29 May, 2025 06:53:30 PM
തിരുവനന്തപുരത്ത് സ്കൂളിൽ ക്ലാസെടുക്കുന്നതിനിടെ അധ്യാപിക കുഴഞ്ഞുവീണ് മരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്ത് സ്കൂളിൽ ക്ലാസെടുക്കുന്നതിനിടെ അധ്യാപിക കുഴഞ്ഞുവീണ് മരിച്ചു. മാരായമുട്ടം സ്വദേശി വിനോദിനി (49) ആണ് മരിച്ചത്. ആനാവൂർ സ്കൂളിൽ കുട്ടികൾക്ക് ക്ലാസെടുക്കുന്നതിനിടെയാണ് സംഭവം.
പാറശ്ശാല ജിഎച്ച്എസ്എസിലെ ഗണിതശാസ്ത്ര അദ്ധ്യാപികയായ വിനോദിനി ലിറ്റിൽ കൈറ്റ്സ് പദ്ധതിയുടെ ഭാഗമായി കുട്ടികൾക്ക് കമ്പ്യൂട്ടർ പരിശീലനം നൽകുന്നതിനായാണ് ആനാവൂർ സ്കൂളിലെത്തിയത്. രാവിലെ 11 മണിയോടെ ക്ളാസ് മുറിയിൽ കുഴഞ്ഞു വീഴുകയായിരുന്നു.
സ്കൂളിലെ മറ്റ് അധ്യാപകരും സ്കൂൾ ജീവനക്കാരും ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ആശുപത്രിയിലെത്തും മുൻപ് അധ്യാപികയുടെ മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം നെയ്യാറ്റിൻകര ആശുപത്രി മോർച്ചറിയിൽ. നിയമപരമായ നടപടിക്രമങ്ങൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.