16 August, 2023 07:14:04 PM


വരുംതലമുറ കുലംകുത്തികള്‍ ആകാതിരിക്കാന്‍ വിശ്വാസങ്ങളെ സംരക്ഷിക്കണം- തിരുവഞ്ചൂര്‍



കോട്ടയം:  മനുഷ്യനെ നന്മയിലേക്ക് നയിക്കുന്നത് അവന്‍റെ വിശ്വാസമാണെന്നും വരുംതലമുറ കുലംകുത്തികളാകാതിരിക്കാന്‍ വിശ്വാസപ്രമാണങ്ങളെ സംരക്ഷിക്കേണ്ടതാണെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം എൽ എ. നാടെങ്ങും വിനായകചതുര്‍ത്ഥി ആഘോഷിക്കുന്ന ഈ വേളയില്‍ ഗണപതി ഒരു മിത്താണെന്നും ഇതുപോലെയുളള ചിന്തകള്‍ സാങ്കല്‍പ്പികമാണെന്നുമുളള അഭിപ്രായപ്രകടനങ്ങള്‍ ഈ വിശ്വാസ പ്രമാണങ്ങളെ ചോദ്യം ചെയ്യുന്നതാണ്. ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം അവര്‍ക്ക് ഉള്‍ക്കൊളളാന്‍ കഴിയുന്നതിനപ്പുറമാണ്. ഓരോ വ്യക്തിക്കും സമൂഹത്തിനുമുളള വിശ്വാസപ്രമാണങ്ങളെ ചോദ്യം ചെയ്യാന്‍ ഭരണഘടനപോലും അനുവദിക്കുന്നില്ല. തിരുവഞ്ചൂർ രാധാകൃഷ്ണൻ ചൂണ്ടികാട്ടി.

കോട്ടയം നട്ടാശേരി സൂര്യകാലടി ഗണപതി ആസ്ഥാനത്ത് വിനായക ചതുര്‍ത്ഥി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ.  നാട്ടിലെ മുതുമുത്തശ്ശനായ നൂറ്റിരണ്ട് വയസ്സുളള മൂഴിക്കല്‍ രാമകൃഷ്ണപിളളയും പത്നി ദേവകിയമ്മയും ചേര്‍ന്ന്  ഭദ്രദീപം തെളിയിച്ചു. തന്ത്രി സൂര്യകാലടി സൂര്യന്‍ സുബ്രഹ്മണ്യന്‍ ഭട്ടതിരിപ്പാട് അധ്യക്ഷത വഹിച്ചു. 



വിനു ആര്‍ മോഹന്‍, ദിവ്യ സുജിത്, സാബു മാത്യു തുടങ്ങിയവ്ര‍ പങ്കെടുത്തു. എസ്എസ്എല്‍സി, പ്ലസ്ടു, ബിരുദം, ബിരുദാനന്തര ബിരുദ പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികള്‍ക്ക് എംഎല്‍എ പുരസ്കാരങ്ങള്‍  വിതരണം ചെയ്തു. തുടര്‍ന്ന് വിദ്യാസാഗര്‍ ഗുരുമൂര്‍ത്തിയുടെ പ്രഭാഷണവും അരുന്ധതിദേവിയുടെ ഭരതനാട്യവും ഡോ. ഹരിപ്രിയ നമ്പൂതിരിയുടെ  കഥകളി (പൂതനാമോക്ഷം) യും നടന്നു. കഥകളി അരങ്ങില്‍ 25 വര്‍ഷം പൂര്‍ത്തിയാക്കിയ ഡോ ഹരിപ്രിയ നമ്പൂതിരിക്ക് പ്രഥമ സൂര്യകാലടി കഥകളി പുരസ്കാരം തന്ത്രി സൂര്യന്‍ സുബ്രഹ്മണ്യന്‍ ഭട്ടതിരിപ്പാട് സമ്മാനിച്ചു.

വ്യാഴാഴ്ച രണ്ടാം ദിവസം

രണ്ടാം ഉത്സവദിനമായ വ്യാഴാഴ്ച രാവിലെ 6ന് ഗണപതിഹോമം, ചതുശ്ശുദ്ധി, ധാര, പഞ്ചവാദ്യം, പഞ്ചകം, 7ന് സഹസ്ര്കലശം - ബ്രഹ്മകലശപൂജ, 10ന് സഹസ്രകലശം - പരികലശപൂജ, വൈകിട്ട് 6ന് അധിവാസഹോമം, കലശാധിവാസം, രുദ്രവീണ ഭക്തിഗാനമേള മ്യൂസിക്കല്‍ ബാന്‍ഡ് (ഏറ്റുമാനൂരപ്പന്‍ കോളേജ്), 7.30ന് സംഗീതാര്‍ച്ചന (സ്വരരാഗ സുധ മ്യൂസിക്കല്‍ സ്കൂള്‍, തിരുവല്ല) എന്നിവയാണ് പരിപാടികള്‍.





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K