24 March, 2023 04:48:25 PM


രാഹുല്‍ ഗാന്ധിയുടെ അയോഗ്യത; വയനാട് ലോക്സഭാ മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പിന് സാധ്യത



വയനാട്: മാനനഷ്ട കേസില്‍ ശിക്ഷിക്കപ്പെട്ടതിനെ തുടര്‍ന്ന് ലോക്സഭാ അംഗത്വത്തില്‍ നിന്ന് രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയതോടെ വയനാട് ലോക്സഭാ മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പിന് സാധ്യത തെളിയുന്നു. 


മാനനഷ്ടക്കേസിൽ കുറ്റക്കാരനെന്നു കണ്ടെത്തി കീഴ്ക്കോടതി വിധിച്ച ശിക്ഷയില്‍ മേല്‍ക്കോടതി ശിക്ഷ ഇളവ് ചെയ്യുകയോ നടപടി സ്റ്റേ ചെയ്യുകയോ ചെയ്തില്ലെങ്കില്‍ വയനാട്ടില്‍ ഉപതെരഞ്ഞെടുപ്പ് നടക്കാനാണ് സാധ്യത. ഒരു മണ്ഡലത്തില്‍ ജനപ്രതിനിധി അയോഗ്യനായാലോ മരണപ്പെട്ടാലോ ആറ് മാസത്തിനകം ഉപതെരഞ്ഞെടുപ്പ് നടത്തണമെന്നാണ് ചട്ടം.


2019-ലെ തിരഞ്ഞെടുപ്പ് പ്രസംഗത്തില്‍ മോദി സമുദായത്തെ മാനം നഷ്ടപ്പെടുത്തിയെന്ന കേസില്‍ ഗുജറാത്തിലെ സൂറത്ത് കോടതി രണ്ടു വര്‍ഷത്തേക്കാണ് രാഹുലിന് ശിക്ഷ വിധിച്ചിരിക്കുന്നത്. മാനനഷ്ട കേസില്‍ ലഭിക്കുന്ന പരമാവധി ശിക്ഷയാണ് കോടതി രാഹുലിന് നല്‍കിയിരിക്കുന്നത്. ജനപ്രാതിനിധ്യ നിയമപ്രകാരം രണ്ടുവര്‍ഷമോ അതില്‍ കൂടുതലോ തടവ് ശിക്ഷ ലഭിച്ചാല്‍ അയോഗ്യതയ്ക്ക് കാരണമാകും. ഇതിന്‍റെ അടിസ്ഥാനത്തിലാണ് രാഹുലിനെ ലോക്‌സഭാ സെക്രട്ടറിയേറ്റ് അയോഗ്യനാക്കിയത്.



സൂറത്ത് കോടതി വിധിക്കെതിരെ രാഹുലിന് ഹൈക്കോടതിയേയോ സുപ്രീംകോടതിയോ സമീപിക്കാം. മേല്‍ക്കോടതി സൂറത്ത് കോടതി വിധിയെ സ്‌റ്റേ ചെയ്യുകയോ ഇളവ് നല്‍കുയോ ചെയ്യാത്ത സാഹചര്യമുണ്ടായാല്‍ വയനാട്ടില്‍ ഉപതിരഞ്ഞെടുപ്പ് നടത്തേണ്ടിവരും.  അങ്ങനെ വന്നാല്‍ ഈ വര്‍ഷം നടക്കുന്ന കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിനോടൊപ്പം വയനാട്ടില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനാണ് സാധ്യത.


നേരത്തെ ലക്ഷദ്വീപ് എംപി സ്ഥാനത്ത് നിന്ന് മുഹമ്മദ് ഫൈസലിനെ അയോഗ്യനാക്കിയതിന് പിന്നാലെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചെങ്കിലും പിന്നീട് ഇത് മരവിപ്പിച്ചിരുന്നു. വധശ്രമക്കേസില്‍ ശിക്ഷക്കപ്പെട്ടതിനെ തുടര്‍ന്നാണ് മുഹമ്മദ് ഫൈസലിനെ അയോഗ്യനാക്കിയത്. എന്നാല്‍ ശിക്ഷവിധിച്ച സെഷന്‍സ് കോടതി നടപടി ഹൈക്കോടതി റദ്ദാക്കിയതിനെ തുടര്‍ന്ന് ഉപതെരഞ്ഞെടുപ്പ് മരവിപ്പിക്കുകയായിരുന്നു.


എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയതിന് പിന്നാലെ ഔദ്യോഗിക വസതി ഒഴിഞ്ഞു നല്‍കാന്‍ രാഹുല്‍ ഗാന്ധിക്ക് നിര്‍ദേശം. ഡല്‍ഹി തുഗ്ലക് ലൈനിലെ 12-ാം നമ്പര്‍ വീട് ഒഴിഞ്ഞു നല്‍കാന്‍ രാഹുലിന് ഒരു മാസം സമയം അനുവദിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K