26 April, 2025 10:08:17 PM


കാഴ്ചയിൽ കുഞ്ഞൻ, പ്രകടനത്തിൽ കേമൻ; മിനി ട്രാക്ടർ



കോട്ടയം: 1860 മി.മി പൊക്കം, 2550 മി.മി നീളം- വലിപ്പത്തിൽ കുഞ്ഞനെങ്കിലും പ്രകടനത്തിൽ അതിമിടുക്കനാണീ മിനി ട്രാക്ടർ. 15 ഹോഴ്‌സ് പവറുള്ള കാംകോയുടെ (കേരള ആഗ്രോ മെഷീനറി കോർപറേഷൻ) ശ്രീദേവ് 115 എന്ന മിനി ട്രാക്ടറാണ്  കാർഷിക എൻജിനീയറിംഗ് വിഭാഗത്തിന്റെ സ്റ്റാളിലെ ശ്രദ്ധേയ സാന്നിധ്യം. 863.5 സി.സി. എൻജിനാണിതിന്. 2,83,360 രൂപയാണ് വില. agrimachinery.nic.in എന്ന വെബ്‌സൈറ്റിലൂടെ സർക്കാർ സബ്സിഡിക്കായി അപേക്ഷിച്ച് മിതമായ നിരക്കിൽ സ്വന്തമാക്കാനാവും എന്നതാണ് മറ്റൊരു ആകർഷണം.
കാർഷിക എൻജിനീയറിംഗ് വിഭാഗത്തിന്റെ കാർഷിക യന്ത്രവൽക്കരണ ഉപപദ്ധതിയുടെ ഭാഗമായി അഗ്രിക്കൾച്ചറർ ഡ്രോൺ, പവർ വീഡർ എന്നീ കാർഷിക യന്ത്രങ്ങളുടെ പ്രദർശനമാണ് എന്റെ കേരളം പ്രദർശന വിപണനമേളയുടെ ഭാഗമായി നടക്കുന്നത്.
വ്യക്തികൾക്ക് 40 മുതൽ 60 ശതമാനം വരെയും  ഗ്രൂപ്പുകൾക്ക് 80 ശതമാനം വരെയും സബ്‌സിഡി ലഭിക്കുന്നു. കർഷക സബ്സിഡിയെപ്പറ്റിയുള്ള സംശയനിവാരണവും സജ്ജമാക്കിയിട്ടുണ്ട്. വിവിധതരം ഫുഡ് പ്രോസസ്സിംഗ് ഉപകരണങ്ങളായ തേങ്ങ ചിരകൽ യന്ത്രം , ഡീ-ഹസ്‌കിങ് മെഷീൻ എന്നിവയുടെ  പ്രദർശനവും ഇവിടെയുണ്ട്. ആധുനിക ജലസേചന സാങ്കേതിക വിദ്യാപ്രദർശനവും സ്റ്റാളിൽ സജ്ജമാക്കിയിട്ടുണ്ട്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K