14 November, 2023 10:31:56 AM


'തന്ത്രി'യെ വിശ്വസിച്ച് ക്ഷേത്രം പൊളിച്ചു: പണി പൂര്‍ത്തിയാക്കാന്‍ പറ്റാതെ വില്‍പ്പനക്കൊരുങ്ങി ഉടമ



കോട്ടയം: തട്ടിപ്പിനിരയായി ക്ഷേത്രം പൊളിച്ചു വെട്ടിലായി കോട്ടയം കുറുപ്പന്തറ ശനീശ്വര ക്ഷേത്രം ഭാരവാഹികൾ. ഹൈദരാബാദിലെ വിവിധ ക്ഷേത്രങ്ങളുടെ 'തന്ത്രി'യെന്ന പേരില്‍ പരിചയപ്പെടുത്തിയ ഒരു മലയാളിയുടെ വാഗ്ദാനത്തിൽ വീണാണ് ക്ഷേത്രം പുനർനിർമ്മിക്കാനായി പൊളിച്ചതെന്ന് മുഖ്യ കാര്യദർശി ആർഷശ്രീ ശിവമയി പറയുന്നു. എന്നാൽ തങ്ങൾ വഞ്ചിക്കപെടുകയായിരുന്നു എന്ന് അറിഞ്ഞപ്പോഴേക്കും നിയന്ത്രണാതീതമായി മാറി കാര്യങ്ങള്‍. പാതി വഴിയില്‍ എത്തിയ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ ഒരു വഴിയുമില്ലാതായതോടെ ക്ഷേത്രവും സ്ഥലവും വില്‍ക്കുന്നതിനെകുറിച്ചുള്ള ചിന്തയിലാണ് താനെന്നും ഇവർ പറയുന്നു.

2022 ഏപ്രിൽ മാസം 17 നായിരുന്നുവത്രേ സംഭവങ്ങളുടെ തുടക്കം. ഹൈദരാബാദിലെ വിവിധ ക്ഷേത്രങ്ങളുടെ തന്ത്രിയെന്ന് അവകാശപ്പെട്ട് കൊച്ചി സ്വദേശിയായ ആള്‍ ക്ഷേത്രത്തിൽ എത്തി. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന്‍റെ ഉടമയാണ് ഇയാളെ തനിക്ക് പരിചയപ്പെടുത്തി തന്നതെന്ന് ശിവമയി പറഞ്ഞു. എല്ലായിടവും കണ്ട ശേഷം ക്ഷേത്രം വിപുലമാക്കേണ്ടുന്ന ആവശ്യകതയെകുറിച്ച് ഇയാള്‍ സംസാരിച്ചു. പുനർനിർമ്മാണ ചിലവുകളൊക്കെ താൻ കണ്ടെത്താമെന്ന് ഇയാൾ നൽകിയ വാഗ്ദാനത്തിൽ താൻ വീഴുകയുമായിരുന്നുവെന്ന് ശിവമായി വിശദീകരിച്ചു.

ക്ഷേത്രം നല്ല രീതിയിൽ പണിത് പ്രതിഷ്ഠ നടത്താനാഗ്രഹിച്ചിരുന്ന ആർഷശ്രീ ശിവമയിയുടെ മുന്നില്‍ ഒരു ദൈവദൂതനെപോലെയാണ് ഇയാള്‍ പ്രത്യക്ഷപ്പെട്ടത്. ഇയാളെ ട്രസ്റ്റ് ചെയർമാനാക്കി നോട്ടീസ് അച്ചടിക്കുവാന്‍ വരെ ഇവര്‍ തയ്യാറായി. തുടര്‍ന്ന് കഴിഞ്ഞ ഏപ്രിൽ 28ന് കടുത്തുരുത്തി എംഎൽഎ മോന്‍സ് ജോസഫിന്‍റെയും ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റിന്‍റെയും സാന്നിധ്യത്തിൽ യോഗം ചേര്‍ന്നു. യോഗത്തിൽ ക്ഷേത്രത്തിന്‍റെ പുനർനിർമാണ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് ആറു മാസത്തിനകം പണികൾ പൂർത്തിയാക്കി പ്രതിഷ്ഠ നടത്തുമെന്ന് ഇയാള്‍ അറിയിച്ചു. അറുപതു ലക്ഷത്തോളം രൂപയുടെ നിർമാണ പ്രവർത്തികൾ നടത്തുവാൻ എസ്റ്റിമേറ്റ് എടുപ്പിക്കുകയും നിർമാണത്തിന്‍റെ മുഴുവൻ ചിലവും ഏറ്റെടുത്ത് ക്ഷേത്രം പൊളിക്കുകയും ചെയ്തു.

