14 September, 2023 04:28:44 PM


തമിഴ്‌നാട്ടില്‍ സ്ത്രീകളും ക്ഷേത്രപൂജാരിമാര്‍; ദ്രാവിഡ മാതൃകയെന്ന് മുഖ്യമന്ത്രി സ്റ്റാലിന്‍



ചെന്നൈ: സതാനന ധർമ വിവാദം കത്തിപ്പടരുന്നതിനിടെ ക്ഷേത്രത്തിൽ പൂജാരിമാരായി സ്ത്രീകളെ നിയമിക്കാനൊരുങ്ങി തമിഴ്നാട് സർക്കാർ. തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ആണ് ഇക്കാര്യം എക്സിലൂടെ വെളിപ്പെടുത്തിയത്. സ്ത്രീകൾ ബഹാരാകാശയാത്രികരും പൈലറ്റുമായി വിജയങ്ങൾ സ്വന്തമാക്കുമ്പോൾ പോലും അശുദ്ധമായി കണക്കാക്കപ്പെട്ടതിന്‍റെ പേരിൽ ദേവീക്ഷേത്രത്തിൽ പോലും സ്ത്രീകൾ പൂജാരികളായി എത്തിയിരുന്നില്ല. ഒടുവിൽ മാറ്റം എത്തിയിരിക്കുന്നു എന്ന് അദ്ദേഹം പറഞ്ഞു.

ദ്രവീഡിയൻ മാതൃകയിലുള്ള സംസ്ഥാന സർക്കാർ ജാതി വിവേചനം ഇല്ലാതെ പൂജാരിമാരെ നിയമിച്ചതിലൂടെ പെരിയാറിന്‍റെ ഹൃദയത്തിലെ മുള്ളിനെ എടുത്തു മാറ്റിയതു പോലെ ഇപ്പോൾ സ്ത്രീകളെയും ശ്രീകോവിലുകളിലേക്ക് എത്തിച്ച് ഉൾക്കൊള്ളലിന്‍റെയും സമത്വത്തിന്‍റെയും പുതിയൊരു കാലഘട്ടത്തിന് തുടക്കം കുറിക്കുകയാണെന്നാണ് സ്റ്റാലിൻ എക്സിൽ കുറിച്ചിരിക്കുന്നത്.

എസ്.കൃഷ്ണവേണി, എസ്. രമ്യ, രഞ്ജിത എന്നീ മൂന്നു സ്ത്രീകളാണ് പുരോഹിതരാകാനുള്ള പരിശീലനം പൂർത്തിയാക്കിയിരിക്കുന്നത്. തിരുച്ചിറപ്പള്ളിയിലെ ശ്രീരംഗത്തുള്ള ശ്രീ രംഗനാഥർ ക്ഷേത്രം നടത്തുന്ന അർച്ചകർ പരിശീലന സ്കൂളിലാണ് ഇവർക്ക് പരിശീലനം നൽകിയത്. ഒരു വർഷത്തിനുള്ളിൽ ശ്രീ വൈഷ്ണവ ക്ഷേത്രങ്ങളിൽ ഇവർ സഹപൂജാരിമാരായി നിയമിക്കപ്പെടും.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K