22 August, 2025 08:17:27 PM
കുറവിലങ്ങാട് ഗുണ്ടാ നേതാവ് ആയുധ നിയമപ്രകാരം അറസ്റ്റിൽ

കുറവിലങ്ങാട്: ഗുണ്ടാ നേതാവ് ആയുധ നിയമപ്രകാരം അറസ്റ്റിൽ. വൈക്കം ടി വി പുരം സ്വദേശി അഖിൽ ലങ്കോ (32) എന്നയാളാണ് കുറവിലങ്ങാട് പോലീസിന്റെ പിടിയിലായത്. 21-08-2025 തീയതി കുറവിലങ്ങാട് പോലീസ് പെട്രോളിങ് ഡ്യൂട്ടി നടത്തി വരവേ രാത്രി 08.45 മണിയോടെ കുറവിലങ്ങാട് ദേവമാത പള്ളിക്ക് സമീപം എത്തിയപ്പോൾ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയും ഗുണ്ടാ നേതാവുമായ ലെങ്കോ എന്ന് വിളിക്കുന്ന അഖിൽ കോഴ ഭാഗത്ത് ഒരു വീട്ടിൽ കൂട്ടാളികളുമായി ഒളിവിൽ താമസിക്കുന്നതായി വിവരം ലഭിക്കുകയും കുറവിലങ്ങാട് എസ് ഐ ശരണ്യ എസ് ദേവന്റെ നേതൃത്വത്തിൽ പോലീസ് സംഘം രാത്രി 9:15 മണിയോടെ നിർദിഷ്ട വീട് പരിശോധന നടത്തുകയും
1959 ലെ ആയുധ നിയമപ്രകാരം (Arms - Act 1959) നിരോധിത ആയുധങ്ങളോ വെടികോപ്പുകളോ കൈവശം വയ്ക്കുന്നതിനോ നിർമ്മിക്കുന്നതിനും വിൽക്കുന്നതിനോ പാടില്ല എന്നിരിക്കെ അതിനു വിരുദ്ധമായി പ്രതി വാടകയ്ക്ക് താമസിച്ചുവരുന്ന കുറവലങ്ങാട് കോഴ മൈലോളം തടത്തിൽ വീട്ടിൽ പ്രതിയുടെ ബെഡ്റൂമിലെ കട്ടിലിനടിയിൽ നിന്നും ഗാർഹികമോ കാർഷികമോ ആയ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതല്ലാത്ത ഇരുമ്പ് നിർമ്മിതമായ മൂർച്ചയേറിയ മാരകായുധമായ ഒരു വാളും ഒന്നര കിലോയോളം തൂക്കം വരുന്ന മാരകായുധമായി ഉപയോഗിക്കാവുന്ന ഒരു സ്റ്റീൽ പൈപ്പും ഒരു ടർക്കിയിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തുകയായിരുന്നു. ഇയാൾക്കെതിരെ ആയുധ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്ത് കോടതിയിൽ ഹാജരാക്കിയിട്ടുള്ളതാണ്.
വൈക്കം പോലീസ് സ്റ്റേഷൻ ആന്റി സോഷ്യൽ ലിസ്റ്റിൽ ഉൾപ്പെട്ട പ്രതി അഖിൽ ജില്ലയിലെ സംഘടിത കുറ്റവാളി സംഘത്തിന്റെ നേതാവുമാണ്. ഇയാൾക്കെതിരെ വൈക്കം പോലീസ് സ്റ്റേഷനിൽ മുപ്പതോളം ക്രിമിനൽ കേസുകളും, കൂടാതെ കോട്ടയം ഈസ്റ്റ്, തലയോലപ്പറമ്പ്, പാലാ, എറണാകുളം നോർത്ത്, പിറവം, മുഹമ്മ, നോർത്ത് പറവൂർ, ചേർത്തല എന്നീ സ്റ്റേഷനുകളിലും ക്രിമിനൽ കേസുകളിൽ പ്രതിയാണ്. 2017 ലും 2019 ലും കാപ്പ നിയമപ്രകാരം ജയിലിൽ അടയ്ക്കപ്പെട്ടിട്ടുള്ള ആളാണ് ലങ്കോ എന്നറിയപ്പെടുന്ന അഖിൽ.