പല ഘട്ടങ്ങളായി നാലു ലക്ഷം രൂപക്കു മുകളില്‍ ക്ഷേത്രം ട്രസ്റ്റിന്‍റെ അക്കൗണ്ടിൽ നിക്ഷേപിച്ച ഇയാൾ വിശ്വാസം കൂടുതൽ ദൃഢമാക്കി. പൊളിച്ചു മാറ്റിയ ക്ഷേത്രത്തിന് സമീപമുള്ള ഷെഡിലാണ് ഇപ്പോള്‍ ശനിദേവനെയും നവഗ്രഹങ്ങളെയും പൂജക്കായി പ്രതിഷ്ഠിച്ചിരിക്കുന്നത്. കുറെ കഴിഞ്ഞപ്പോള്‍ 'തന്ത്രി' മുങ്ങി. നിർമ്മാണം തുടങ്ങിയ ശേഷം ക്ഷേത്രത്തിൽ വരുകയോ ഫോൺ എടുക്കുകയോ ചെയ്യാതായതോടെയാണ് തങ്ങള്‍ കബളിപ്പിക്കപ്പെട്ടുവെന്ന് മനസിലാക്കുന്നതെന്ന് ശിവമയിയും പറയുന്നു. ഇയാൾ കേരളത്തിലെ പല ക്ഷേത്രങ്ങളെയും സമാനമായ രീതിയിൽ കബളിപ്പിച്ചിട്ടുണ്ടെന്ന് പിന്നീട് അന്വേഷണത്തില്‍ അറിഞ്ഞെന്നും ഇവർ ആരോപിച്ചു.

ഇതിനിടെ തന്ത്രിയെന്ന് പരിചയപ്പെടുത്തിയ ആള്‍ക്കെതിരെ വഞ്ചനാകുറ്റം ആരോപിച്ച് പരാതിയുമായി ശിവമയി പോലീസ് സ്റ്റേഷനിലുമെത്തി. എന്നാല്‍ 'തന്ത്രി'യുമായുള്ള ഇടപാടുകള്‍ക്ക് ഒരു കരാറോ മറ്റെന്തെങ്കിലും രേഖയോ ഇല്ലാത്തതിനാല്‍ പോലീസ് കൈമലര്‍ത്തി. ഇതിനിടെ തന്ത്രിയുടെ ആളുകള്‍ എന്ന് പരിചയപ്പെടുത്തി ചിലര്‍ തന്നെ ഭീഷണിപ്പെടുത്തിയതായും ശിവമയി ആരോപിക്കുന്നു. 

സ്വന്തം പണവും ഭക്തരുടെ സഹായവും ചേര്‍ത്ത് പണികള്‍ തുടര്‍ന്നുവെങ്കിലും എങ്ങുമെത്തിയില്ല. ദേവി, നവഗ്രഹങ്ങള്‍, ഗണപതി, ശനി ദേവൻ ഇവര്‍ക്കുള്ള ശ്രീകോവിലുകളും തിടപ്പള്ളിയും പാതി പണി തീർത്തു. തേപ്പ് നടത്തി വാതിൽ, മേല്‍ക്കൂര തുടങ്ങിയുള്ള പണികളാണ് ഇനി ബാക്കി നില്‍ക്കുന്നത്. ഇതിനിടെ പല ഹൈന്ദവസംഘടനകളേയും നേതാക്കളെയും ഇവര്‍ സമീപിച്ചു. എന്നാല്‍ ആരും തന്നെ ക്ഷേത്രം ഏറ്റെടുക്കാനോ സഹായിക്കാനോ തയ്യാറായില്ലെന്ന് ശിവമയി പറയുന്നു.

നിര്‍മ്മാണത്തിന് പണം കണ്ടെത്താനാവാതെ വന്നതോടെയാണ് ക്ഷേത്രവും സ്വത്തുക്കളും വില്‍ക്കുന്നതിനെകുറിച്ച് ശിവമയി ചിന്തിക്കുന്നത്. ക്രൈസ്തവ സഭയ്ക്ക് കൈമാറാനുള്ള ആലോചനയും ഇതിനിടെ നടന്നു. പള്ളി അധികൃതരുമായി നടത്തിയ ചര്‍ച്ചയില്‍ സ്ഥലം വാങ്ങുന്ന കാര്യത്തില്‍ അനുകൂലമായ മറുപടിയാണ് ലഭിച്ചതെന്ന് ശിവമയി പറയുന്നു. അതേസമയം, ചര്‍ച്ചകള്‍ നടന്നുവെങ്കിലും തീരുമാനം അന്തിമമല്ലെന്നും ക്ഷേത്രം പൂര്‍ണമായോ അല്ലാതെയോ ഏറ്റെടുത്ത് മുന്നോട്ട് കൊണ്ടുപോകാന്‍ ഏതെങ്കിലും സംഘടനകളോ വ്യക്തികളോ തയ്യാറായാല്‍ താന്‍ സഹകരിക്കുമെന്നും ശിവമയി പറയുന്നു. 




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.4K