26 October, 2023 12:15:12 PM


പാലക്കാട് കള്ളന്‍റെ മനസ്സലിഞ്ഞു; വീടിന് പിന്നിൽ അരലക്ഷം രൂപയും ക്ഷമാപണ കത്തും



പാലക്കാട്:  മൂന്ന് വയസുകാരിയുടെ ഒന്നേകാല്‍ പവന്‍റെ മാല മോഷ്ടിച്ച് കടന്നു കളഞ്ഞ കള്ളന് ഒടുവിൽ മനസ്സലിഞ്ഞു. ക്ഷമാപണ കുറിപ്പും മാല വിറ്റുകിട്ടിയ 52,500 രൂപയും വീടിനു പിറകിലെ വര്‍ക്ക് ഏരിയയില്‍ വച്ച് ശേഷം കള്ളന്‍ സ്ഥലം വിട്ടു. പാലക്കാട് കുമരനെല്ലൂരില്‍ ആണ് അപ്രതീക്ഷിത ട്വിസ്റ്റ് എന്ന് പറയാവുന്ന സംഭവം.

മോഷണത്തിന് ശേഷം മനസമാധാനം ഇല്ലെന്നായിരുന്നു കള്ളന്‍ കത്തില്‍ എഴുതിയിരുന്നത്‌. കുമരനെല്ലൂര്‍ എജെബി സ്‌കൂളിന് സമീപം താമസിക്കുന്ന മുണ്ട്രേട്ട് കുഞ്ഞാന്‍റെ ചെറുമകള്‍ ഹവ്വയുടെ ഒന്നേ കാല്‍ പവന്റെ സ്വര്‍ണ മാല കഴിഞ്ഞ 19നാണ് നഷ്ടമാകുന്നത്. കുട്ടിയെ രാവിലെ കുളിപ്പിച്ച് വസ്ത്രം മാറ്റുമ്പോഴെല്ലാം മാല കഴുത്തിലുണ്ടായിരുന്നതായി വീട്ടുകാര്‍ പറഞ്ഞു. 

റോഡരികിലാണ് ഇവരുടെ വീട്. മാല നഷ്ടപ്പെട്ടതിന് പിന്നലെ വീട്ടുകാര്‍ തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് രണ്ട് ദിവസത്തിന് ശേഷമാണ് ക്ഷമാപണ കുറിപ്പും പണവും കണ്ടെത്തുന്നത്. മാല എടുത്ത് വിറ്റെന്നും നിങ്ങള്‍ തിരയുന്നത് കണ്ട ശേഷം മനസമാധാനം നഷ്ടമായെന്നും മാല വിറ്റു കിട്ടിയ മുഴുവന്‍ തുകയും ഇതോടൊപ്പം വയ്ക്കുന്നതായും മനസ്സറിഞ്ഞ് ക്ഷമിക്കണമെന്നും കത്തില്‍ മോഷ്ടാവ് എഴുതി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K