08 November, 2023 04:13:30 PM


കല്‍പ്പാത്തി ദേശീയ സംഗീതോത്സവം നാളെ മുതല്‍: സമാപനം 13ന്

സംഗീത പ്രതിഭകളുടെ കച്ചേരി അരങ്ങേറും



പാലക്കാട്: കല്‍പ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ സംഘടിപ്പിക്കുന്ന ദേശീയ സംഗീതോത്സവം നാളെ മുതല്‍ 13 വരെ ചാത്തപുരം മണി അയ്യര്‍ റോഡില്‍ പ്രത്യേകം സജ്ജീകരിച്ച പത്മഭൂഷന്‍ അവാര്‍ഡ് ജേതാവ് സംഗീത കലാ ആചാര്യ പി.എസ് നാരായണസ്വാമി നഗര്‍ വേദിയില്‍ നടക്കും. നവംബര്‍ ഒന്‍പതിന്  വൈകിട്ട് ആറിന് മന്ത്രി കെ. കൃഷ്ണന്‍കുട്ടി ഉദ്ഘാടനം ചെയ്യും. ഷാഫി പറമ്പില്‍ എം.എല്‍.എ അധ്യക്ഷനാകും. നവംബര്‍ 13 ന് നടക്കുന്ന സമാപന പരിപാടി വൈകിട്ട് ആറിന് വി.കെ ശ്രീകണ്ഠന്‍ എം.പി ഉദ്ഘാടനം ചെയ്യും. എ. പ്രഭാകരന്‍ എം.എല്‍.എ അധ്യക്ഷനാകും. 

സംഗീത പ്രതിഭകളുടെ കച്ചേരി അരങ്ങേറും

ഉദ്ഘാടന ദിനമായ നാളെ  പുരന്തരദാസര്‍ ദിനമായി ആഘോഷിക്കുന്നു. വൈകിട്ട് ഏഴിന് നടക്കുന്ന ജി. ബേബി ശ്രീറാമിന്‍റെ സംഗീത കച്ചേരിക്ക് സുനിത ഹരിശങ്കര്‍, പാലക്കാട് എ.എം ഹരിനാരായണന്‍, ഉടുപ്പി ശ്രീകാന്ത് എന്നിവര്‍ പക്കമേളമൊരുക്കും. നവംബര്‍ പത്തിന് മുത്തുസ്വാമി ദീക്ഷിതര്‍ ദിനമായി ആഘോഷിക്കുന്നു. വൈകിട്ട് അഞ്ചിന് പാലക്കാട് ചെമ്പൈ സ്മാരക ഗവ സംഗീത കോളെജിലെ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിക്കുന്ന സംഗീത കച്ചേരിയുണ്ടാകും.

ഏഴിന് എസ്. സാകേതരാമന്‍റെ സംഗീത കച്ചേരിക്ക് ഇടപ്പള്ളി അജിത് കുമാര്‍, ചേര്‍ത്തല ആര്‍. ആനന്ദകൃഷ്ണന്‍, ഉടുപ്പി ശ്രീധര്‍ എന്നിവര്‍ പക്കമേളമൊരുക്കും. നവംബര്‍ 11 ന് സ്വാതിതിരുന്നാള്‍ ദിനമായി ആചരിക്കും. വൈകിട്ട് അഞ്ചിന് ചിറ്റൂര്‍ ഗവ കോളെജിലെ സംഗീത വിഭാഗം വിദ്യാര്‍ത്ഥികളുടെ സംഗീത കച്ചേരിയുണ്ടാകും. ഏഴിന് വിവേക് മൂഴിക്കുളത്തിന്‍റെ സംഗീത കച്ചേരിക്ക് ആര്‍. സ്വാമിനാഥന്‍, ജെ. വൈദ്യനാഥന്‍, ഗോപാലകൃഷ്ണന്‍ എന്നിവര്‍ പക്കമേളമൊരുക്കും.

നവംബര്‍ 12 ന് ത്യാഗരാജ സ്വാമികള്‍ ദിനമായി ആഘോഷിക്കുന്നു. രാവിലെ 10.30 ന് ത്യാഗരാജ ആരാധന, പഞ്ചരത്‌ന കീര്‍ത്തനാലാപനം ഉണ്ടാകും. വൈകിട്ട് അഞ്ചിന് രവീന്ദ്രന്‍ അച്ഛാനത്തിന്റെ സംഗീത കച്ചേരിക്ക് കുമാരി അന്നപൂര്‍ണ്ണി ഗണേശന്‍, മാസ്റ്റര്‍ കാര്‍ത്തിക് വിശ്വനാഥന്‍ , നീതുല്‍ അരവിന്ദ് എന്നിവര്‍ പക്കമേളമൊരുക്കും. ഏഴിന് പ്രകാശ് ഉള്ള്യേരിയുടെ ഹാര്‍മോണിയം കച്ചേരിക്ക് ട്രിവാന്‍ഡ്രം എന്‍. സമ്പത്ത്, തഞ്ചാവൂര്‍ ഗോവിന്ദരാജന്‍ , പാലക്കാട് കെ.എസ് മഹേഷ് കുമാര്‍ എന്നിവര്‍ ചേര്‍ന്ന് പക്കമേളമൊരുക്കും. സമാപന ദിനമായ നവംബര്‍ 13 ന് ശ്യാമശാസ്ത്ര ദിനമായി ആഘോഷിക്കുന്നു. വൈകിട്ട് ആറിന് സമാപന സമ്മേളനം നടക്കും. വൈകിട്ട് ഏഴിന് പാലക്കാട് ആര്‍. രാമപ്രസാദിന്റെ സംഗീത കച്ചേരിക്ക് വിശ്വേഷ് ഈശ്വരന്‍, കെ.വി പ്രസാദ് , തൃപ്പൂണിത്തുറ രാധാകൃഷ്ണന്‍ എന്നിവര്‍ പക്കമേളമൊരുക്കും.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K