26 October, 2026 11:18:45 AM


ചേരാനല്ലൂർ അപകടം; കാർ ഉടമയായ ജഡ്ജിയെ പ്രതി ചേർത്തു



കൊച്ചി: ചേരാനല്ലൂര്‍ വാഹനാപകടം പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കും. മാഞ്ഞാലി സ്വദേശി ജയബാലകൃഷ്ണന്റെ മരണത്തിനിടയാക്കിയ വാഹനം ഓടിച്ച 17കാരന്റെ പിതാവായ ജഡ്ജിയെ കേസില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്. വാഹന ഉടമ കൂടിയാണ് ഇദ്ദേഹം.17കാരനെ കസ്റ്റഡിയിലെടുത്ത് ജാമ്യത്തിൽ വിട്ട നടപടിയിൽ വിമർശനം ശക്തമാകുന്നതിനിടെയാണ് ആർ സി ഓണർക്കെതിരെ കേസെടുത്തത്.

കേസിലെ വകുപ്പുകൾ മാറ്റിയെഴുതിയാണ് ജഡ്ജിക്കെതിരെ കേസെടുത്തത്. ആർസി ഓണർ പ്രതിയാകുന്ന രീതിയിൽ വകുപ്പ് ചുമത്തി കോടതിയിൽ റിപ്പോർട്ട് നൽകുകയായിരുന്നു. MV ആക്ട് 199(a) യാണ് ചുമത്തിയത്. പ്രായപൂർത്തിയാകാത്തയാൾ വാഹനം ഓടിച്ച് അപകടമുണ്ടാക്കിയാൽ ആർസി ഉടമയ്ക്കും, മാതാപിതാക്കൾക്കും എതിരെ ചുമത്തുന്ന വകുപ്പാണിത്.

വാഹന ഉടമയായ ജഡ്ജിയോട് വിശദീകരണം തേടി ഹൈക്കോടതി മെമ്മോ കെെമാറിയിട്ടുണ്ട്. ജുഡീഷ്യറിക്ക് അവമതിപ്പുണ്ടാക്കി എന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു. ജഡ്ജിയുടെ മറുപടി ലഭിച്ചശേഷമായിരിക്കും തുടർനടപടികളിലേക്ക് കടക്കുക. പ്രതി 104 കി.മീ വേഗതയില്‍ വാഹനം ഓടിക്കുന്നതിന്റെ ദൃശ്യം പൊലീസ് ശേഖരിച്ചു. സ്പീഡ് റീല്‍ ചിത്രീകരിക്കാനാണ് കുട്ടി വാഹനം എടുത്ത് ഇറങ്ങിയതെന്നാണ് വിവരം.

ഇന്നലെ രാത്രിയാണ് 17കാരനെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. എന്നാൽ മജിസ്ട്രേറ്റ് ജാമ്യം അനുവദിക്കുകയായിരുന്നു. കുട്ടിയെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടതിൽ ചേരനല്ലൂർ സ്റ്റേഷന് മുന്നിൽ, മരിച്ച ജയബാലകൃഷ്ണന്‍റെ കുടുംബവും നാട്ടുകാരും കുത്തിയിരുന്ന് പ്രതിഷേധിക്കുന്നതിനിടെയാണ് പൊലീസ് മാധ്യമങ്ങളെ കണ്ട് കസ്റ്റഡി വിവരം അറിയിച്ചതും പിന്നാലെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കിയതും. ഇന്നലെ പുലര്‍ച്ചെ രണ്ടരയോടെയാണ് ചേരാനല്ലൂര്‍ കണ്ടെയ്‌നര്‍ റോഡില്‍ പതിനേഴുകാരന്‍ ഓടിച്ച ബെന്‍സ് കാറിടിച്ച് മാഞ്ഞാലി സ്വദേശി ജയബാലകൃഷ്ണന്‍ മരിച്ചത്. അഡീഷണല്‍ ജഡ്ജിയുടെ മകന്‍ ആണ് ഇടിച്ച വാഹനം ഓടിച്ചത്. 17കാരനെ പൊലീസ് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടത് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല കടുത്ത അതൃപ്തി അറിയിച്ചതിന് പിന്നാലെയാണ് പൊലീസ് കടുത്ത നടപടയിലേക്ക് പോലും കടന്നത്. 17കാരനെതിരെ നരഹത്യവകുപ്പ് ചുമത്തുകയായിരുന്നു .



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 938