21 July, 2023 03:34:50 PM


കുഞ്ഞിനെയെടുത്ത് യുവതി പുഴയിൽ ചാടിയ സംഭവം; ഭര്‍തൃവീട്ടുകാർ ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിച്ചതോടെ



വയനാട്: വയനാട്ടില്‍ ഗര്‍ഭിണിയായ യുവതി കുഞ്ഞുമായി പുഴയില്‍ ചാടി മരിച്ച സംഭവത്തില്‍ ഭര്‍തൃവീട്ടുകാര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം. ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിച്ചതോടെയാണ് ദർശന ആത്മഹത്യ ചെയ്തതെന്ന് മാതാപിതാക്കൾ ആരോപിച്ചു. 

മുമ്പ് രണ്ട് തവണ മകളെ ഭര്‍ത്താവ് നിര്‍ബന്ധിച്ച് ഗര്‍ഭഛിദ്രം നടത്തി. നാല് മാസം ഗര്‍ഭിണിയായിരിക്കെ വീണ്ടും അതിന് നിര്‍ബന്ധിച്ചതോടെയാണ് മകള്‍ ജീവനൊടുക്കിയത്. മകളുടെ ഭാവി കരുതിയാണ് ദർശന തിരികെ ഭർതൃവീട്ടിലേക്ക് പോയതെന്നും മാതാപിതാക്കൾ വെളിപ്പെടുത്തി.

ദര്‍ശന നിരന്തരം മാനസിക പീഡനത്തിന് ഇരയായെന്ന് കുടുംബം ആരോപിക്കുന്നു. ഇതിനു തെളിവായി ഭര്‍തൃപിതാവിന്‍റെ ഓഡിയോ റെക്കോഡും കുടുംബം പരസ്യപ്പെടുത്തി. ഭര്‍ത്താവ് വെണ്ണിയോട് സ്വദേശി ഓംപ്രകാശും പിതാവ് ഋഷഭരാജനും ദര്‍ശനയെ മർദിച്ചിരുന്നതായി സഹോദരി ആരോപിച്ചു.

ജൂലൈ 13നാണ് ദര്‍ശന വിഷം കഴിച്ച ശേഷം അഞ്ച് വയസ്സുകാരി മകൾക്കൊപ്പം വെണ്ണിയോട് പുഴയില്‍ ചാടിയത്. ദര്‍ശന പിറ്റേന്ന് ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്. മകളുടെ മൃതദേഹം നാലാം നാൾ പുഴയില്‍ നിന്ന് കണ്ടെടുക്കുകയായിരുന്നു. ദര്‍ശനയുടെ മരണത്തില്‍ അന്വേഷണമാവശ്യപ്പെട്ട് കുടുംബം ജില്ലാ കലക്ടര്‍ക്കും ജില്ല പൊലീസ് മേധാവിക്കും പരാതി നല്‍കിയിട്ടുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K