19 June, 2025 09:11:07 PM
ജൈവ ഭക്ഷണം, ഇത് സുരക്ഷിത ഭക്ഷണം: മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ജൈവ കാർഷിക മേള

കോട്ടയം: കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സഹായത്തോടെ കൃഷി വകുപ്പ് നടപ്പാക്കുന്ന സുഭിക്ഷം സുരക്ഷിതം ഭാരതീയ പ്രകൃതി കൃഷി പദ്ധതിയുടെ ഭാഗമായി മാടപ്പള്ളി ബ്ലോക്കിലെ വിവിധ പഞ്ചായത്തുകളിലെ ജൈവ കർഷകർ ഉൽപ്പാദിപ്പിച്ച ഉൽപ്പന്നങ്ങൾ, മൂല്യ വർദ്ധിത ഉൽപ്പന്നങ്ങൾ, ജൈവ കാർഷിക ഉപാധികൾ എന്നിവയുടെ പ്രദർശനവും വിപണനവുമായ 'ജൈവം 2025'മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തിൽ വച്ച് അഡ്വ. ജോബ് മൈക്കിൾ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ.രാജു അദ്ധ്യക്ഷത വഹിച്ചു. ആത്മ കോട്ടയത്തിന്റെ ആഭിമുഖ്യത്തിൽ കർഷക ശാസ്ത്രജ്ഞ മുഖാമുഖം, സ്‌കൂൾ വിദ്യാർഥികൾക്ക് കാർഷിക ക്വിസ് മത്സരം എന്നിവയും ഇതോടൊപ്പം നടന്നു. നാടൻ ഭക്ഷ്യ വിഭവങ്ങളുടെ സ്റ്റാളുകളും മേളയിലെ പ്രധാന ആകർഷണമായി മാറി. മികച്ച ജൈവ കർഷകരെയും ചടങ്ങിൽ ആദരിച്ചു.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുനിത സുരേഷ്, വാകത്താനം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബെന്നി ഇളങ്കാവിൽ, ജില്ല പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ മഞ്ജു സുജിത്ത്, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ലൈസമ്മ ആന്റണി, ടി. രഞ്ജിത്ത്, സബിത ചെറിയാൻ, ജില്ലാ പഞ്ചായത്തംഗം സുധാ കുര്യൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ മാത്തുക്കുട്ടി പ്ലാത്താനം, അലക്‌സാണ്ടർ പ്രാക്കുഴി, വർഗീസ് ആന്റണി, വിനു ജോബ്, റ്റീനാമോൾ റോബി, സൈന തോമസ്, ബീന കുന്നത്ത്, ബിന്ദു ജോസഫ്, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ. വിനോദ്, ഡെപ്യൂട്ടി ഡയറക്ടർ റെജിമോൾ വി. തോമസ്, മാടപ്പള്ളി എ.ഡി.എ ഡോ. അനീന സൂസൻ സക്കറിയ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.