24 October, 2026 06:56:51 PM


എഡിജിപി എം ആർ അജിത് കുമാറിൻ്റെ സസ്പെൻഷൻ നീട്ടി



തിരുവനന്തപുരം: എഡിജിപി എംആര്‍ അജിത്കുമാറിന്റെ സസ്‌പെന്‍ഷന്‍ കാലാവധി 120 ദിവസത്തേക്ക് (4 മാസം) കൂടി നീട്ടി സര്‍ക്കാര്‍ ഉത്തരവിറക്കി. കേസ് അന്വേഷണം പുരോഗമിക്കുന്ന ഘട്ടത്തില്‍ അദ്ദേഹം സര്‍വീസില്‍ തിരിച്ചെത്തുന്നത് തെളിവുകള്‍ നശിപ്പിക്കാനും അന്വേഷണത്തെ ബാധിക്കാനും ഇടയാക്കുമെന്ന വിലയിരുത്തലിലാണ് നടപടി.

നേരത്തെ ആലപ്പുഴയില്‍ അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയന്റെ നവകേരള യാത്രയ്ക്കിടെ, പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ്-കെഎസ് യു പ്രവര്‍ത്തകരെ പോലീസ് ഉദ്യോഗസ്ഥര്‍ മര്‍ദിച്ചിരുന്നു. ഈ സംഭവത്തില്‍ ആരോപണവിധേയരായ ഉദ്യോഗസ്ഥരെ സംരക്ഷിക്കാന്‍ അജിത്കുമാര്‍ വഴിവിട്ട് ഇടപെട്ടതായി അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

ചില കീഴുദ്യോഗസ്ഥരെ ഉപയോഗിച്ച് കേസ് അന്വേഷണം അട്ടിമറിക്കാന്‍ അജിത്കുമാര്‍ ശ്രമിച്ചതായി എസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. ഈ കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ ചുമത്തിയ ആദ്യ മൂന്ന് മാസത്തെ സസ്‌പെന്‍ഷന്‍ കാലാവധിയാണ് ഇപ്പോള്‍ നാല് മാസത്തേക്ക് കൂടി നീട്ടിയിരിക്കുന്നത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 305