24 July, 2023 03:15:37 PM


ബേക്കല്‍കോട്ട കണ്ടു മടങ്ങിയവര്‍ക്കു നേരെ സദാചാര ആക്രമണം; മൂന്നുപേർ പിടിയിൽ



കാസർഗോഡ്: കാസർഗോഡ് ബേക്കൽ കോട്ട സന്ദർശിച്ചു മടങ്ങിയ സംഘത്തെ തടഞ്ഞു വെച്ച് ചോദ്യം ചെയ്ത മൂന്നു പേരെ മേൽപ്പറമ്പ് പൊലീസ് പിടികൂടി. ഞായറാഴ്ച വൈകിട്ടോടെയാണ് സംഭവം. 

ഒരു സ്ത്രീയും മൂന്നു പുരുഷന്മാരും അടങ്ങുന്ന സംഘത്തെയാണ് പ്രദേശവാസികൾ തടഞ്ഞു വച്ചത്. കൂട്ടത്തിലൊരാളുടെ പിറന്നാൾ ആഘോഷത്തിന്‍റെ ഭാഗമായാണ് സംഘം ബേക്കൽ കോട്ടയിലെത്തിയത്. കോട്ടയിൽ നിന്ന് മടങ്ങും വഴി സംഘം വഴിയരികിലെ കടയിൽ കയറി ഭക്ഷണം കഴിച്ച് തിരിച്ചു പോകാൻ ശ്രമിക്കുന്നതിനിടെയാണ് സദാചാര പൊലീസ് വളഞ്ഞത്. 

വിവരമറിയിച്ചതിനെത്തുടർന്ന് പൊലീസ് സ്ഥലത്തെത്തി മൂന്നു പേരെ കസ്റ്റഡിയിലെടുത്തു. അബ്ദുൾ മൻസൂർ, അഫീക്ക്, മുഹമ്മദ് നിസാർഎന്നിവരാണ് അറസ്റ്റിലായത്. മൂവർക്കുമെതിരേ അന്യായമായി കൂട്ടം ചേരൽ, സ്ത്രീത്വത്തെ അപമാനിക്കൽ, മനപ്പൂർവം മുറിവേൽപ്പിക്കാൻ ശ്രമിക്കൽ, അന്യായമായി തടങ്കലിൽ വയ്ക്കൽ, അശ്ലീല ആംഗ്യങ്ങൾ, എന്നീ വകുപ്പുകൾ ചുമത്തി എഫ്ഐആർ രജിസ്റ്റർ ചെയ്തു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K