14 October, 2026 04:17:17 PM


കൊടുങ്ങല്ലൂരില്‍ 18കാരൻ ജീവനൊടുക്കിയ സംഭവം; സംസ്ഥാന ബാലാവകാശ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു



തൃശൂർ: കൊടുങ്ങല്ലൂർ എറിയാട് 18കാരൻ ജീവനൊടുക്കിയ സംഭവത്തിൽ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ സ്വമേധയാ കേസെടുത്തു. കുട്ടിയുടെ മരണത്തിൽ കൊടുങ്ങല്ലൂർ പോലീസിനെതിരെ ഗുരുതര ആരോപണങ്ങളുമായി പിതാവ് നൗഷാദ് രംഗത്തെത്തിയിരുന്നു. പ്രണയത്തിൻ്റെ പേരിൽ മകനെ കള്ളക്കേസിൽ കുടുക്കി ക്രൂരമായ ശാരീരിക, മാനസിക പീഡനങ്ങൾക്ക് ഇരയാക്കിയതാണ് ജീവനൊടുക്കുന്നതിലേക്ക് നയിച്ചതെന്നാണ് പിതാവിൻ്റെ ആരോപണം.

അനുജനെ പോലീസ് ഉപദ്രവിക്കുന്നത് സഹിക്കാനാവാതെ കുട്ടിയുടെ ജ്യേഷ്ഠൻ കുറ്റം ഏറ്റുപറഞ്ഞുവെന്നും മൂന്നു ദിവസത്തോളം കസ്റ്റഡിയിൽ വച്ച ശേഷമാണ് പ്രായപൂർത്തിയായ മകനെ കോടതിയിലും 18കാരനെ ജൂവനൈൽ ജസ്റ്റിസ് ബോർഡ് മുമ്പാകെയും ഹാജരാക്കിയതെന്ന് പിതാവ് സമൂഹമാധ്യമത്തിൽ പറയുന്നു. ഒബ്സർവേഷൻ ഹോമിൽ നിന്ന് പുറത്തിറങ്ങിയ കുട്ടി ജയിലിലായിരുന്ന ജ്യേഷ്ഠനെ സന്ദർശിച്ച് മടങ്ങിയ ശേഷമാണ് ജീവനൊടുക്കിയത് എന്നാണ് വാർത്ത. ഇത് സംബന്ധിച്ച മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് കമ്മിഷൻ സ്വമേധയാ കേസെടുത്തത്. തൃശൂർ ജില്ലാ പോലീസ് മേധാവി, ജില്ലാ ശിശു സംരക്ഷണ ഓഫീസർ എന്നിവരോട് കമ്മീഷൻ റിപ്പോർട്ട് ആവശ്യപ്പെട്ടു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 309