03 November, 2023 03:11:21 PM


പട്ടാമ്പിയില്‍ യുവാവിനെ വെട്ടി കൊലപ്പെടുത്തി; കൃത്യത്തിന് പിന്നില്‍ സുഹൃത്തെന്ന് മരണമൊഴി



പാലക്കാട്: പട്ടാമ്പിയില്‍ യുവാവിനെ വെട്ടി കൊലപ്പെടുത്തി. പട്ടാമ്പി കൊണ്ടൂര്‍ക്കര സ്വദേശി പറമ്പില്‍ അന്‍സറാണ് കൊല്ലപ്പെട്ടത്. ഇന്നലെ വൈകുന്നേരമാണ് സംഭവം നടക്കുന്നത്. കാറിലെത്തിയ സംഘം വെട്ടിക്കൊലപ്പെടുത്തിയതായാണ് പ്രാഥമിക വിവരം. പട്ടാമ്പി തൃത്താല റോഡില്‍ കരിമ്പനക്കടവ് ബിവറേജസിന് സമീപമായിരുന്നു സംഭവം.

കഴുത്തില്‍ മുറിവേറ്റ് ചോരയൊലിക്കുന്ന നിലയില്‍ അന്‍സര്‍ റോഡിലിറങ്ങി നിന്ന് സഹായം അഭ്യര്‍ത്ഥിക്കുകയായിരുന്നു. ഇതുവഴി ഇരുചക്ര വാഹനത്തില്‍ വന്ന തൃത്താല സ്വദേശി അന്‍സറിനെ വാഹനത്തില്‍ കയറ്റി പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയിലെത്തിക്കുകയായിരുന്നു.

തന്റെ സുഹൃത്താണ് കൊലപ്പെടുത്താന്‍ ശ്രമിച്ചതെന്ന് അന്‍സര്‍ ആശുപത്രി അധികൃതരെ അറിയിച്ചിരുന്നു. അന്‍സറിന് വെട്ടേറ്റതിന് സമീപം രക്തക്കറ ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് പ്രദേശത്ത് പൊലീസ് നടത്തിയ പരിശോധനയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ ഒരു കാര്‍ കണ്ടെത്തി.

കാറിനുള്ളില്‍ നിന്ന് കത്തിയുടെ ഉറയും കണ്ടെത്തിയതിനെ തുടര്‍ന്ന് പൊലീസ് ആശുപത്രികള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തുവന്നത്. കൊലപാതകത്തിന് പിന്നില്‍ ആരാണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K