10 November, 2023 10:49:08 AM
അട്ടപ്പാടിയില്‍ ആശുപത്രിയില്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന്‍റെ മിന്നല്‍ പരിശോധന
പാലക്കാട്: അട്ടപ്പാടിയില്‍ ആശുപത്രിയില്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന്‍റെ മിന്നല്‍ പരിശോധന. ഇന്ന് രാവിലെ 6.30ന് മന്ത്രി കോട്ടത്തറ ട്രൈബല്‍ സ്പെഷ്യാലിറ്റി ആശുപത്രിയില്‍ എത്തി. കുട്ടികളുടെ ഐ.സി.യു.വിലാണ് ആദ്യം എത്തിയത്. കഴിഞ്ഞ ആഴ്ച കോട്ടത്തറയിലെ നാട്ടക്കല്ലൂരില്‍ 10 ദിവസം മാത്രം പ്രായമുള്ള കുഞ്ഞ് കോയമ്പത്തൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരിച്ചിരുന്നു.
കോട്ടത്തറ ട്രൈബല്‍ സ്പെഷ്യാലിറ്റി ആശുപത്രിയില്‍ ഒക്‌ടോബര്‍ 22ന് ജനിച്ച മീനാക്ഷി-ശ്രീനാഥ് ദമ്പതികളുടെ പെണ്‍കുഞ്ഞിനെ അനക്കമില്ലാതായതിനെ തുടര്‍ന്ന് അതേ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് അന്നുതന്നെ കുഞ്ഞിനെ വിദഗ്ധ ചികിത്സയ്ക്കായി കോയമ്പത്തൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
അട്ടപ്പാടിയില്‍ ഈ വര്‍ഷം രണ്ട് നവജാത ശിശുക്കളും നാല് ഗര്‍ഭസ്ഥ ശിശുക്കളും മരിച്ചതായി ജില്ലാ ഭരണകൂട വൃത്തങ്ങള്‍ അറിയിച്ചു. കുഞ്ഞ് പിറക്കുമ്പോള്‍ ഭാരക്കുറവുണ്ടായിരുന്നു എന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.