21 January, 2025 08:54:34 PM


ആവശ്യപ്പെട്ട പണം നൽകിയില്ല; നഗരസഭാ ചെയർമാൻ ദ്രോഹിക്കുന്നു എന്ന് സ്വർണ വ്യാപാരി



പാലാ: വ്യാപാര സ്ഥാപനം അടച്ചുപൂട്ടിക്കുന്ന രീതിയിലുള്ള ദ്രോഹങ്ങളാൽ നഗരസഭ അധികൃതർ പൊറുതി മുട്ടിക്കുകയാണെന്ന ആരോപണവുമായി പ്രമുഖ സ്വർണ വ്യാപാരി രംഗത്ത്. അച്ചായൻസ് ഗോൾഡ് ഉടമ ടോണി വർക്കിച്ചനാണ് പാലാ നഗരസഭ ചെയർമാൻ  ഷാജു തുരുത്തനെതിരെ ഗുരുതര ആരോപണങ്ങളുന്നയിക്കുന്നത്.


വോളിബോൾ ടൂർണമെന്റിന്റെ സംഘാടന ചെലവുകളുടെ മറവിൽ രണ്ടുലക്ഷം രൂപ രേഖയില്ലാതെ ആവശ്യപ്പെട്ടപ്പോൾ അത് കൊടുക്കാൻ വിസമ്മതിച്ചതോടെയാണ് ചെയർമാൻ പ്രതികാര നടപടികൾ ആരംഭിച്ചതെന്ന് അച്ചായൻസ് ഗോൾഡ് ഉടമ ടോണി വർക്കിച്ചൻ പറയുന്നു. ഈ ആരോപണം ഉന്നയിച്ചശേഷം സ്ഥാപനത്തിനുള്ളിൽ അനധികൃതമായി പ്രവേശിച്ച് ജീവനക്കാരെ ഭീഷണിപ്പെടുത്തി അസഭ്യം പറയുകയും ചെയ്തുവത്രേ. മാത്രമല്ല അച്ചായൻസ് ഗോൾഡ് സ്ഥാപിച്ച ബോർഡ് കത്തി ഉപയോഗിച്ച് കുത്തിക്കീറുകയും ചെയ്തു.


പോലീസിൽ പരാതിപ്പെട്ട  വ്യാപാരിക്ക് പിന്നീട് കൂടുതൽ പ്രതിസന്ധികളെ നേരിടേണ്ടി വരികയാണ് ചെയ്തത്. നഗരസഭയിലെയും മറ്റ് വകുപ്പുകളിലെയും ഉദ്യോഗസ്ഥരെ അയച്ചുള്ള പരിശോധനകൾ പതിവായി. ടോണി വർക്കിച്ചൻ ഇന്നലെ പോലീസിൽ മൊഴി നൽകിയ പിന്നാലെ സ്ഥാപനത്തിന്റെ കച്ചവടം തടയുക എന്ന ലക്ഷ്യത്തോടെ ചെയർമാൻ പുതിയ നീക്കവുമായി രംഗത്തെത്തി. 


സ്ഥാപനത്തിന് മുന്നിലൂടെയുള്ള ഓട പൊളിക്കുകയും  സ്ലാബുകൾ എടുത്തു മാറ്റുകയും  ചെയ്തു. ഇതോടെ സ്ഥാപനത്തിലേക്ക് പ്രവേശിക്കാൻ പറ്റാതായി. വ്യാപാരസമുച്ചയത്തിലെ മറ്റ് കടകളെ ഒഴിവാക്കി അച്ചായൻസ് ഗോൾഡിന് മുന്നിലുള്ള ഭാഗം മാത്രം പൊളിച്ചു നീക്കിയത് ഗൂഡ ലക്ഷ്യത്തോടെയെന്നാണ് ആരോപണം. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും സമീപമുള്ള ഓടയിൽ നിന്ന് വമിക്കുന്ന രൂക്ഷമായ ദുർഗന്ധം വഴിയാത്ര പോലും ദുസഹമാക്കിയിരിക്കുകയാണെന്ന് നാട്ടുകാരും സാക്ഷ്യപ്പെടുത്തുന്നു. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K