30 May, 2023 04:49:29 PM


പുല്‍പ്പള്ളി സര്‍വീസ് സഹകരണ ബാങ്കിലെ വായ്പാ തട്ടിപ്പ് കേസിലെ പരാതിക്കാരൻ ജീവനൊടുക്കി



വയനാട്: വയനാട് പുല്‍പ്പള്ളി സര്‍വീസ് സഹകരണ ബാങ്ക് വായ്പാ തട്ടിപ്പ് കേസിലെ പരാതിക്കാരന്‍ വിഷം ഉള്ളില്‍ ചെന്ന് മരിച്ച നിലയില്‍. ചെമ്പകമൂല സ്വദേശി രാജേന്ദ്രനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

ബാങ്ക് രേഖാപ്രകാരം രാജേന്ദ്രന് 40 ലക്ഷം രൂപ കുടിശ്ശികയുണ്ട്. എന്നാല്‍ 80,000 രൂപ മാത്രമാണു താൻ വായ്പയെടുത്തതെന്നും, ബാക്കി തുക തൻ്റെ പേരില്‍ കോണ്‍ഗ്രസ് ഭരിക്കുന്ന ബാങ്ക് മുന്‍ ഭരണസമിതി തട്ടിയെടുത്തെന്നുമായിരുന്നു രാജേന്ദ്രൻ്റെ പരാതി. കേസ് ഹൈക്കോടതിയുടെ പരിഗണനയില്‍ ഇരിക്കെയാണ് രാജേന്ദ്രനെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്

2017ലാണ് രാജേന്ദ്രൻ കോടതിയിൽ പരാതി നൽകിയത്. 70 സെന്‍റ് സ്ഥലവും വീടും ഈട് വച്ചിരുന്നു. ഇതിൻ്റെ മറവിലാണ് കോണ്‍ഗ്രസ് ഭരണസമിതി രാജേന്ദ്രനെ കബളിപ്പിച്ച് തട്ടിപ്പ് നടത്തിയതെന്നാണ് ആരോപണം. വായ്പാ തട്ടിപ്പ് കേസില്‍ ഏഴ് മാസത്തോളം ജനകീയ സമിതിയുടെ നേതൃത്വത്തില്‍ ബാങ്കിന് മുന്നില്‍ സമരം നടത്തിയിരുന്നു. എന്നാൽ, കേസ് എടുത്തു എന്ന് പറഞ്ഞതല്ലാതെ രാജേന്ദ്രന് നീതി ലഭിച്ചില്ല.

73000 രൂപയുടെ കടബാധ്യതയാണ് ഇന്ന് 41 ലക്ഷത്തിലേക്ക് എത്തിനില്‍ക്കുന്നതെന്നും രാജേന്ദ്രന്‍റേത് ആത്മഹത്യയല്ല കൊലപാതകമാണെന്നും നാട്ടുകാർ ആരോപിച്ചു. സഹകരണ ബാങ്കിൻ്റെ വായ്പാ തട്ടിപ്പിൻ്റെ ഇരയാണ് രാജേന്ദ്രനെന്നും നാട്ടുകാർ പറയുന്നു.ബാങ്ക് ജപ്തി നടപടികളുമായി മുന്നോട്ടു പോയതോടെയാണ് ആത്മഹത്യയിലേക്ക് രാജേന്ദ്രൻ കടന്നതെന്നാണ് ബന്ധുക്കളും ആരോപിക്കുന്നത്.

അതേസമയം, രാജേന്ദ്രന് ജപ്തി നോട്ടീസ് അയച്ചിട്ടില്ലെന്ന് പുൽപ്പള്ളി സർവീസ് സഹകരണ ബാങ്ക് ഭരണ സമിതി വ്യക്തമാക്കി. 2016 ൽ അധികാരത്തിലിരുന്ന ഭരണ സമിതിക്കെതിരെയാണ് രാജേന്ദ്രൻ പരാതി നൽകിയത്. ഈ വിഷയത്തിൽ വിജിലൻസ് കേസെടുത്ത് ഭരണ സമിതി അംഗങ്ങൾ കുറ്റക്കാരണെന്ന് കണ്ടെത്തിയിരുന്നും ബാങ്ക് അധികൃതർ പറയുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K