26 September, 2023 12:03:08 PM


കാസർഗോഡ് വാഹനാപകടത്തിൽ 5 പേർ മരിച്ച സംഭവം: ബസ് ഡ്രൈവർക്കെതിരെ കേസ്



കാസർഗോഡ് : പള്ളത്തടുക്കയിൽ സ്കൂൾ ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് 5 പേർ മരിച്ച സംഭവത്തിൽ ബസ് ഡ്രൈവർക്കെതിരെ കേസെടുത്തു. ബസ് ഡ്രൈവർ മുണ്ട്യത്തടുക്കയിലെ ജോൺ ഡീസൂസ (56) എന്നയാൾക്കെതിരെയാണ് ബതിയടുക്ക പൊലീസ് കേസെടുത്തത്. 

ഇയാളുടെ അശ്രദ്ധയും റോഡ് നിർമാണത്തിലെ അപാകതയുമാണ് അപകടത്തിനു കാരണമായതെന്നാണ് മോട്ടോർ വാഹന വകുപ്പിന്‍റെ കണ്ടെത്തൽ. കൂടാതെ പെർളയിൽ നിന്ന് ബതിയടുക്കയിലേക്ക് വരികയായിരുന്നു സ്കൂൾ ബസ് അമിതവേഗത്തിലായിരുന്നു എന്നും നാട്ടുകാർ പറഞ്ഞിരുന്നു.

ഇന്നലെ വൈകിട്ടോടെയാണ് അപകടമുണ്ടാവുന്നത്. ഓട്ടോയിൽ സഞ്ചരിച്ചവരാണ് അപകടത്തിൽ മരിച്ചത്. ഓട്ടോ ഡ്രൈവർ അബ്ദുൽ റൗഫ്, ബീഫാത്തിമ, നബീസ, ബിഫാത്തിമ മഗർ, ഉമ്മു ഹമീല എന്നിവരാണ് മരിച്ചത്. മരിച്ചവരിൽ 3 പേർ സഹോദരികളാണ്. ഓട്ടോറിക്ഷ പൂര്‍ണമായി തകര്‍ന്ന നിലയിലായിരുന്നു.

ഇട റോഡിൽ നിന്നും പ്രധാന റോഡിലേക്ക് കയറി വന്ന ഓട്ടോ വളവിൽ വച്ച് നിയന്ത്രണം വിട്ട സ്കൂൾ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. സ്‌കൂള്‍ ബസ് കുട്ടികളെ ഇറക്കി തിരിച്ചുവരുമ്പോഴാണ് അപകടമുണ്ടായത്. അതിനാല്‍ ബസ്സില്‍ കുട്ടികള്‍ ഉണ്ടായിരുന്നില്ല. 4 പേര്‍ സംഭവ സ്ഥലത്തുവച്ചും ഒരാള്‍ ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിന് ഇടയിലുമാണ് മരിച്ചത്.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K