02 February, 2026 07:59:47 PM


കുമിൾരോഗം വ്യാപകമാകുന്നു: ഏറ്റുമാനൂരിലെ നെൽകർഷകർ ആശങ്കയിൽ



ഏറ്റുമാനൂർ: ഏറ്റുമാനൂരിലെ പാടശേഖരങ്ങളിൽ നെല്ലിന് കുമിൾരോഗം വ്യാപകമാകുന്നു. 135 ഏക്കറോളം വരുന്ന തെള്ളകം, പേരൂർ പാടശേഖരങ്ങളിലും രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങി. കൃഷിവകുപ്പിൽ നിന്നും നിർദേശിച്ച മരുന്ന് അടിച്ചിട്ടും ഫലം കാണാതെ വന്നതോടെ കർഷകർ ഒന്നടങ്കം ആശങ്കയിലാണ്. 

40 ദിവസത്തിനുമേൽ പ്രായമുള്ള നെൽചെടികളിലാണ് രോഗബാധ കണ്ടുതുടങ്ങിയത്. ഇലകൾ മഞ്ഞ നിറത്തിലാകുകയായിരുന്നു. ചില ഭാഗങ്ങളിൽ അവിച്ചിൽ രോഗവുമായി ബന്ധപ്പെട്ട തരത്തിൽ കറുത്ത പുള്ളികളും കണ്ടെത്തിയിരുന്നു. വിവരം കർഷകർ കൃഷിഭവനിൽ ധരിപ്പിക്കുകയും ഉദ്യോഗസ്ഥരുടെ നിർദേശപ്രകാരം മരുന്നുകൾ പ്രയോഗിക്കുകയും ചെയ്തു. മരുന്ന് അടിച്ച് 10 ദിവസം കഴിഞ്ഞിട്ടും മാറ്റങ്ങൾ ഒന്നും കാണപ്പെട്ടില്ലെന്ന് കർഷകർ പറയുന്നു. 

ഇത്തരം സാഹചര്യങ്ങളിൽ കാർഷിക ഗവേഷണ കേന്ദ്രത്തിൽ നിന്ന് ശാസ്ത്രജ്ഞർ ഉൾപ്പെട്ട സംഘം പാടങ്ങളിൽ എത്തി പരിശോധന നടത്തി ആവശ്യമായ നടപടികൾ സ്വീകരിക്കുക പതിവാണ്. എന്നാൽ ഇതുവരെയും ഏറ്റുമാനൂരിൽ ഇത്തരമൊരു നീക്കം ഉണ്ടായിട്ടില്ല. 120 ദിവസം പ്രായമാകുമ്പോൾ വിളവെടുക്കേണ്ട ചെടികൾക്കാണ് രോഗം കണ്ടുതുടങ്ങിയിരിക്കുന്നത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K