03 June, 2026 09:29:05 AM
മലപ്പുറത്ത് യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസിൽ ചട്ടം ലംഘിച്ച് ക്ഷേമ പെൻഷൻ വിതരണം

മലപ്പുറം: യുഡിഎഫ് തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസിൽ ക്ഷേമ പെൻഷൻ വിതരണം. മലപ്പുറം പുൽപറ്റ പഞ്ചായത്തിലെ കാരപറമ്പിലെ ഓഫീസിലാണ് ചട്ടം ലംഘിച്ച് ക്ഷേമ പെൻഷൻ വിതരണം ചെയ്തത്. പെൻഷൻ ഗുണഭോക്താക്കളെ യു.ഡി.എഫ് ഓഫീസിലേക്ക് വിളിച്ചു വരുത്തിയാണ് പണം നൽകിയത്. പഞ്ചായത്ത് പ്രസിഡന്റിന്റെ നേത്യത്വത്തിലായിരുന്നു പെൻഷൻ വിതരണം നടന്നത്. പെൻഷൻ വിതരണ ചുമതല പുൽപറ്റ സർവീസ് സഹകരണ ബാങ്കിന്.
ഇന്നലെ വൈകീട്ട് 7 മണിയോടെ കാരപറമ്പിൽ എത്താനായി പ്രദേശത്തെ കാരപറമ്പ് കൂട്ടം എന്ന വാട്സ്ആപ്പ് ഗ്രൂപ്പുകളിലേക്ക് സന്ദേശം അയക്കുകയും ഇതിന്റെ അടിസ്ഥാനത്തിൽ അൻപതോളം ആളുകൾ പാർട്ടി ഓഫീസിലേക്ക് മെയ് മാസത്തെ പെൻഷൻ കൈപ്പറ്റാനായി എത്തുകയുമായിരുന്നു. പെൻഷൻ നൽകുന്ന സ്റ്റാഫിന് സുഖമില്ലാത്തതിനാൽ വീടുകളിൽ എത്തിക്കാൻ സാധിക്കില്ലെന്നും അതുകൊണ്ടുതന്നെ എല്ലാവരും പാർട്ടി ഓഫീസിൽ എത്തി സഹകരിക്കണമെന്നും വാട്സാപ്പ് സന്ദേശത്തിൽ പറയുന്നു. ചിലർ എത്തി പെൻഷൻ വിതരണം തടസ്സപ്പെടുത്താൻ ശ്രമിക്കുന്നുണ്ടെങ്കിലും അതൊന്നും കാര്യമാക്കാതെ വിതരണം പൂർത്തിയാക്കുകയായിരുന്നു. യുഡിഎഫിന്റെയും മുസ്‌ലിം ലീഗിന്റെയും പഞ്ചായത്ത് ഭാരവാഹികളുടെ സാന്നിധ്യത്തിലായിരുന്നു പെൻഷൻ വിതരണം നടന്നത്.







