22 July, 2023 01:33:11 PM


കാസര്‍ഗോഡ് ഫ്യൂസ് ഊരാനെത്തിയ കെഎസ്ഇബി ജീവനക്കാരന് വീട്ടുടമയുടെ മര്‍ദനം



കാസര്‍ഗോഡ്: മൊഗ്രാല്‍ പുത്തൂരില്‍ വൈദ്യുതിബന്ധം വിച്ഛേദിക്കാനെത്തിയ കെ.എസ്.ഇ.ബി. ജീവനക്കാരന് വീട്ടുടമയുടെ മര്‍ദനം. കുമ്പള സെക്ഷനിലെ മസ്ദൂർ വർക്കർ പി.മുഹമ്മദ് ഷെരീഫിനാണ് മര്‍ദനമേറ്റത്. സംഭവത്തില്‍ ടൗണ്‍ പോലീസ് കേസെടുത്തു.

കെ.എസ്.ഇ.ബി കുമ്പള സെക്ഷനിലെ മൊഗ്രാല്‍ പുത്തൂരിലെ ശാസ്താ നഗറിലായിരുന്നു സംഭവം. ഉപഭോക്താവിന്‍റെ വീട്ടില്‍ ജൂലായ് 18-ന് പിഴയോടുകൂടി ബില്‍ അടയ്‌ക്കേണ്ട സമയം കഴിഞ്ഞിരുന്നു. ഇതേതുടര്‍ന്നാണ് കുമ്പള സെക്ഷനിലെ മസ്ദൂര്‍ വര്‍ക്കര്‍ ബദരിയ നഗറിലെ പി.മുഹമ്മദ് ഷെരീഫ് മറ്റൊരു വര്‍ക്കര്‍ക്കൊപ്പം വൈദ്യുതി വിച്ഛേദിക്കാനെത്തിയത്. ഇത് ചോദ്യം ചെയ്ത വീട്ടുടമ ജീവനക്കാരനെ മര്‍ദ്ദിക്കുകയായിരുന്നുവെന്നാണ് പരാതി. കൂടെയുണ്ടായിരുന്ന വര്‍ക്കറാണ് ബൈക്കില്‍ ഷെരീഫിനെ ആശുപത്രിയിലെത്തിച്ചത്.

കഴുത്തിനും നടുവിനും പരിക്കേറ്റ ഷെരീഫിനെ കുമ്പള സാമൂഹികാരോഗ്യ കേന്ദ്രത്തിലും പിന്നീട് ജനറല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു. വൈദ്യുതി വിച്ഛേദിക്കണമെന്ന കാര്യം പറഞ്ഞപ്പോള്‍ വീട്ടുടമ അസഭ്യം പറഞ്ഞെന്നും, ഇത് മൊബൈലില്‍ ചിത്രീകരിച്ചപ്പോള്‍ വീടിന്‍റെ വരാന്തയില്‍ നിന്നയാള്‍ ഓടിവന്ന് അടിക്കുകയായിരുന്നുവെന്നും ഷെരീഫ് പറഞ്ഞു.

അടിയുടെ ആഘാതത്തില്‍ പിന്നിലേക്ക് മലര്‍ന്നുവീഴുമ്പോള്‍ പിറകുവശം ഗേറ്റില്‍ ഇടിച്ചതായും, വീട്ടുകാര്‍ ഉള്‍പ്പെടെയുള്ളവരുടെ സാന്നിധ്യത്തിലായിരുന്നു അക്രമം നടന്നതെന്നും ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഷെരീഫ് പറഞ്ഞു. സംഭവത്തില്‍ കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K