24 September, 2025 06:16:42 PM
കുറവിലങ്ങാട് കാർഷിക മേഖലയ്ക്ക് ഉണർവായി മൈക്രോ ഇറിഗേഷൻ പദ്ധതി വരുന്നു

കോട്ടയം: കാർഷിക മേഖലയിൽ പുത്തൻ ഉണർവിനായി ജലസേചനവകുപ്പു നടപ്പാക്കുന്ന മൈക്രോ ഇറിഗേഷൻ പദ്ധതിക്കു ജില്ലയിൽ തുടക്കം കുറിക്കുന്നു. മൈനർ ഇറിഗേഷൻ വകുപ്പുവഴി 2.15 കോടി രൂപ ചെലവിട്ടു കുറവിലങ്ങാട് ഗ്രാമപഞ്ചായത്തിലെ ജയ്ഗിരി വാർഡിലാണ് പദ്ധതി നടപ്പാക്കുന്നത്. കെ.എം. മാണി കമ്യൂണിറ്റി മൈക്രോ ഇറിഗേഷൻ എന്നു പേരിട്ട പദ്ധതിയുടെ നിർമാണോദ്ഘാടനം വെള്ളിയാഴ്ച (സെപ്റ്റംബർ 26) ഉച്ചയ്ക്കു രണ്ടുമണിക്കു കുറവിലങ്ങാട് കാളിയാർതോട്ടം ജംഗ്ഷനിൽ നടക്കുന്ന ചടങ്ങിൽ ജലവിഭവ വകുപ്പുമന്ത്രി റോഷി അഗസ്റ്റിൻ നിർവഹിക്കും. ചടങ്ങിൽ മോൻസ് ജോസഫ് എം.എൽ.എ. അധ്യക്ഷത വഹിക്കും.
കൃത്യമായ അളവിലുള്ള വെള്ളവും വളവും കൃത്യമായ ഇടവേളകളിൽ ചെടിയുടെ ചുവട്ടിൽ എത്തിക്കുന്ന ജലസേചന രീതിയാണ് മൈക്രോ (ഡ്രിപ്) ഇറിഗേഷൻ. കുറവിലങ്ങാട് കാളിയാർ തോട്ടം മേഖലയിലെ 47 കുടുംബങ്ങളുടെ ഉടമസ്ഥതയിലുള്ള 50 ഏക്കർ കൃഷിഭൂമിയിലെ സമ്മിശ്ര വിളകൾക്കാണ്
തുടക്കത്തിൽ സൂക്ഷ്മ ജലസേചനസൗകര്യം ലഭ്യമാക്കുന്നത്.
ചിറത്തടം പഞ്ചായത്ത് കുളത്തിൽനിന്ന് പമ്പ് ചെയുന്ന വെള്ളം കാളിയാർ തോട്ടം ഭാഗത്ത് സ്ഥാപിക്കുന്ന രണ്ട് ലക്ഷം ലിറ്റർ സംഭരണ ശേഷിയുള്ള ടാങ്കിൽ എത്തിച്ച് അവിടെ നിന്ന് കൃഷിയിടങ്ങളിലേക്ക് എത്തിക്കും. വേനൽക്കാലത്ത് ചിറത്തടം കുളത്തിലെ വെള്ളം കുറയുകയാണെങ്കിൽ, എംവിഐപി കനാൽ വിളയംകോട് ഡിസ്ട്രിബ്യൂട്ടറിയുടെ ജയ്ഗിരി ഭാഗത്ത് നിന്ന് തുറന്നുവിടുന്ന ജലം ഇവിടേയ്ക്ക് എത്തിക്കാനും പദ്ധതി ഇടുന്നു.