09 October, 2023 05:31:04 PM


ദുരന്തമേഖലയില്‍ സഹായത്തിന് ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്തിന്‍റെ സേന സജ്ജം

50 പേരടങ്ങുന്ന ദുരന്തനിവാരണ സേനക്ക് പരിശീലനം നല്‍കി



പാലക്കാട്‌ : ദുരന്ത മേഖലയില്‍ സഹായത്തിന് ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്തിന്‍റെ ദുരന്തനിവാരണ സേന സജ്ജമായി. ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്തിന്‍റെ 2023-24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ബ്ലോക്ക് പഞ്ചായത്തിന് കീഴില്‍ 50 അംഗങ്ങള്‍ ഉള്‍പ്പെടുന്ന ദുരന്തനിവാരണ സേനക്ക് രൂപം നല്‍കിയത്. സേനാംഗങ്ങള്‍ക്ക് ഏഴ് ദിവസങ്ങളിലായി വിയ്യൂര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സിവില്‍ ഡിഫന്‍സ് അക്കാദമിയില്‍ ഉള്‍പ്പെടെ പരിശീലനം നല്‍കി. പ്രളയ സാഹചര്യങ്ങളില്‍ അത്യാവശ്യമായി വേഗത്തില്‍ നിര്‍മ്മിക്കാവുന്ന റാഫ്റ്റ്, താത്കാലിക കയര്‍ പാലം ബര്‍മ്മ ബ്രിഡ്ജ്, ബോട്ടില്‍ ജാക്കറ്റ്, പ്രഥമ ശുശ്രൂഷ, സി.പി.ആര്‍, ബാന്‍ഡേജിങ്, ഫ്‌ലഡ് റെസ്‌ക്യൂ, എമര്‍ജന്‍സി റസ്‌ക്യൂ രീതികള്‍, വയര്‍ലെസ് കമ്മ്യൂണിക്കേഷന്‍, അടിസ്ഥാന അഗ്നിശമന പരിശീലന രീതികള്‍, എല്‍.പി.ജി സുരക്ഷാ ബോധവത്ക്കരണം എന്നിവയില്‍ വിദഗ്ധ പരിശീലനം നല്‍കി. പരിശീലനത്തിന് കേരള സിവില്‍ ഡിഫന്‍സ് അക്കാദമി ജില്ലാ ഫയര്‍ഫോഴ്‌സ് ഓഫീസര്‍ അരുണ്‍ ഭാസ്‌കര്‍, സ്റ്റേഷന്‍ ഓഫീസര്‍ രാകേഷ്, അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ നാസര്‍, ഫയര്‍ ഓഫീസര്‍മാരായ വി.എസ് സ്മിനേഷ് കുമാര്‍, ജോണ്‍ ബ്രിട്ടോ, റെനീഷ്, സന്ദീപ് എന്നിവര്‍ നേതൃത്വം നല്‍കി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K