13 May, 2025 08:21:05 PM
വഞ്ചിയൂര്‍ കോടതിയില്‍ അഭിഭാഷകയെ മർദിച്ച സീനിയർ അഭിഭാഷകനെ സസ്പെന്‍ഡ് ചെയ്ത് ബാര്‍ അസോസിയേഷൻ

തിരുവനന്തപുരം: വഞ്ചിയൂർ കോടതിയിൽ ജൂനിയർ വനിതാ അഭിഭാഷകയെ അതിക്രൂരമായ മര്‍ദിച്ച സീനിയര്‍ അഭിഭാഷകനെ സസ്പെൻഡ് ചെയ്ത് ബാര്‍ അസോസിയേഷൻ. മര്‍ദനമേറ്റ അഭിഭാഷകയ്ക്ക് ഒപ്പമാണെന്ന് ബാര്‍ അസോസിയേഷൻ അറിയിച്ചു. നിയമപരമായ എല്ലാ സഹായവും യുവതിക്ക് നൽകുമെന്നും അസോസിയേഷൻ പറഞ്ഞു. ശ്യാമിലി ജസ്റ്റിൻ എന്ന അഭിഭാഷകയെ മര്‍ദിച്ച സംഭവത്തിലാണ് മുതിര്‍ന്ന അഭിഭാഷകൻ ബെയ്ലിന്‍ ദാസിനെ സസ്പെന്‍ഡ് ചെയ്‌തത്.
മുഖത്തിന് ഗുരുതര പരിക്കേറ്റ അഭിഭാഷക ജനറല്‍ ആശുപത്രിയില്‍ ചികിത്സതേടി. ഓഫീസിലെ ആഭ്യന്തര പ്രശ്നവുമായി ബന്ധപ്പെട്ട് സീനിയർ അഭിഭാഷകനെ കാണാൻ കാബിനില്‍ എത്തിയപ്പോഴാണ് മുഖത്തടിച്ചത്. അടിയില്‍ നിലത്ത് വീണെങ്കിലും ഏഴുന്നേല്‍പ്പിച്ച് വീണ്ടും പൊതിരെ തല്ലിയതോടെ താൻ തലകറങ്ങി വീഴുകയായിരുന്നെന്ന് ശ്യാമിലി പറഞ്ഞു.
ഈ അഭിഭാഷകൻ പെട്ടെന്ന് പ്രകോപിതനാകുന്നയാളാണെന്നും നേരത്തെയും മർദനമേറ്റിട്ടുണ്ടെന്നും ശ്യാമിലി മാധ്യമങ്ങളോട് പറഞ്ഞു. ദേഷ്യത്തില്‍ പ്രതികരിച്ചിട്ട് പെട്ടെന്ന് ഓഫീസില്‍ നിന്ന് ഇറങ്ങിപ്പോകും. മുഖത്തേക്ക് ഫയലുകള്‍ വലിച്ചെറിയും. എല്ലാവരുടെയും മുന്നില്‍ വച്ച് മർദിക്കും. പിന്നാലെ അതേ സാഹചര്യത്തില്‍ ക്ഷമ പറയും. ബെയ്ലിൻ ദാസിന്റെ പീഡനം സഹിക്കവയ്യാതെ ജൂനിയേഴ്സ് ഓഫീസില്‍ നിന്ന് പോയിട്ടുണ്ടെന്നും അവർ പറഞ്ഞു.