24 October, 2023 09:11:15 AM


ഇന്ന് വിജയദശമി: അറിവിന്‍റെ ആദ്യാക്ഷരം കുറിച്ച് അക്ഷര മുറ്റത്തേക്ക് പിച്ചവെച്ചു കുരുന്നുകൾ



കോട്ടയം: വിജയദശമി പ്രമാണിച്ച് സംസ്ഥാനത്ത് ക്ഷേത്രങ്ങളിലും പ്രധാന എഴുത്തിനിരുത്ത് കേന്ദ്രങ്ങളിലും വൻ തിരക്കാണ് അനുഭവപ്പെടുന്നത്. നിരവധി കുരുന്നുകളാണ് ആദ്യാക്ഷരം കുറിച്ച്‌ അക്ഷര മുറ്റത്തേക്ക് കാല്‍ വയ്ക്കാൻ എത്തിയിട്ടുള്ളത്. 

എഴുത്തിനിരുത്തലിനോട് അനുബന്ധിച്ച്‌ വിപുലമായ ഒരുക്കങ്ങളാണ് കൊല്ലൂര്‍ മൂകാംബിക, ദക്ഷിണ മൂകാംബിക എന്നറിയപ്പെടുന്ന പനച്ചിക്കാട് ദേവീ ക്ഷേത്രം, ചോറ്റാനിക്കര ദേവീക്ഷേത്രം, തിരൂര്‍ തുഞ്ചൻ പറമ്പ്, ആവണംകോട് സരസ്വതി ക്ഷേത്രം തുടങ്ങിയ സ്ഥലങ്ങളിലെല്ലാം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

തുഞ്ചൻപറമ്ബില്‍ രാവിലെ 4.30 മുതല്‍ എഴുത്തിനിരുത്തല്‍ ചടങ്ങുകള്‍ ആരംഭിച്ചു. 50 ആചാര്യന്മാര്‍ ആണ് കുരുന്നുകള്‍ക്ക് ഹരിശ്രീ കുറിക്കുന്നത്. കോട്ടയം പനച്ചിക്കാട് ദക്ഷിണ മൂകാംബി ക്ഷേത്രത്തില്‍ പുലര്‍ച്ചെ നാലു മണിക്ക് വിദ്യാരംഭ ചടങ്ങുകള്‍ തുടങ്ങി. മുപ്പത്തി അഞ്ച് ആചാര്യൻമാരാണ് കുഞ്ഞുങ്ങളെ ആദ്യാക്ഷരം എഴുതിക്കുന്നത്.

ശങ്കരാചാര്യരെ എഴുത്തിനിരുത്തിയ നെടുമ്പാശ്ശേരി ആവണംകോഡ് സരസ്വതി ക്ഷേത്രത്തിലും വൻ തിരക്കാണ് അനുഭവപ്പെടുന്നത്. ചോറ്റാനിക്കര ദേവീക്ഷേത്രത്തിലും വിദ്യാരംഭത്തിനായി പതിനായിരങ്ങളാണ് രാവിലെ തന്നെ എത്തിച്ചേര്‍ന്നിട്ടുള്ളത്. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K