25 September, 2025 04:18:35 PM


അകലക്കുന്നം ഗ്രാമപഞ്ചായത്തിൽ മാതൃകാ കൃഷിഭവൻ ഒരുങ്ങി



കോട്ടയം: അകലക്കുന്നം ഗ്രാമപഞ്ചായത്തിൽ മാതൃകാ കൃഷിഭവന്റെ നിർമാണം പൂർത്തിയായി. ഗ്രാമപഞ്ചായത്തിന്റെ 2021 മുതലുള്ള പ്ലാൻ ഫണ്ടിൽ നിന്ന് 93 ലക്ഷം രൂപ വിനിയോഗിച്ചാണ് നിർമാണം പൂർത്തീകരിച്ചത്. നേരത്തെ കൃഷിഭവൻ പ്രവർത്തിച്ചിരുന്ന കെട്ടിടം  ഉപയോഗയോഗ്യമല്ലാതായതിനെത്തുടർന്നാണ് 348.39 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള ഇരുനില കെട്ടിടം നിർമിച്ചത്.

കൃഷി ഓഫീസറുടെ ഓഫീസ്, ഫ്രണ്ട് ഓഫീസ്, കോൺഫറൻസ് മുറി, ഡൈനിംഗ് മുറി, പ്ലാന്റ് ഹെൽത്ത് ക്ലിനിക്, റെക്കോർഡ് മുറി, രണ്ട് ശൗചാലയങ്ങൾ, വെയിറ്റിംഗ് ഏരിയ എന്നിവയാണ് ഇവിടെ സജ്ജീകരിച്ചിരിക്കുന്നത്. ജില്ലാ നിർമിതി കേന്ദ്രത്തിനായിരുന്നു നിർമാണച്ചുമതല.

താഴത്തെ നിലയിൽ പാർക്കിംഗിനും തൈകളും കാർഷികോപകരണങ്ങളും  സൂക്ഷിക്കുന്നതിനും സൗകര്യമുണ്ട്.  ചെടികളിലെ രോഗങ്ങളും കീടബാധയും നിയന്ത്രിക്കുന്നതിനുൾപ്പെടെ കർഷകരെ സഹായിക്കുന്നതിനായി പ്രത്യേക ക്ലിനിക്കുകൾ നടത്തുന്നതിന് കൃഷിവകുപ്പിൽനിന്ന് അനുമതി ലഭിച്ചിട്ടുണ്ട്.

ഒക്ടോബർ ആദ്യവാരം കാർഷിക വികസന കർഷകക്ഷേമ വകുപ്പ് മന്ത്രി പി. പ്രസാദ് കൃഷിഭവൻ ഉദ്ഘാടനം ചെയ്യുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സിന്ധു അനിൽകുമാറും വൈസ് പ്രസിഡൻറ് മാത്തുക്കുട്ടി ഞായറുകുളവും അറിയിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K