറ്റുമാനൂർ: ഏറ്റുമാനൂർ മഹാദേവക്ഷേത്രത്തിലെ ഉത്സവസമാപനത്തിന്‍റെ ഭാഗമായി ഇന്ന് വൈകിട്ട് ആറാട്ട് നടക്കും. കുംഭമാസത്തിലെ തിരുവാതിര നാളിൽ ആറാട്ടു നടക്കുന്നത് മീനച്ചിലാറ്റിൽ പേരൂർ പൂവത്തുംമൂടു കടവിലാണ്.


ഏറ്റുമാനൂർ ക്ഷേത്രത്തിൽ നിന്നും ഉച്ചയോടെ പുറപ്പെട്ട ആറാട്ടിന് വൈകിട്ട് ദീപാരധന സമയം പേരുർകാവ് ഭഗവതി ക്ഷേത്രത്തിൽ സ്വീകരണം നൽകും.  ആറാട്ടുകടവിലേലേക്ക് എഴുന്നള്ളുന്ന ഭഗവാനെ നിറപറയും നിലവിളക്കും വെച്ച് ഭക്തർ സ്വീകരിക്കും. വിവിധ സ്ഥലങ്ങളിൽ വിവിധ കലാപരിപാടികളും രാവിലെ മുതൽ സദ്യ വട്ടങ്ങളും ഭക്തർ ഒരുക്കിയിട്ടുണ്ട്. ആറാട്ടുചടങ്ങുകൾ ആരംഭിക്കുന്ന സമയം കടവിന്‍റെ അക്കരെ തിരുവഞ്ചൂരിൽ പെരിങ്ങള്ളൂർ ശ്രീ മഹാദേവന്‍റെ ആറാട്ടും നടക്കും.


മടക്കയാത്രയിൽ ചാലയ്ക്കൽ ക്ഷേത്രത്തിൽ  "ശൈവവൈഷ്ണവസംഗമം" നടക്കുന്നു. ഈ സമയം ഭക്തജനങ്ങൾക്ക് പ്രസാദമൂട്ടുമുണ്ട്. അതിനു ശേഷം പുറപ്പെടുന്ന ആറാട്ട് പേരുർ കാവിനടുത്തെത്തുമ്പോൾ വാദ്യമേളങ്ങളില്ലാതെ വിളക്കുകളും പന്തങ്ങളും കെടുത്തി ക്ഷേത്രത്തിനു പിന്നിലൂടെയാവും യാത്ര. വെളുപ്പിന് ഏറ്റുമാനൂരിൽ എത്തുന്ന ആറാട്ടിനെ വരവേൽക്കാൻ ഗജവീരന്മാരും ഏഴരപ്പൊന്നാനയും കോവിൽ പാടത്തു തയ്യാറായി നിൽക്കും. അവിടെ നിന്നും വരവേൽപ്പോടെ ക്ഷേത്രത്തിലെത്തുന്നതോടെ കൊടിയിറക്കം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K