12 October, 2025 07:52:32 PM
മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്തിലെ ഭിന്നശേഷി-ഓട്ടിസം തെറാപ്പി സെന്‍റർ ഉദ്ഘാടനം തിങ്കളാഴ്ച

കോട്ടയം: മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്തിലെ ഭിന്നശേഷി-ഓട്ടിസം തെറാപ്പി സെന്ററിന്റെ ഉദ്ഘാടനം ഒക്ടോബർ 13 (തിങ്കളാഴ്ച) ഉച്ചകഴിഞ്ഞ് രണ്ടിന് ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ഗവൺമെൻ്റ് ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് നിർവഹിക്കും. അഡ്വ. ജോബ് മൈക്കിൾ എം.എൽ.എ അധ്യക്ഷത വഹിക്കും. സെന്റ് സേവ്യഴ്സ് ഫെറോനാപ്പള്ളി വികാരി ഫാ. സെബാസ്റ്റ്യൻ പുന്നശ്ശേരി അനുഗ്രഹപ്രഭാഷണം നിർവഹിക്കും.
ബ്ലോക്കുതല ഭിന്നശേഷി കലാമേള രാവിലെ 10നും ഭിന്നശേഷി വിഭാഗത്തിൽപ്പെട്ടവരുടെ ഗാനമേളയും സമാപന സമ്മേളനവും സമ്മാനദാനവും ഉച്ചകഴിഞ്ഞ് മൂന്നിനും നടക്കും. ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിലുള്ള അഞ്ചു പഞ്ചായത്തുകളിലെ ഭിന്നശേഷി ഓട്ടിസം ബാധിച്ച 18 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സൗജന്യ തെറാപ്പി ലഭ്യമാക്കുന്നതിനാണ് ഓട്ടിസം പാർക്ക് തുറക്കുന്നത്. തെറാപ്പിസ്റ്റുകളുടെ വേതനം അടക്കം 40 ലക്ഷം രൂപ ഇതിനായി വകയിരുത്തിയിട്ടുണ്ട്. ബ്ലോക്ക് പഞ്ചായത്തിന്റെ പ്ലാൻ ഫണ്ടിൽ നിന്നും 20 ലക്ഷം രൂപയും ജില്ലാ പഞ്ചായത്തിൻ്റെ 10 ലക്ഷം രൂപയും അഞ്ചു പഞ്ചായത്തുകളുടെ 10 ലക്ഷം രൂപയും ഇതിൽ ഉൾപ്പെടുന്നു.
ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിലുള്ള ഭിന്നശേഷി ഓട്ടിസം ബാധിച്ച കുട്ടികളെ കണ്ടെത്തുവാനായി ജൂലൈ മാസം ഭിന്നശേഷി ക്യാമ്പ് സംഘടിപ്പിച്ചു. പങ്കെടുത്ത 60 കുട്ടികളിൽ നിന്നും 55 കുട്ടികൾക്കാണ് നിലവിൽ ഓട്ടിസം പാർക്കിന്റെ സേവനം സൗജന്യമായി ലഭിക്കുക.
ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന്റെ വളപ്പിലുള്ള ഒരു നില കെട്ടിടത്തിൽ നവീകരണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചാണ് അത്യാധുനിക സൗകര്യങ്ങളുള്ള ഓട്ടിസം പാർക്ക് സജ്ജീകരിച്ചിരിക്കുന്നത്. ഭിന്നശേഷി സൗഹൃദ റാംപ് ഉൾപ്പെടെയുള്ള കെട്ടിടത്തിൽ അഞ്ചു മുറികളിലായി ഫിസിയോതെറാപ്പി, സ്പീച്ച് തെറാപ്പി,സ്പെഷ്യൽ എജുക്കേഷൻ, മുൻകൂട്ടിയുള്ള രോഗ നിർണയം, എന്നിവയാണ് ഒരുക്കിയിരിക്കുന്നത്.
സ്പീച്ച് തെറാപ്പിസ്റ്റ്, സ്പെഷ്യൽ എജ്യുക്കേറ്റർ, സൈക്കോളജിസ്റ്റ്, രണ്ട് ഫിസിയോതെറാപ്പിസ്റ്റുകൾ എന്നിവരുടെ സേവനമാണ് ഓട്ടിസം പാർക്കിലുള്ളതെന്ന്മാ ടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് ശിശു വികസന ഓഫീസർ പ്രിയ പറഞ്ഞു.