19 October, 2026 06:56:15 PM
കോൺഗ്രസ് നേതാക്കൾ പരസ്യ പ്രസ്താവന നടത്തി തലവേദന ഉണ്ടാക്കരുത്- സണ്ണി ജോസഫ്

തിരുവനന്തപുരം: വിവാദ പ്രസ്താവനകളിൽ നിന്ന് കോൺഗ്രസ് നേതാക്കൾ ഒഴിഞ്ഞുനിൽക്കണമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. വിവാദ പ്രസ്താവനകളിൽ നിന്ന് ഒഴിഞ്ഞുനിൽക്കാൻ എല്ലാവരും ബാധ്യസ്ഥരാണെന്നും അദ്ദേഹം പറഞ്ഞു. പൊതുവേദിയിൽ അഭിപ്രായങ്ങൾ പറയാം. പരസ്യ പ്രസ്താവന നടത്തി ആരും 'തലവേദന' ഉണ്ടാക്കരുത്. മാസപ്പടി കേസ് ഇല്ലാതാക്കാൻ ശ്രമിച്ചിട്ടില്ല. സർക്കാർ നിലപാടിൽ സിപിഎം ആണ് പെട്ടതെന്നും സണ്ണി ജോസഫ് കൂട്ടിച്ചേർത്തു.
'അഭിപ്രായങ്ങൾ പാർട്ടി വേദികളിൽ പറയാം. പരസ്യ പ്രതികരണങ്ങൾ ഭൂഷണമല്ല. അത് തുടരാൻ അനുവദിക്കില്ല. പാർട്ടിക്ക് അവമതിപ്പിക്കുണ്ടാക്കുന്ന പ്രസ്താവനകൾ നേതാക്കൾ നടത്തരുത്. വിവാദമുണ്ടാക്കാനുള്ള അവകാശം ആർക്കുമില്ല. പാർട്ടിയും സർക്കാരും കൈക്കൊള്ളുന്ന തീരുമാനങ്ങൾ അംഗീകരിക്കാൻ എല്ലാ നേതാക്കളും പ്രവർത്തകരും അംഗങ്ങളും ബാധ്യസ്ഥരാണ്. പാർട്ടി അച്ചടക്കം പാലിക്കണം. വിവാദപ്രസ്താവനകളിൽ നിന്ന് എല്ലാവരും മാറിനിൽക്കണം. അല്ലാത്തപക്ഷം ദേശീയനേതൃത്വത്തെ അറിയിക്കേണ്ടി വരും. എല്ലാവർക്കും ഇത് ബാധകമാണ്'- അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
അടൂർ പ്രകാശിന് മറുപടിയില്ല. വിവാദപ്രസ്താവനകൾ ഒഴിവാക്കാൻ നേതാക്കന്മാർ ബാധ്യസ്ഥരാണ്. നേതൃത്വം അത് ഇഷ്ടപ്പെടുന്നില്ല. അത് തടയേണ്ടത് എന്റെ ഉത്തരവാദിത്തമാണ്. പ്രതികരണം നേരിട്ട് അറിയിക്കും. അഭിപ്രായങ്ങൾ പറയാനുള്ള വേദികളുണ്ട്. പാർട്ടിക്ക് തലവേദനയാകുന്ന പ്രസ്താവനകൾ ആരും നടത്തരുത്. തുടർച്ചയായ പ്രസ്താവനകൾ പരിധി വിട്ടതുകൊണ്ടാണ് ഇപ്പോൾ ഇത്തരം നിർദേശം നൽകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.






